ന്യൂദല്‍ഹി: ഗാന്ധിജയന്തി ദിനത്തില്‍ ചരിത്രമുറങ്ങുന്ന സംവിധാന്‍ സദന്റെ (പഴയ പാര്‍ലമെന്റ് മന്ദിരം) സെന്‍ട്രല്‍ ഹാളില്‍ സംസാരിക്കുക, അതും ലളിതജീവിതവും ആദര്‍ശങ്ങളും കൊണ്ട് ഭാരതത്തെ നയിച്ച മുന്‍ പ്രധാനമന്ത്രി ലാല്‍ ബഹദൂര്‍ ശാസ്ത്രിയെക്കുറിച്ച്, ആ അസുലഭ നിമിഷത്തിന് ദൈവത്തോട് നന്ദി പറയുകയാണ് തൃപ്പൂണിത്തുറ സ്വദേശി പി.അനഘ. കേള്‍വിക്കാരായി ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള, കേന്ദ്രമന്ത്രിമാരായ ധര്മ്മേന്ദ്രപ്രധാന്, അര്ജ്ജുന് റാം മേഘ്വാള്…പിന്നെ അച്ഛനും അമ്മയും സഹോദരിയും.
നിരവധി പ്രസംഗമത്സരങ്ങളില്‍ ജേതാവായ അനഘയ്ക്ക് നെഹ്റു യുവകേന്ദ്ര നടത്തിയ പ്രസംഗമത്സരത്തില്‍ ലഭിച്ച ഒന്നാംസ്ഥാനമാണ് പാര്‍ലമെന്റില്‍ പ്രസംഗിക്കാനുള്ള അവസരമൊരുക്കിയത്. സെറ്റ് മുണ്ടും ധരിച്ച് കേരളീയ വേഷത്തിലാണ് അനഘ എത്തിയത്. കുസാറ്റിലെ എല്‍എല്‍ബി വിദ്യാര്‍ഥിനി അല്പനിമിഷ നേരത്തേക്കെങ്കിലും ഭാരതം മുഴുവന്‍ കാതോര്‍ക്കുന്ന ഒരു പ്രഭാഷകയായി. വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് പ്രസംഗമത്സരത്തില്‍ വിജയികളായി എത്തിയ 28 പേരില്‍ ഏഴുപേര്‍ക്ക് മാത്രമാണ് പ്രസംഗിക്കാന്‍ അവസരം ലഭിച്ചത്. അവരില്‍ ഒരാളായിരുന്നു കേരളത്തിനെ പ്രതിനിധീകരിച്ച് എത്തിയ അനഘ.
പാര്‍ലമെന്റിലടക്കം നടക്കുന്ന പ്രമുഖരുടെ പ്രസംഗങ്ങള്‍ സസൂക്ഷ്മം കേള്‍ക്കാറുണ്ടെങ്കിലും ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചത് കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമന്റെ പ്രസംഗമാണെന്ന് അനഘ പറയുന്നു.
നിവേദിത വനിതാ സമാജം സംഘടിപ്പിച്ച സംസ്ഥാനതല പ്രബന്ധമത്സരത്തില്‍ ഒന്നാംസ്ഥാനം, കൊണാര്‍ക്ക് പബ്ലിഷേഴ്സ് ദേശീയതലത്തില്‍ നടത്തിയ മത്സരത്തില്‍ രണ്ടാംസ്ഥാനവുമുള്പ്പെടെ ഒട്ടേറെ സമ്മാനങ്ങള്‍ നേടിയിട്ടുണ്ട് അനഘ. തൃപ്പൂണിത്തുറ പൂര്‍ണത്രയീശ ക്ഷേത്രത്തിനുസമീപം കോട്ടയ്ക്കകം ശില്പ്പിസൗഭദ്രം അപ്പാര്‍ട്മെന്റില്‍ മോഹന്‍കുമാര്‍-വിജയ ദമ്പതികളുടെ മകളാണ് അനഘ. ഡോ. അമൃത സഹോദരിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: