പത്തനംതിട്ട: തിരുവല്ലയിൽ വെള്ളക്കെട്ടിന്റെ ആഴം എത്രമാത്രം എന്ന് മനസിലാക്കാതെ മുന്നോട്ടെടുത്ത കാർ റെയിൽവേ അടിപ്പാതയിലെ വെള്ളത്തിലേക്ക് മുങ്ങി. കാറിൽ സഞ്ചരിച്ചിരുന്ന വയോധികൻ ഉൾപ്പെടെ മൂന്നുപേർ അത്ഭുതകരമായി രക്ഷപ്പെട്ടു. പ്രദേശവാസികൾ ചേർന്ന് ഇവരെ രക്ഷപ്പെടുത്തുകയായിരുന്നു. തിങ്കളാഴ്ച വൈകിട്ട് ഏഴ് മണിയോടെയായിരുന്നു സംഭവം.
എം.സി. റോഡിനെയും ടി.കെ. റോഡിനെയും തമ്മിൽ ബന്ധപ്പിക്കുന്ന തിരുമൂലപുരം- കറ്റോട് പാതയിലെ ഇരുവള്ളിപ്പാറ റെയിൽവെ അടിപ്പാതയിലാണ് സംഭവം.തിരുവൻവണ്ടൂർ സ്വദേശി കൃഷ്ണൻ നമ്പൂതിരിയും കുടുംബവും സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. ചെങ്ങന്നൂർ ഭാഗത്ത് നിന്നും കവിയൂരിലേക്ക് പോകവെയായിരുന്നു സംഭവം. അടിപ്പാതയിലെ വെള്ളത്തിന്റെ ആഴം മനസിലാക്കാതെയാണ് കാർ മുന്നോട്ട് എടുത്തത്.
കാർ ഓഫായി വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഇതുവഴിയുള്ള ഗതാഗതത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: