കരുനാഗപ്പള്ളി: സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും സേവനത്തിന്റെയും ത്യാഗത്തിന്റെയും മൂര്‍ത്തീഭാവമായ അമ്മ ഇന്ത്യയുടെ ആത്മീയ പാരമ്പര്യത്തിന്റെ വാഹകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മാതാ അമൃതാനന്ദമയീ ദേവിയുടെ 70-ാം ജന്മദിനാഘോഷ ചടങ്ങില്‍ വീഡിയോ സന്ദേശത്തിലൂടെ ആശംസ അര്‍പ്പിക്കുകയായിരുന്നു പ്രധാനമന്ത്രി.
ആരോഗ്യ മേഖലയോ വിദ്യാഭ്യാസ മേഖലയോ ആകട്ടെ, അമ്മയുടെ മാര്‍ഗനി
ര്ദേശത്തിന് കീഴിലുള്ള എല്ലാ സ്ഥാപനങ്ങളും മനുഷ്യ സേവനത്തിനും സാമൂഹിക ക്ഷേമത്തിനും പുതിയ ഉയരങ്ങള്‍ നല്കി. അമ്മയ്ക്ക് ലോകമെമ്പാടും അനുയായികളുണ്ട്, അവര്‍ എല്ലായ്പ്പോഴും ഭാരതത്തിന്റെ പ്രതിച്ഛായയും വിശ്വാസ്യതയും ശക്തിപ്പെടുത്തി. വികസനത്തോടുള്ള ഭാരതത്തിന്റെ മാനുഷിക കേന്ദ്രീകൃത സമീപനത്തിന്റെ പ്രതിഫലനമാണ് അമ്മ.
അമ്മയുമായി 30 വര്‍ഷത്തിലേറെയായുള്ള ബന്ധത്തെക്കുറിച്ചും പ്രധാനമന്ത്രി പരാമര്‍ശിച്ചു. കച്ചിലെ ഭൂകമ്പത്തിന് ശേഷം വളരെക്കാലം അമ്മയോടൊപ്പം പ്രവര്‍ത്തിച്ചു. അമ്മയുടെ അറുപതാം പിറന്നാള്‍ അമൃതപുരിയില്‍ ആഘോഷിച്ചത് അദ്ദേഹം ഓര്‍ത്തു. ഇന്നും അമ്മയുടെ ചിരിക്കുന്ന മുഖത്തിന്റെയും സ്നേഹനിര്‍ഭരമായ പ്രകൃതത്തിന്റെയും ഊഷ്മളത പഴയതുപോലെ തന്നെ തുടരുന്നു. കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ അമ്മയുടെ പ്രവര്‍ത്തനങ്ങളും ലോകത്തില്‍ ചെലുത്തിയ സ്വാധീനവും പലമടങ്ങ് വളര്‍ന്നുവെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, ഹരിയാനയിലെ ഫരീദാബാദില്‍ അമ്മയുടെ സാന്നിധ്യത്തില്‍ അമൃത ആശുപത്രി ഉദ്ഘാടനം ചെയ്തത് അനുസ്മരിച്ചു.
ഭാരതത്തിന്റെ നിയമ നിര്‍മാണസഭ ‘നാരീശക്തിവന്ദന്‍’ നിയമം പാസാക്കി. സ്ത്രീകള്‍ നയിക്കുന്ന വികസനം എന്ന സങ്കല്പവുമായി മുന്നോട്ടു പോകുന്ന ഭാരതത്തിന്റെ മുന്നില്‍ അമ്മയെപ്പോലുള്ള പ്രചോദനാത്മക വ്യക്തിത്വങ്ങളുണ്ട്. അമ്മയുടെ ഭക്തര്‍ ലോകമെമ്പാടും സമാധാനവും പുരോഗതിയും പ്രോത്സാഹിപ്പിക്കുന്നതിന് പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന് എനിക്ക് ഉറപ്പുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: