തിരുവനന്തപുരം: ആയുഷ് വകുപ്പിലെ നിയമന കൈക്കൂലി വിവാദത്തില്‍ ആദ്യ അറസ്റ്റ്. അഭിഭാഷകനായ റഹീസ് ആണ് അറസ്റ്റിലായത്. വ്യാജ നിയമന ഉത്തരവ് നിര്‍മിച്ചത് ഇയാളുടെ അറിവോടെയാണെന്ന് പൊലീസ് കണ്ടെത്തി. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് കന്റോണ്‍മെന്റ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.
പരാതിക്കാരന് മലപ്പുറം സ്വദേശി ഹരിദാസന്റെ സുഹൃത്തായ ബാസിതിനെ കേസിലെ പ്രതി അഖില്‍ സജീവുമായി പരിചയപ്പെടുത്തിയത് കോഴിക്കോട് സ്വദേശി റഹീസ് ആണ്. എഐഎസ്എഫ് മലപ്പുറം ജില്ലാ മുന്‍ പ്രസിഡന്റ് ബാസിതിനെ പൊലീസ് ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു.
ഹരിദാസന്റെ മരുമകള്‍ക്ക് നിയമനം തരപ്പെടുത്തി നല്‍കാമെന്ന് വാഗ്ദാനം നല്കി ഇടനിലക്കാരനായ അഖില്‍ സജീവും മന്ത്രി വീണാ ജോര്‍ജിന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗം അഖില്‍ മാത്യുവും പണം വാങ്ങിയെന്നാണ് ആരോപണം. അഖില്‍ സജീവിന് 75000 രൂപയും അഖില്‍ മാത്യുവിന് ഒരു ലക്ഷം രൂപയും നല്‍കിയെന്നാണ് ഹരിദാസ് വെളിപ്പെടുത്തിയത്. ഇവര്‍ 15 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടതെന്നും നിയമനം ലഭിക്കുമെന്നറിയിച്ച് ആയുഷ് വകുപ്പില്‍ നിന്ന് ഇമെയില്‍ സന്ദേശം ലഭിച്ചുവെന്നുമാണ് പരാതിയില്‍ ഉളളത്. ആയുഷിന്റേതെന്ന പേരില്‍ വ്യാജ ഇമെയില്‍ നിര്‍മ്മിച്ചത് അഖില്‍ സജീവാണെന്ന് പൊലീസ് കണ്ടെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: