തൊടുപുഴ: സംസ്ഥാനത്ത് 122 ദിവസം നീണ്ട തെക്ക്- പടിഞ്ഞാറന്‍ മണ്‍സൂണില്‍ 34 ശതമാനം മഴ കുറഞ്ഞതായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.
മഴ ഏറ്റവും കുറഞ്ഞത് വയനാട്ടിലാണ്, 55 ശതമാനം. ആലപ്പുഴയിലും പത്തനംതിട്ടയിലും ശരാശരി മഴ കിട്ടി. ഇവിടങ്ങളില്‍ യഥാക്രമം 12, 13 ശതമാനം വീതമാണ് മഴ കുറഞ്ഞത്. ഇടുക്കി- 54, പാലക്കാട്- 42, തൃശൂര്‍- 40, കോഴിക്കോട്- 39, കോട്ടയം- 38, മലപ്പുറം- 32, എണാകുളം- 24, കണ്ണൂര്‍- 22, കാസര്‍കോട്- 20, തീരുവനന്തപുരം- 18, കൊല്ലം- 17 ശതമാനവും വീതം മഴ കുറഞ്ഞു.
സപ്തംബര്‍ ആദ്യം 48 ശതമാനമായിരുന്നു മഴക്കുറവ്. പിന്നീട് മഴ ശക്തമായതോടെയാണ് ഇത് 34ലേക്ക് കുറഞ്ഞത്. സപ്തംബറില്‍ സാധാരണ ലഭിക്കേണ്ടത് 25 സെ.മീ. മഴയാണ്. എന്നാല്‍ 41.11 സെ.മീ. മഴ ശരാശരി ലഭിച്ചു.
2018 മുതല്‍ ഏറ്റവും കൂടുതല്‍ മഴ ലഭിച്ച മാസമായിരുന്നു ആഗസ്ത്. എന്നാല്‍ ഈ ആഗസ്തില്‍ സംസ്ഥാനത്താകെ ശരാശരി ലഭിച്ചത് 6 സെ.മീ. മഴയാണ്. ശരാശരി 45 സെ.മീ. മഴ ലഭിക്കേണ്ട സ്ഥാനത്താണിത്. പിന്നീട് സപ്തംബറില്‍ മഴ തിരിച്ചെത്തിയതോടെയാണ് വൈദ്യുതി- കുടിവെള്ള പ്രശ്നങ്ങള്‍ താല്കാലികമായി കെട്ടടങ്ങിയത്. നേരത്തെ ജൂണില്‍ മഴക്കുറവ് 60 ശതമാനമായിരുന്നു. പിന്നീട് ജൂലൈയില്‍ മഴ ലഭിച്ചതോടെ ഇത് 35 ശതമാനമായി കുറഞ്ഞു. ജൂണില്‍ 27 സെ.മീ. മഴ ലഭിച്ചപ്പോള്‍ ജൂലൈയില്‍ 58.5 സെ.മീ. മഴയാണ് കിട്ടിയത്.
ജൂണ്‍ 1 മുതല്‍ സപ്തംബര്‍ 30 വരെയുള്ള ദിവസങ്ങളില്‍ ശരാശരിയോ അതില്‍ കൂടുതലോ മഴ കിട്ടിയത് 33 ദിവസമാണ്. ജൂണ്‍ ഒന്ന് മുതല്‍ ആഗസ്ത് 31 വരെ 13 ദിവസവും സപ്തംബറില്‍ 20 ദിവസവും ശരാശരി മഴ കിട്ടി. ജൂണില്‍ 2 ദിവസവും ജൂലൈയില്‍ 10 ദിവസവും ആഗസ്തില്‍ ഒരു ദിവസവുമാണ് ശരാശരി മഴ ലഭിച്ചത്. ഇതിന് മുമ്പ് സമാനമായി മഴ കുറഞ്ഞത് 2016ലായിരുന്നു. എന്നാല്‍ ആ വര്‍ഷം ഇതിലും കൂടുതല്‍ മഴ കിട്ടി. കഴിഞ്ഞ 123 വര്‍ഷത്തെ കണക്ക് പരിശോധിക്കുമ്പോള്‍ ഇതിന് മുമ്പ് ഇതിലും കൂടുതല്‍ മഴ കുറഞ്ഞത് 1918ലും 1976ലുമാണെന്നാണ് കണക്കുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: