ന്യൂദൽഹി: ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാന് വിവാഹമോചനം അനുവദിച്ച് ദൽഹി കുടുംബ കോടതി. ഭാര്യ മാനസികമായി പീഡിപ്പിക്കുന്നു എന്ന ആരോപണം ഉന്നയിച്ചാണ് താരം കുടുംബകോടതിയെ സമീപിച്ചത്. വേര്‍പിരിഞ്ഞ് കഴിയുന്ന ഭാര്യ അയേഷ മുഖര്‍ജിയില്‍ നിന്ന് ക്രൂരതയും മാനസിക പീഡനങ്ങളും അനുഭവിച്ച ഹര്‍ജിക്കാരന് (ശിഖര്‍ ധവാന്‍) ഇവരില്‍ നിന്ന് വിവാഹമോചനത്തിന് അര്‍ഹതയുണ്ടെന്ന് കോടതി നിരീക്ഷിച്ചു.
ഭാര്യയ്‌ക്കെതിരായ വിവാഹമോചന ഹര്‍ജിയില്‍ ധവാന്‍ ഉന്നയിച്ച ആരോപണങ്ങള്‍ അയേഷ മുഖര്‍ജി എതിര്‍ക്കാതിരുന്നതോടെ കോടതി വിവാഹമോചനം അംഗീകരിക്കുകയായിരുന്നു. ഇരുകൂട്ടരും പരസ്പര സമ്മതത്തോടെ വിവാഹമോചനം നേടാൻ സമ്മതിച്ചുവെന്നും അവരുടെ ദാമ്പത്യം വളരെ കാലം മുൻപ് തന്നെ അവസാനിച്ചതാണെന്നും 2020 ഓഗസ്റ്റിന് ശേഷം ഇരുവും ഭാര്യാഭർത്താക്കന്മാരായി ജീവിച്ചിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു
വർഷങ്ങളോളം അയേഷ ഓസ്ട്രേലിയയിലാണ് താമസം. ഏക മകനോടൊപ്പം താമസിക്കാൻ ധവാനെ അയേഷ അനുവദിച്ചില്ല. ഇങ്ങനെ ധവാനെ മാനസികമായി വേദനിപ്പിച്ചതിന് ജഡ്ജി ഹരീഷ് കുമാർ അയേഷയെ കുറ്റപ്പെടുത്തി. മകനെ കാണാൻ പ്രത്യേക സമയം ധവാന് അനുവദിച്ചെങ്കിലും അദ്ദേഹത്തിനൊപ്പം കുട്ടിയെ വിടാൻ കോടതി വിസമ്മതിച്ചു. സ്‌കൂൾ അവധിക്കാലത്തിന്റെ പകുതി സമയം ധവാനും കുടുംബത്തിനുമൊപ്പം ചെലവഴിക്കാനായി കുട്ടിയെ ഭാരതത്തിലേക്ക് അയക്കണമെന്നും കോടതി ഉത്തരവിട്ടു.
2012-ലാണ് ധവാനും അയേഷയും വിവാഹിതരായത്. മെല്‍ബണില്‍ കിക്ക് ബോക്‌സറായിരുന്നു അയേഷ. ധവാനേക്കാള്‍ 12 വയസ് കൂടുതലുള്ള അയേഷയ്‌ക്ക് ആദ്യ വിവാഹത്തില്‍ രണ്ട് പെണ്‍കുട്ടികളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: