അലഹബാദ്: 1955ലെ ഹിന്ദു വിവാഹ നിയമം അനുസരിച്ച് സാധുവായ വിവാഹത്തിന് ആചാരാനുഷ്ഠാനങ്ങളും ചടങ്ങുകളും അനിവാര്യമാണെന്ന് അലഹബാദ് ഹൈക്കോടതിയുടെ വിധി. ഇത്തരത്തിൽ നടന്ന വിവാഹങ്ങൾക്ക് മാത്രമേ നിയമസധുത ഉണ്ടാവുകയുള്ളൂ. ഹൈന്ദവ വിവാഹങ്ങൾ ആചാരപ്രകാരം അല്ലാതെയാണ് നടത്തുന്നതെങ്കിൽ നിയമത്തിന്റെ കണ്ണിൽ അത് വിവാഹം ആയി അംഗീകരിക്കാൻ ആവില്ലെന്നും കോടതി വ്യക്തമാക്കി.
നിയമപരമായി വിവാഹമോചനം നടത്താതെ ഭാര്യ മറ്റൊരു വിവാഹം കഴിച്ചു എന്ന് ചൂണ്ടിക്കാട്ടി ഒരു യുവാവ് നൽകിയ ഹർജിയെ തുടർന്നാണ് കോടതി ഹിന്ദു വിവാഹവുമായി സംബന്ധിച്ച് വ്യക്തത വരുത്തിയത്. വിവാഹം നടന്നതായി കണ്ടെത്തിയാൽ മാത്രം പോരാ, നിയമപരമായ വിവാഹം നടത്തുന്നതിന് ആവശ്യമായ ആചാരങ്ങളും അനുഷ്ഠാനങ്ങളും നടത്തേണ്ടതുണ്ട്. എന്നാൽ വ്യക്തമായ തെളിവുകളുടെ അഭാവത്തിൽ, പരാതിക്കാരൻ വാദിച്ച വിവാഹത്തിന്റെ ‘സപ്തപദി ചടങ്ങ്’ നടന്നതായി അനുമാനിക്കാനാവില്ല – കോടതി വ്യക്തമാക്കി.
ഹിന്ദു വിവാഹ ചടങ്ങിൽ വധുവും വരനും ചേർന്ന് വിശുദ്ധ അഗ്നിക്ക് (ഹവാൻ) ചുറ്റും ഏഴ് ചുവടുകൾ വയ്ക്കുന്ന ഒരു ആചാരമാണ് സപ്തപദി. ഈ യുവാവിന്റെ വിവാഹം ആചാര അനുഷ്ഠാനങ്ങൾ ഇല്ലാതെ നടത്തിയതിനാൽ അതിനെ ഹിന്ദു വിവാഹ ആക്ട് പ്രകാരം അംഗീകരിക്കാൻ ആവില്ലെന്നും വിവാഹമോചനത്തിന്റെ ആവശ്യമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. തുടർന്ന് കോടതി യുവാവ് നൽകിയ കേസ് റദ്ദാക്കുകയും ചെയ്തു.
2017 ലാണ് സത്യം സിംഗ് എന്ന യുവാവിന്റെ വിവാഹം സ്മൃതി സിംഗ് എന്ന യുവതിയുമായി നടക്കുന്നത്. എന്നാൽ ഹിന്ദു വിവാഹ നിയമപ്രകാരം ഉള്ള ആചാര അനുഷ്ഠാനങ്ങൾ പാലിച്ചായിരുന്നില്ല ഈ വിവാഹം. ഏതാനും നാളുകൾക്കു ശേഷം സ്മൃതി സിംഗ് ഭർതൃവീട് ഉപേക്ഷിച്ചു പോവുകയും സ്ത്രീധന പീഡനത്തിന്റെ പേരിൽ കേസ് നൽകുകയും ചെയ്തിരുന്നു. പിന്നീട് സ്മൃതി മറ്റൊരു വിവാഹം കഴിച്ചതോടെയാണ് മുൻ ഭർത്താവായിരുന്ന സത്യം സിംഗ് കോടതിയെ സമീപിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: