റാഫിയ സക്കറിയ
(രാഷ്ട്രീയ നിരൂപക)
പാക്കിസ്ഥാനിലെ അനിയന്ത്രിതമായ പണപ്പെരുപ്പം സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കുന്നു. പാകിസ്ഥാനില്‍ സ്ഥിതി രൂക്ഷമായി മാറിക്കഴിഞ്ഞു. കഴിഞ്ഞ ഒരു വര്‍ഷമായി, മിക്കവാറും എല്ലാ മാസവും ശുഭകരമല്ലാത്ത അവസ്ഥയാണ് അനുഭവപ്പെടുന്നത്. അടിസ്ഥാന അവശ്യസാധനങ്ങള്‍ക്ക് സാധാരണ വിലയേക്കാള്‍ ഇരട്ടിയിലധികം വില നല്‍കേണ്ടി വരുന്നതുകൊണ്ട്, രാജ്യത്തെ ആളുകള്‍ ബദല്‍ ഗതാഗത മാര്‍ഗങ്ങള്‍ തേടിക്കൊണ്ട് ഓരോ തുള്ളി പെട്രോളും സൂക്ഷിക്കുന്നു, ഭക്ഷണത്തിന്റെ അളവ് കുറയ്ക്കുന്നു, വളരെ വിലകുറഞ്ഞ ഭക്ഷണം തേടുന്നു-എന്നാല്‍ ഇത് ഒന്നും ഫലിക്കുന്നില്ല. കാലങ്ങളായി തുടരുന്ന രാഷ്ട്രീയ അസ്ഥിരത, ഒന്നിനുപുറകെ ഒന്നായി മാറുന്ന ഗവണ്മെന്റുകള്, സൈനിക ഇടപെടലിന്റെ എക്കാലത്തെയും വലിയ ഭീഷണി, കൂടാതെ പൊതുവായ അനിശ്ചിതത്വവും ഈ സാഹചര്യത്തിന് ആക്കം കൂട്ടുകയാണ്.
പെട്രോള്‍ വില ക്രമാതീതമായി വര്‍ധിപ്പിക്കുന്നതും വൈദ്യുതി നിരക്ക് വര്‍ദ്ധനയും വില്‍പ്പന നികുതി വര്‍ദ്ധനയും എല്ലാം ഇതിനകം തന്നെ അസഹനീയമായ ഒരു സാഹചര്യത്തെ വിനാശകരമായ ഒന്നാക്കി മാറ്റിയിട്ടുണ്ട്. രാജ്യങ്ങളിലെ സാമ്പത്തിക ക്രമീകരണങ്ങളുടെ ആഘാതം ദുര്‍ബല വിഭാഗങ്ങളെ സാരമായി ബാധിക്കുന്നത് അവലോകനം ചെയ്യാന്‍ ഹ്യൂമന്‍ റൈറ്റ്സ് വാച്ച് ഐഎംഎഫിനോട് അഭ്യര്‍ത്ഥിച്ചു.
അനിയന്ത്രിതമായ പണപ്പെരുപ്പവും അടിസ്ഥാന ആവശ്യ സാധനങ്ങളുടെ ചെലവ് പോലും താങ്ങാനാകാത്ത അവസ്ഥയും മൂലം തീര്‍ത്തും തകര്‍ന്ന ദശലക്ഷക്കണക്കിന് ആളുകള്‍ പാകിസ്ഥാനില്‍ താമസിയാതെ ഉണ്ടാകും. ഈ സാഹചര്യത്തില്‍ വിശപ്പ്, വീട് ഇല്ലായ്മ, പ്രതീക്ഷ ഇല്ലായ്മ എന്നിവയോടുള്ള അവരുടെ പ്രതികരണങ്ങള്‍ തീര്‍ത്തും പ്രവചനാതീതമായിരിക്കും. സാമ്പത്തിക പ്രതിസന്ധി ബാധിച്ച പാകിസ്ഥാനിലെ പ്രധാന വ്യവസായങ്ങളിലൊന്ന് ഫാര്‍മസ്യൂട്ടിക്കല്‍സ് ആണ്. വിദേശ നാണ്യത്തിന്റെ അഭാവം തുടരുന്നതിനാല്‍ വായ്പകള്‍ നല്കാന് ബാങ്കുകള്‍ തയ്യാറാകുന്നില്ല. നിലവിലെ സാഹചര്യം സംബന്ധിച്ചിടത്തോളം, ഫാര്‍മസ്യൂട്ടിക്കല്‍ വ്യവസായം ആശങ്കാജനകമായ ഒരു മേഖലയാണ്.
വിദേശനാണ്യ ദൗര്‍ലഭ്യം അര്‍ത്ഥമാക്കുന്നത് ജീവന് രക്ഷാ മരുന്നുകളുടെയും അവയുടെ നിര്‍മ്മാണത്തിനാവശ്യമായ അസംസ്കൃത വസ്തുക്കളുടെയും ക്ഷാമത്തിലേക്ക് രാജ്യം നീങ്ങുന്നു എന്നാണ്. മരുന്ന് നിര്‍മിക്കാനുള്ള സാമഗ്രികള്‍ ഇല്ലാതെ, ആവശ്യമുള്ള ആളുകള്‍ക്ക് ആവശ്യത്തിന് മരുന്ന് ലഭ്യമാകില്ല എന്നതാണ് പ്രശ്നം. പ്രമേഹരോഗികള്‍ക്ക് ആവശ്യമായ മരുന്നുകളോ അടിസ്ഥാന ബ്രോഡ്-സ്പെക്ട്രം ആന്റിബയോട്ടിക്കുകളോ പെട്ടെന്ന് ലഭ്യമല്ലാതായാല്‍ എന്ത് സംഭവിക്കുമെന്ന് ചിന്തിക്കുന്നത് ഭയാനകമാണ്.
പാക്കിസ്ഥാനിലെ ദരിദ്രര്‍ നിരാശരാണ്. അവര്‍ വളരെക്കാലമായി അങ്ങനെയാണ്. ഈ ഏറ്റവും പുതിയ സാമ്പത്തിക പ്രതിസന്ധി രാജ്യത്തിന്റെ വര്‍ഗ്ഗഅടിസ്ഥാനത്തിലുള്ള ജനസംഖ്യാ സംവിധാനത്തില്‍ സ്ഥിരമായി മാറ്റം വരുത്താന്‍ പോകുന്നു. താഴ്ന്ന മധ്യവര്ഗത്തില്പ്പെട്ടവര് ദാരിദ്ര്യത്തിലേക്ക് വീഴുകയും ദരിദ്രര്‍ തീര്‍ത്തും ദരിദ്രരാകുകയും ചെയ്യും. വിദേശത്ത് നിന്ന് പണം ലഭിക്കുന്ന മധ്യവര്‍ഗത്തിലോ ഉയര്‍ന്ന മധ്യവര്‍ഗത്തിലോ ഉള്ളവര്‍ക്ക് മാത്രമേ കുറച്ച് സമയത്തേക്ക് പിടിച്ചുനില്ക്കാന് കഴിയൂ. എന്നാല്‍ പാകിസ്ഥാന് കറന്‍സിയുടെ മൂല്യം വീണ്ടും നഷ്ടപ്പെടുന്നതിനാല്‍ അവരുടെ പാകിസ്ഥാനിലെ സ്വത്തുക്കള്‍ക്കും മറ്റ് ആസ്തികളിലുള്ള നിക്ഷേപത്തിനും മൂല്യത്തകര്‍ച്ചയ്ക്ക് സാധ്യതയുണ്ട്. പാകിസ്ഥാന് കറന്‍സി ഹ്രസ്വകാലത്തേക്ക് വീണ്ടെടുക്കലുകള് നടത്തിയാലും മൂല്യം ഇടിഞ്ഞേക്കാം.
രാജ്യത്തിന്റെ രൂക്ഷമായ രാഷ്ട്രീയ-സാമ്പത്തിക സ്ഥിതിയെക്കുറിച്ച് നിരവധി വിദഗ്ധര്‍ സമീപ മാസങ്ങളില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈ വിദഗ്ധരുടെ മുന്നറിയിപ്പുകളും വിലയിരുത്തലുകളും അവഗണിച്ചുവെന്നു മാത്രമല്ല, ഗവണ്മെന്റ് ഉദ്യോഗസ്ഥരുടെ അശ്രദ്ധമായ നടപടികളും പ്രതിസന്ധി രൂക്ഷമാക്കിയിരിക്കുന്നു. പാകിസ്ഥാനില്‍ സമ്പന്നരും അതിസമ്പന്നരും മാത്രമാണ് സാധാരണ ജനങ്ങളെ ബാധിച്ച കെടുതിയില്പെടാതെ തുടരുന്നത്. അവരുടെ എല്ലാ സ്വത്തുക്കളും സുരക്ഷിതമായി ദുബായിലോ സമാനമായ ചില സാമ്പത്തിക സങ്കേതങ്ങളിലോ സൂക്ഷിച്ചിരിക്കുന്നതിനാല്‍, അത്താഴത്തിന് ശേഷമുള്ള സംഭാഷണത്തിനുള്ള മറ്റൊരു വിഷയം പോലെ അവര്‍ക്ക് നിലവിലെ സാഹചര്യങ്ങളെക്കുറിച്ച് സംസാരിക്കാനാകും. കാര്യങ്ങള്‍ കൂടുതല്‍ വഷളാകുമ്പോള്‍, ഈ ആളുകള്‍ അവരുടെ സുരക്ഷിത തീരങ്ങളിലേക്ക് പോകും. എന്നാല്‍ നഷ്ടപ്പെടാന്‍ ഒന്നുമില്ലാത്ത പാവങ്ങള്‍ക്ക് പോകാന്‍ ഒരിടവുമില്ല എന്നതാണ് യാഥാര്‍ഥ്യം.
(പാക് പത്രമായ ഡോണ്‍ പ്രസിദ്ധീകരിച്ച ലേഖനം)
പ്രതികരിക്കാൻ ഇവിടെ എഴുതുക: