കാസര്‍കോട്: ’14 മിനിറ്റ് മിറാക്കിള്‍’ പദ്ധതി പ്രകാരം കാസര്‍കോട് വന്ദേ ഭാരതും ശുചിയാക്കി. ദ്രുതഗതിയില്‍ ശുചീകരണം നടത്തി അടുത്ത യാത്രയ്‌ക്ക് വന്ദേ ഭാരതിനെ സജ്ജമാക്കുന്ന പദ്ധിയാണിത്. 20933 KGQ-TVC വന്ദേ ഭാരത് എക്‌സ്പ്രസിലാണ് പദ്ധതിയുടെ ഭാഗമായി വൃത്തിയാക്കിയത്. ഒരു കോച്ചില്‍ മൂന്ന് പേരെ വീതമായിരുന്നു ശുചീകരിക്കുക. 16 കോച്ചുള്ള വന്ദേ ഭാരത് ട്രെയിനാണ് ഇന്നലെ ശുചിയാക്കിയത്.
മംഗലാപുരം കോച്ചിംഗ് ഡിപ്പോയിലെ ബി കോച്ചിംഗ് ഡിപ്പോ ഓഫീസറായ മനോജ്. ’14 മിനിറ്റ് മിറക്കിള്‍’ പദ്ധതിയോടുള്ള പ്രതിജ്ഞാബദ്ധത പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പാലക്കാട് അഡീഷണല്‍ ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ സക്കീര്‍ ഹുസൈന്‍ പുതിയ പദ്ധതിയെ കുറിച്ചും ഇതുവഴി സൃഷ്ടിക്കുന്ന സമയലാഭത്തെ കുറിച്ചും ആവേശം പ്രകടിപ്പിച്ചു. അദ്ദേഹം ശുചീകരണ ജീവനക്കാരുമായി സംവദിക്കുകയും റെയില്‍ യാത്ര കൂടുതല്‍ കൃത്യവും ആസ്വാദ്യകരവും ശുചിത്വവുമുള്ളതാക്കുന്നതില്‍ ഈ പദ്ധതിയുടെ പ്രാധാന്യം വ്യക്തമാക്കുകയും ചെയ്തു.
സ്വച്ഛത ഹി സേവാ ക്യാമ്പെയ്‌നിന്റെ ഭാഗമായി ഇന്നലെ മുതാലാണ് ഇന്ത്യന്‍ റെയില്‍വേ പുതിയ ശുചീകരണ യജ്ഞത്തിന് തുടക്കം കുറിച്ചത്. ജപ്പാനിലെ ബുള്ളറ്റ് ട്രെയിനുകള്‍ വൃത്തിയാക്കുന്ന 7 മിനിറ്റ് മിറാക്കിളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് റെയില്‍വേയുടെ പുതിയ സംരംഭം. രാജ്യമൊട്ടാകെ ഇന്നലെ ശുചീകരണം നടന്നു. കേരളത്തിലും വിപുലമായ പരിപാടികളാണ് നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: