കാഠ്മണ്ഡു: അരമണിക്കൂര്‍ ഇടവേളയില്‍ നേപ്പാളില്‍ രണ്ട് വന്‍ ഭൂചലനങ്ങള്‍. പിന്നാലെ ശക്തി കുറഞ്ഞ രണ്ടു ചലനങ്ങള്‍ കൂടി. ഇന്നലെ ഉച്ചയ്ക്ക് 2.25 ഓടെയാണ്, റിക്ടര്‍ സ്കെയിലില്‍ 4.6 രേഖപ്പെടുത്തിയ ആദ്യ ചലനം ഉണ്ടായത്. ജനങ്ങള്‍ ഭയന്ന് നില്‍ക്കുന്നതിനിടെ കുറച്ചു കൂടി ശക്തമായ, റിക്ടര്‍ സ്കെയിലില്‍ 6.2 രേഖപ്പെടുത്തിയ ചലനം 2.15നും അനുഭവപ്പെട്ടു. 15 മിനിറ്റിനുശേഷം 3.8 രേഖപ്പെടുത്തിയ ചലനവും 3.19ന് 3.1 രേഖപ്പെടുത്തിയ ചലനവും.
ആദ്യ ചലനം പത്തു കിലോമീറ്റര്‍ ആഴത്തില്‍, പ്രധാനനഗരമായ ദീപയാലില് നിന്ന് 43 കിലോമീറ്റര്‍ അകലെയാണ് അനുഭവപ്പെട്ടത്. ദീപയാലിന് വടക്കു കിഴക്കായിരുന്നു രണ്ടാം ചലനം ആള്‍നാശമോ കാര്യമായ നാശനഷ്ടങ്ങളോ ഉണ്ടായതായി റിപ്പോര്‍ട്ടില്ല. ചിലയിടങ്ങളില്‍ കെട്ടിടങ്ങള്‍ക്കും പാലങ്ങള്‍ക്കും കേടുപാടുകള്‍ ഉണ്ടായിട്ടുണ്ട്.
നേപ്പാളിലെ ചലനങ്ങളുടെ പ്രകമ്പനങ്ങള്‍ ദല്‍ഹിയിലും ഉത്തരാഖണ്ഡ്, അരുണാചല്‍പ്രദേശ്, പഞ്ചാബ്, ലഖ്നൗ, ജയ്പ്പൂര്‍, അഹമ്മദാബാദ് എന്നിവിടങ്ങളിലും അനുഭവപ്പെട്ടതായി നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്മോളജിയിലെ സഞ്ജയ് കുമാര്‍ പ്രജാപതി അറിയിച്ചു. ദല്‍ഹിയില്‍ റിക്ടര്‍ സ്കെയിലില്‍ മൂന്ന് രേഖപ്പെടുത്തി. ദല്‍ഹിയില്‍ പരിഭ്രാന്തരായ ജനങ്ങള്‍ പുറത്തിറങ്ങി നില്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അരുണാചലില്‍ 5.2 രേഖപ്പെടുത്തിയ പ്രകമ്പനമായിരുന്നു. ഉത്തരാഖണ്ഡില്‍ റിക്ടര്‍ സ്കെയിലില്‍ 3.3 രേഖപ്പെടുത്തി.
ഭാരതത്തില്‍ 5.2 രേഖപ്പെടുത്തിയ ചലനത്തിന്റെ പ്രഭവ കേന്ദ്രം ഉത്തരാഖണ്ഡിലെ ജോഷി മഠില്‍ നിന്ന് 206 കിമിയും ലഖ്നൗവില്‍ നിന്ന് 284 കിമിയും അകലെയായിരുന്നു.
നേപ്പാളില്‍ 2015ലുണ്ടായ ചലനത്തില്‍ 8964 പേര് മരണമടയുകയും 31952 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 2022 ലുണ്ടായ ചലനത്തില്‍ ആറു പേര് മരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: