ഹൈദരാബാദ്: തെലുങ്കാനയിലെ ഹൈദരാബാദില്‍ പുതുതായി ആരംഭിച്ച ലുലു മാളിന്റെ ഉദ്ഘാടനച്ചടങ്ങില്‍ ജനം മാളിലേക്ക് തള്ളിക്കയറിയപ്പോള്‍ നിയന്ത്രിക്കാന്‍ കഴിയാതെ പൊലീസും സുരക്ഷാജീവനക്കാരും. ഇതിനിടയില്‍ മോഷണവും സംഘർഷവും നടന്നു.
കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്ത കുക്കട്ട്പള്ളിയിലെ മാളിലാണ് നാടകീയമായ സംഭവങ്ങള്‍ നടന്നത്. ഹൈദരാബാദിലെ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന പ്രദേശമാണ് കുക്കട്ട്പള്ളി. ഇടിച്ചുകയറിയ ജനക്കൂട്ടം സൂപ്പർ മാർക്കറ്റ് വിഭാഗത്തിലേക്ക് ഇരച്ച് കയറുകയായിരുന്നു. ഉദ്ഘാടനത്തോട് അനുബന്ധിച്ച് വലിയ ഓഫറുകള്‍ പ്രഖ്യാപിച്ചതും ജനത്തിരക്കിന് കാരണമാണ്.
ആള്‍ക്കൂട്ടത്തിന്റെ മറ ഉപയോഗിച്ച് ചിലർ ഷെല്‍ഫുകളില്‍ നിന്നും മറ്റും സാധനങ്ങള്‍ എടുത്ത് പണം നല്‍കാതെ കഴിക്കുകയും ചെയ്തിരുന്നു. പാതി കഴിച്ച് ഉപേക്ഷിച്ച ഭക്ഷണ സാധനങ്ങളും മറ്റും ഷോപ്പിന് അകത്ത് തന്നെ ഉപേക്ഷിക്കുകയും ചെയ്തു. ഈ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
വലിയ തോതില്‍ മോഷണം നടന്നതായും റിപ്പോർട്ടുണ്ട്. ആളുകള്‍ കൂട്ടത്തോടെ എത്തിയതോടെ മാളിലെ എസ്കലേറ്ററുകളുടെ പ്രവർത്തനം പോലും തടസ്സപ്പെട്ടു. ഒരുകൂട്ടം ആളുകള്‍ മനപ്പൂർവ്വം പ്രശ്നം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു എത്തിയതെന്നാണ് ദൃക്സാക്ഷികളും സുരക്ഷാ ഉദ്യോഗസ്ഥരും പറയുന്നത്. പ്രത്യേകിച്ച് പാക്കേജുചെയ്ത സാധനങ്ങളും പാനീയങ്ങളും ഇവര്‍ പണം കൊടുക്കാതെ ഉപയോഗിക്കുകയായിരുന്നു.
ലുലു ഗ്രൂപ്പ് ഇന്‍റർനാഷണലിന്റെ തെലങ്കാനയിലെ ആദ്യ ഹൈപ്പർമാർക്കറ്റും മാളുമാണ് ഹൈദരാബാദിലേത്. ലുലു ഗ്രൂപ്പ് ചെയർമാൻ യൂസഫലി സാന്നിധ്യത്തിൽ തെലങ്കാന ഐ ടി, വ്യവസായ മന്ത്രി കെ ടി രാമറാവുവാണ് കഴിഞ്ഞ ബുധനാഴ്ച മാൾ ഉദ്ഘാടനം ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: