തൃശ്ശൂര്‍: കരുവന്നൂരില്‍ നിന്നൊരു കടലിരമ്പമായി സുരേഷ് ഗോപിയുടെ നേതൃത്വത്തില്‍ സഹകാരി സംരക്ഷണ പദയാത്ര. പതിനായിരത്തിലേറപ്പേര് അണിനിരന്ന പദയാത്രക്ക് കരുവന്നൂര്‍ മുതല്‍ തൃശ്ശൂര്‍ വരെ റോഡിനിരുവശവും നിന്ന് ആയിരങ്ങള്‍ അഭിവാദ്യമര്‍പ്പിച്ചു. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ പണം നഷ്ടമായവര്‍ക്ക് എത്രയും പെട്ടെന്ന് നിക്ഷേപങ്ങള്‍ മടക്കി നല്‍കണമെന്നാവശ്യപ്പെട്ടാണ് ഗാന്ധിജയന്തി ദിനത്തില്‍ സുരേഷ് ഗോപിയുടെ നേതൃത്വത്തില്‍ ബിജെപി ജില്ലാ കമ്മിറ്റി പദയാത്ര സംഘടിപ്പിച്ചത്. കോരിച്ചൊരിഞ്ഞ മഴയ്ക്കും ആ പ്രതിഷേധാഗ്നിയെ തെല്ലു കെടുത്താനായില്ല. തട്ടിപ്പുകാര്‍ക്കെതിരെ ജനരോഷം അണപൊട്ടി.
പണം തിരികെ ലഭിക്കാഞ്ഞതിനെത്തുടര്‍ന്ന് ആത്മഹത്യ ചെയ്തവരുടേയും ചികിത്സ കിട്ടാതെ മരിച്ചവരുടേയും കുടുംബാംഗങ്ങളുള്‍പ്പെടെ നൂറ് കണക്കിന് നിക്ഷേപകരും രാഷ്ട്രീയ ഭേദമില്ലാതെ പദയാത്രയില്‍ അണിനിരന്നു. മരിച്ചവരുടെ ഛായാചിത്രങ്ങള്‍ക്ക് മുന്നില്‍ പുഷ്പങ്ങളര്‍പ്പിച്ചും ഗാന്ധി പ്രതിമയില്‍ മാല ചാര്‍ത്തിയുമാണ് പദയാത്ര തുടങ്ങിയത് .
പദയാത്രക്ക് രാഷ്ട്രീയമില്ലെന്നും ദുരിതത്തിലകപ്പെട്ട മനുഷ്യര്‍ക്കുവേണ്ടിയാണ് സമരമെന്നും സുരേഷ് ഗോപി പറഞ്ഞു. ഒട്ടും ആവേശത്തോടെയല്ല, ഏറെ ദുഃഖത്തോടെയാണ് ഈ സമരം നയിക്കുന്നത്. സഹകരണ ബാങ്കുകള്‍ പൂട്ടാന്‍ ബിജെപി അനുവദിക്കില്ല. പാവപ്പെട്ടവര്‍ക്ക് അവരുടെ നിക്ഷേപം തിരികെ കൊടുത്തേ തീരൂ. അതുവരെ സമരരംഗത്തുനിന്ന് പിന്മാറില്ല.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് പദയാത്ര ഉദ്ഘാടനം
ചെയ്തു. തട്ടിപ്പിനിരയായ നിക്ഷേപകര്‍ക്ക് നീതി ലഭിക്കും വരെ വിശ്രമമില്ലെന്ന് കെ.സുരേന്ദ്രന് പറഞ്ഞു. പാവങ്ങള്‍ക്ക് അവരുടെ പണം തിരിച്ചു കിട്ടാതെ ബിജെപി പോരാട്ടം അവസാനിപ്പിക്കില്ല. പാവപ്പെട്ടവന്റെ ചോരയും നീരുമാണ് സഹകരണ ബാങ്കിന്റെ അടിത്തറ. സംസ്ഥാന അന്വേഷണ ഏജന്‍സികള്‍ ബാങ്ക് ജീവനക്കാരെ മാത്രം പ്രതികളാക്കി ഉന്നതരെ രക്ഷിക്കുകയായിരുന്നു.
എല്ലാ സംസ്ഥാനങ്ങളും കേന്ദ്രസര്‍ക്കാരിന്റെ സഹകരണ ബാങ്കുകള്‍ക്കുള്ള പൊതു സോഫ്റ്റ് വെയര്‍ അംഗീകരിച്ചപ്പോള്‍ കേരളം മാത്രം എതിര്‍ത്തത് സഹകാരികളോടുള്ള വഞ്ചനയാണ്. പൊതു സോഫ്റ്റ് വെയര്‍ ഉണ്ടായിരുന്നെങ്കില്‍ സഹകാരികള്‍ക്ക് പണം നഷ്ടപ്പെടില്ലായിരുന്നു.
വൈകിട്ട് തൃശ്ശൂരില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.കെ. അനീഷ്കുമാര്‍ അധ്യക്ഷനായി. സംസ്ഥാന ഉപാധ്യക്ഷരായ ശോഭാ സുരേന്ദ്രന്, ബി. ഗോപാലകൃഷ്ണന്, സംസ്ഥാന സെക്രട്ടറി എ. നാഗേഷ്, പാലക്കാട് മേഖലാ പ്രസിഡന്റ് വി. ഉണ്ണികൃഷ്ണന്, ബി. രാധാകൃഷ്ണ മേനോന് തുടങ്ങിയവര്‍ പങ്കെടുത്തു.
കരുവന്നൂര്‍ സമരം മനുഷ്യത്വത്തിന്റെ വിഷയം: സുരേഷ് ഗോപി
തൃശ്ശൂര്‍ : കരുവന്നൂര്‍ സമരം മനുഷ്യത്വത്തിന്റെ വിഷയമാണെന്നും അതില്‍ രാഷ്ട്രീയമില്ലെന്നും സുരേഷ് ഗോപി. സഹകാരി സംരക്ഷണ പദയാത്രക്ക് ശേഷം ഇന്നലെ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. തൃശ്ശൂരില്‍ തനിക്ക് മത്സരിക്കാന്‍ വേണ്ടിയാണ് ഇ ഡി റെയ്ഡുകള്‍ നടത്തുന്നതെന്ന സിപിഎം ആരോപണങ്ങളില്‍ വാസ്തവമില്ല. ഒരു വര്‍ഷത്തിന് മുന്‍പ് തന്നെ താന്‍ കരുവന്നൂരിലെ ഇരകളുടെ വീട്ടില്‍ എത്തിയിരുന്നു.
സഹകരണ സംഘങ്ങള്‍ നിലനില്‍ക്കണം. സഹകരണ സംഘങ്ങളില്‍ പണം നിക്ഷേപിച്ചവരുടെ താത്പര്യങ്ങളും സംരക്ഷിക്കപ്പെടണം. എന്നാല്‍, നിയമാനുസൃതമായിരിക്കണം ഈ പ്രവര്‍ത്തനങ്ങള്‍. 80 കളിലും 90 കളിലും കമ്യൂണിസ്റ്റുകള്‍ ബലമായി സഹകരണ സംഘങ്ങള്‍ പിടിച്ചെടുത്തതിന് ശേഷമാണ് ഇത്തരം ക്രമക്കേടുകള്‍ വ്യാപകമായത്.
കള്ളപ്പണത്തിന്റേയും തട്ടിപ്പിന്റേയും കേന്ദ്രമായി സഹകരണ സംഘങ്ങളെ മാറ്റിക്കൂടാ. സഹകരണ മേഖലയില്‍ ഏകീകൃത കേന്ദ്ര നിയമം നടപ്പാക്കണം. സഹകരണ ബാങ്കുകളിലെപ്പോലെ തന്നെ കേരളത്തില്‍ ദേവസ്വംബോര്‍ഡുകളിലും അഴിമതിയും ക്രമക്കേടുമുണ്ട്. ഇവിടെയും ഏകീകൃത കേന്ദ്ര നിയമം വേണം. അതിനായി ശ്രമം നടത്തുന്നുണ്ട്, സുരേഷ് ഗോപി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: