തൃശ്ശൂര്‍: ശശിയുടെ കുടുംബത്തിന് അടിയന്തര സഹായമായി കടം വീട്ടാന്‍ മൂന്ന് ലക്ഷം രൂപ നല്‍കുമെന്ന് സുരേഷ് ഗോപി. ശശിയുടെ വീട് ഇന്നലെ വൈകിട്ട് സുരേഷ് ഗോപി സന്ദര്‍ശിച്ചു. ശശിയുടെ അമ്മയ്ക്ക് ചികിത്സാ സഹായം ലഭ്യമാക്കും. മകളുടെ പേരിലുള്ള ചാരിറ്റബിള്‍ ട്രസ്റ്റാണ് സഹായം നല്‍കുക. ഹൃദയഭേദകമായ കാഴ്ചകളാണ് കരുവന്നൂരിലേതെന്ന് അദ്ദേഹം പറഞ്ഞു. എത്രയും പെട്ടെന്ന് നാട്ടുകാര്‍ക്ക് പണം തിരിച്ചു കൊടുക്കാന്‍ നടപടികളുണ്ടാകണം, അദ്ദേഹം ആവശ്യപ്പെട്ടു. ബിജെപി ജില്ലാ പ്രസിഡന്റ് കെ.കെ. അനീഷ്കുമാര്‍, ജന. സെക്രട്ടറി കെ.ആര് ഹരി എന്നിവരും സുരേഷ് ഗോപിക്കൊപ്പമുണ്ടായിരുന്നു.
കരുവന്നൂര്‍ സഹകരണ ബാങ്കില്‍ 14 ലക്ഷത്തിന്റെ നിക്ഷേപമുണ്ടായിട്ടും ചികിത്സയ്ക്ക് പണം ലഭിക്കാതെ ഭിന്നശേഷിക്കാരന് കരുവന്നൂര്‍ തേലപ്പിള്ളി സ്വദേശി കൊളങ്ങാട്ടുപറമ്പില്‍ ശശി (53) യാണ്ക ഴിഞ്ഞ ദിവസം മരണമടഞ്ഞത്. . പലവട്ടം അപേക്ഷയുമായി കയറിയിറങ്ങിയിട്ടും പണം കിട്ടിയില്ല. ഒടുവില്‍ ചികിത്സയ്ക്കു പണമില്ലാതെ ആശുപത്രി വിട്ട ഭിന്നശേഷിക്കാരന് മരണമടയുകയായിരുന്നു.
ശശിയുടെയും കുടുംബാംഗങ്ങളുടെയും പേരില്‍ കരുവന്നൂര്‍ ബാങ്കില്‍ 14 ലക്ഷം രൂപയുണ്ട്. ശശിക്ക് കൈക്കും കാലിനും സ്വാധീനമുണ്ടായിരുന്നില്ല. ഇതിന്റെ ചികിത്സ നടക്കുന്നതിനിടെയാണ് പെട്ടെന്ന് രക്തസമ്മര്‍ദം കൂടിയത്. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോള്‍ ഉടന്‍ ശസ്ത്രക്രിയ വേണമെന്ന് പറഞ്ഞു. ബാങ്ക് സെക്രട്ടറിയെ വിളിച്ച് പണം വേണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ 9000 രൂപ തരാനേ കഴിയൂവെന്നും മറ്റൊരു മാര്‍ഗവുമില്ലെന്നുമായിരുന്നു മറുപടി. വാര്‍ഡ് മെംബര്‍ ഇടപെട്ടപ്പോള്‍ ഒരു ലക്ഷം ലഭിച്ചു. മൂന്നു പ്രാവശ്യമായി ആകെ 1,90,000 രൂപയാണ് ഇതുവരെ ശശിയുടെ കുടുംബത്തിന് കിട്ടിയത്. അതും വാര്‍ഡ് മെംബറുടെ നേതൃത്വത്തില്‍ പല തവണ ചികിത്സാ രേഖകളുമായി ബാങ്കില്‍ കയറിയിറങ്ങിയ ശേഷം.
ഇതിനിടെ ചികിത്സച്ചെലവ് അഞ്ച് ലക്ഷത്തോളമായി. മൂന്ന് ലക്ഷം രൂപ പരിചയക്കാരില്‍ നിന്ന് കടംവാങ്ങി. ചികിത്സ തുടരാനുള്ള പണം കണ്ടെത്താനാകാതെ വന്നതോടെ ആശുപത്രിയില്‍ നിന്ന് പാലിയേറ്റീവ് കെയര്‍ സെന്ററിലേക്ക് മടങ്ങി. കഴിഞ്ഞ ദിവസം അസുഖം മൂര്‍ച്ഛിച്ച് മരിച്ചു. പ്രായമായ അമ്മയ്ക്കും ഇനി മുന്നോട്ടു പോകാന്‍ വേറെ മാര്‍ഗമില്ലെന്ന് മരിച്ച ശശിയുടെ സഹോദരി മിനി രാജു പറയുന്നു. അമ്മയും സഹോദരനും രോഗ ബാധിതരായതോടെയാണ് ഉണ്ടായിരുന്ന സ്ഥലം വിറ്റ് പണം ബാങ്കില്‍ നിക്ഷേപിച്ചത്. ബാങ്കില്‍ നിന്നു പലിശയിനത്തില്‍ ലഭിക്കുന്ന പണം കൊണ്ട് ജീവിക്കാമെന്നായിരുന്നു പ്രതീക്ഷ. അതാണ് ഈ അവസ്ഥയില്‍ അവസാനിച്ചത്. ശശിയുടെ അമ്മ തങ്ക എന്ന 77കാരിക്ക് തലയില്‍ രക്തം കട്ടപിടിക്കുന്ന രോഗമാണ്. ഇതിന്റെ ചികിത്സയ്ക്ക് മാത്രം മാസം 3000 രൂപ ചെലവാകും.
ഇതോടെ കരുവന്നൂര്‍ ബാങ്കില്‍ പണം നിക്ഷേപിച്ച് ചികിത്സയ്ക്ക് പോലും ഗതിയില്ലാതെ മരിച്ചവര്‍ മൂന്നായി. രണ്ട് പേര് കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം ആത്മഹത്യ ചെയ്തിരുന്നു. നൂറുകണക്കിന് പേര് ചികിത്സയ്ക്ക് പോലും പണമില്ലാതെ വലയുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: