ദുബായ്: ഭാരതീയരുടെ അത്യാഡംബര വിവാഹങ്ങൾക്ക് വേദിയായി യുഎഇ മാറുന്നതായി റിപ്പോർട്ട്. പ്രത്യേകിച്ച് ദുബായ്, അബുദാബി പോലുള്ള മഹാനഗരങ്ങൾ കേന്ദ്രീകരിച്ചാണ് ഇത്തരത്തിലുള്ള വിവാഹങ്ങൾ സംഘടിപ്പിക്കുന്നത്. എണ്ണമറ്റ ലക്ഷ്വറി ഹോട്ടലുകളും റിസോർട്ടുകളുമാണ് വിവാഹ വേദികൾക്കായി തെരഞ്ഞെടുക്കുന്നത്. ഇവിടെ സംഘടിപ്പിക്കുന്ന ഇവന്റുകളുടെ ലോകോത്തര വൈദഗ്ധ്യം കാരണം ഇവിടം ഭാരതീയരുടെ സ്വപ്ന വിവാഹ കേന്ദ്രമായി അനുദിനം മാറുകയാണ്.
അടുത്തിടെ ലുലു ഗ്രൂപ്പ് കുടുംബത്തിലെ ബന്ധുവിന്റേതുൾപ്പെടെ വലിയ വിവാഹങ്ങൾ യുഎഇയിൽ നടന്നിരുന്നു. ഇതിനു പുറമെ മറ്റൊരു ഭാരതീയ വിവാഹം വിമാനത്തിൽ 300 ആളുകളുമായി ആകാശത്ത് ആഘോഷിക്കുമെന്നും വാർത്തകളുണ്ട്.
സ്വർണ വിലയിലെ കുറവ് മുഖ്യ ആകർഷണം
യുഎഇയിലെ സ്വർണ്ണവിലയിലെ കുറവും ഇന്ത്യക്കാരെ ഇങ്ങോട്ടേക്ക് ആകർഷിപ്പിക്കുന്നു. കഴിഞ്ഞ ഏഴുമാസത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തിയ സ്വർണവിലയിലെ ഇടിവും സ്വർണത്തിന് നഷ്ടപ്പെട്ടു പോയ സീസണൽ ഡിമാൻഡ് വീണ്ടെടുത്തതും ദുബായിൽ ആഭരണങ്ങളുടെ ഡിമാൻഡ് സെപ്റ്റംബറിൽ 20-30 ശതമാനം വർധിപ്പിക്കാൻ സഹായിച്ചതായി ദുബായിലെ ജ്വല്ലറികൾ വ്യക്തമാക്കുന്നു. ഇത് പ്രവാസികളടക്കം നിരവധി ഭാരതീയർക്ക് സ്വർണം വാങ്ങുന്നതിനും വിവാഹ കാര്യങ്ങൾക്ക് ഉപയോഗിക്കുന്നതിനും സാധ്യമായിട്ടുണ്ട്. യുഎഇയിൽ കഴിഞ്ഞ വെള്ളിയാഴ്ച 24 ക്യാരറ്റ് സ്വർണം ഗ്രാമിന് 233.75 ദിർഹത്തിലും 22 ക്യാരറ്റിന് 207.25 ദിർഹത്തിലും 21 ക്യാരറ്റിന് 200.75 ദിർഹത്തിലും 18 ക്യാരറ്റിന് 172 ദിർഹത്തിലുമാണ് ക്ലോസ് ചെയ്തത്.
ആളുകൾ വിവാഹ വേദിയായി ദുബായ് പോലുള്ള നഗരങ്ങൾ തെരഞ്ഞെടുക്കുന്നതിനാൽ രാജ്യത്തെ സ്വർണ വ്യാപാര മേഖലയിൽ വർധനയുണ്ടായെന്ന് ദുബായിലെ ജ്വല്ലറി ഉടമകൾ സാക്ഷ്യപ്പെടുത്തുന്നു. മെഹന്ദി മുതൽ വിവാഹത്തിന്റെ എല്ലാ ചടങ്ങുകളിലും ആഭരണങ്ങൾക്ക് വലിയ പങ്കുണ്ട്. കോവിഡ് സമയത്ത് ആളുകൾ ആഭരണങ്ങൾ അധികം ഇല്ലാതെ ആർഭാടം കുറച്ച് വിവാഹങ്ങൾ നടത്തിയിരുന്നത്. എന്നാൽ ഇനി അങ്ങനെയല്ലെന്നും ജ്വല്ലറി ഉടമകൾ പറഞ്ഞു.
മുൻപ്, പാരീസ്, ഇറ്റലി, തുർക്കി എന്നിവ ജനപ്രിയ വിവാഹ സ്ഥലങ്ങളായിരുന്നു. എന്നാൽ ഇപ്പോൾ വിവാഹങ്ങൾക്ക് ദുബായ് ഒരു ജനപ്രിയ നഗരമായി ഉയർന്നുവരുന്നത് സ്വർണ വ്യവസായത്തിന് വളരെ ഗുണമേകുമെന്നാണ് മേഖലയിലെ അതികായകർ വിലയിരുത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: