സെങ്കോലും സെമ്മെയും (ചെങ്കോലും നീതിയും) 2023 മെയ് 28 മുതല്‍ രാജ്യത്ത് ഏറെ ഉപയോഗിക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്ത പദമങ്ങളാണ്. നീതിയുടെ ഏറ്റവും പവിത്രവും ആദരണീയവുമായ അടയാളമായി പ്രധാനമന്ത്രി നരേന്ദ്രമോദി പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ ചെങ്കോല്‍ സ്ഥാപിച്ച നാള് മുതല്‍ അത് പലര്‍ക്കും ദഹിക്കാതെ പി
ന്നെയും പിന്നെയും ചര്‍ച്ച ചെയ്യുന്നു.
അലഹബാദിലെ നെഹ്റു മ്യൂസിയത്തില്‍ 75 വര്‍ഷമായി, വെറുമൊരു ഊന്നുവടിയായി കിടന്ന പവിത്രമായ ധര്‍മ്മദണ്ഡിനെയാണ് പ്രധാനമന്ത്രി രാജ്യത്തിന്റെ അഭിമാനമെന്ന നിലയില്‍ വീണ്ടെടുത്തത്. ഇത് സമൃദ്ധഭാരതത്തിന്റെ പ്രയാണത്തിലേക്കുള്ള അടയാളമാണ്. എല്ലാ മേഖലകളിലെയും വികസനത്തിന്റെ വഴിയാണ് ഈ ധര്‍മ്മദണ്ഡ് അടയാളപ്പെടുത്തുന്നത്. ലോകത്തെ അഞ്ചാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി ഇതിനകം മാറിക്കഴിഞ്ഞ രാജ്യം അതിവേഗത്തില്‍ ലോകത്തിലെ മൂന്നാമത്തെ ശക്തിയായും ഉയരും. ജനത രാഷ്ട്രത്തിന്റെ ഈ വളര്‍ച്ചയില്‍ അതിയായി സന്തോഷിക്കുന്ന അതേ അവസരത്തിലാണ് ധര്‍മ്മവിജയത്തിന്റെ ചെങ്കോല്‍ ഉയരുന്ന ഭാരതത്തിന്റെ ജനാധിപത്യക്കോവിലില് സ്ഥാപിക്കുന്നത് എന്നത് അഭിമാനകരമാണ്.
ഭാരതീയ സമാജത്തില്‍ ആഴത്തില്‍ വേരൂന്നിയ, സഹജമായ ധാര്‍മിക മൂല്യങ്ങളുടെ ഉദാത്തമായ പ്രതീകമാണ് ചെങ്കോല്‍. അതുയര്‍ത്തുന്ന ധാര്‍മ്മിക മൂല്യങ്ങള്‍ ഓരോ ഭാരതീയ പൗരനിലും ആഴത്തില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നു.
ഭാരതത്തിന്റെ അങ്ങേയറ്റം സമ്പന്നമായ സാംസ്കാരിക പൈതൃകത്തെ ആഘോഷിക്കുന്ന ഒരു ജനതയുടെ അഭിമാനമായാണ് പ്രധാനമന്ത്രി ചെങ്കോലിനെ ലോകത്തിന് മുന്നില്‍ പ്രതിഷ്ഠിക്കുന്നത് ഏറെ ശ്രദ്ധേയമാണ്.
ചരിത്രപരമായ പ്രാധാന്യം
നീതിമാനും ധര്‍മ്മിഷ്ഠനുമായ ഭരണാധികാരിയുടെ ഗുണങ്ങളെപ്പറ്റി പരാമര്‍ശിക്കുമ്പോഴൊക്കെ പൗരാണികവും വിശ്രുതവുമായ തമിഴ് ഗ്രന്ഥം തിരുക്കുറളിന്റെ മഹത്വം പ്രധാനമന്ത്രി നരേന്ദ്രമോദി നിരന്തരം ഊന്നിപ്പറഞ്ഞിട്ടുണ്ട്. ഒരു ഭരണാധികാരി തന്റെ പരമാധികാരം ഫലപ്രദമാക്കാന്‍ ഭരണം എങ്ങനെ നടത്തണം എന്നതിനെക്കുറിച്ചുള്ള വാക്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഭാഗമാണ് തിരുക്കുറളിലെ ‘സെങ്കോന്മൈ.’
അനീതി ഭരണം എന്ന് അര്‍ത്ഥം വരുന്ന കൊടുങ്കോന്‍മൈ എന്ന അടുത്ത ഭാഗത്തില്‍, മഹാനായ തത്ത്വചിന്തകനായ തിരുവള്ളുവര്‍ പറയുന്നു, ”മന്നാര്ക്കു മന്നുതല് സെങ്കോന്മൈ അക്തിന്ട്രേല് മന്നാവാം മന്നാര്‍ക്ക് കോലി”,
അര്‍ത്ഥം നീതിമത്തായ ഭരണം രാജാക്കന്മാരുടെ യശസ്സിന് സ്ഥിരത നല്‍കും. നീതിയില്ലാത്ത ഭരണം രാജാക്കന്മാരുടെ യശസ്സിനെ കെടുത്തും.
2019ലെ ഭാരതത്തിലെ ജനങ്ങള്‍ നല്കിയ വിധിയനുസരിച്ച് അധികാരത്തിലേറിയ നരേന്ദ്രമോദി സര്‍ക്കാര്‍ നീതിയുടെ പാതയിലാണ് സഞ്ചരിക്കുന്നതെന്ന് അന്താരാഷ്ട്രതലത്തില്‍ത്തന്നെ അംഗീകരിക്കപ്പെട്ടിരിക്കുന്നു. രാജ്യത്തെ ഓരോ പൗരനും രാജ്യത്തെ വര്‍ത്തമാനകാല ഭരണകൂടം നീതിയുള്ളതാണെന്ന് അഭിപ്രായം രേഖപ്പെടുത്തുന്നു.
പ്രഗത്ഭരായ ചരിത്രകാരന്മാരുടെ അഭിപ്രായത്തില്‍, ചെങ്കോലിന്റെ ചരിത്രം തമിഴ്നാട്ടിലെ ചോള രാജവംശത്തിന്റെ കാലത്തിലേക്കാണ് നയിക്കുന്നത്. ആ കാലത്ത് ഒരു രാജാവില്‍ നിന്ന് അടുത്ത രാജാവിലേക്കുള്ള അധികാര കൈമാറ്റത്തിന്റെ അടയാളമായാണ് ചെങ്കോല്‍ കണക്കാക്കപ്പെട്ടിരുന്നത്. 2000 വര്‍ഷം പഴക്കമുള്ള തിരുക്കുറളില്‍ മാത്രമല്ല തമിഴിലെ പ്രമുഖ സാഹിത്യഗ്രന്ഥങ്ങളായ ചിലപ്പതികാരം, തൊല്ക്കാപ്പിയം തുടങ്ങിയവയിലും ചെങ്കോലിന്റെ മഹത്വത്തെപ്പറ്റി പരാമര്‍ശിക്കുന്നുണ്ട്.
പാണ്ഡ്യ രാജാവായ പാണ്ഡ്യന് നെടുഞ്ചെഴിയന്റെ മരണത്തെക്കുറിച്ച് കേട്ടപ്പോള്‍ മധുരയിലെ ചേര രാജാവായ ചേരന് ചെങ്കുട്ടുവന് പറഞ്ഞത്, അനീതിയുടെ വിധിയില്‍ വളഞ്ഞുപോയ ചെങ്കോലിന്റെ വടിവ് നേരെയാക്കുന്നതിനായി പാണ്ഡ്യന് സ്വന്തം ജീവന് ത്യജിച്ചു, എന്നാണ്.
കണ്ണകിയുടെ ഭര്‍ത്താവ് കോവലനെ വധശിക്ഷയ്ക്ക് വിധിച്ച തന്റെ തീരുമാനം അനീതിയായിരുന്നുവെന്നും തെറ്റിദ്ധാരണ മൂലമായിരുന്നുവെന്നും തിരിച്ചറിഞ്ഞതിന് ശേഷമാണ് പാണ്ഡ്യരാജ് തന്റെ സിംഹാസനത്തില്‍ നിന്ന് പതിക്കുകയും മരിക്കുകയും ചെയ്തത്.
ചിലപ്പതികാരത്തിലെ കനല്വാരിപ്പാട്ടുകളില് ചോളസാമ്രാജ്യത്തിന്റെ നീതിയുടെ അടയാളമായ ചെങ്കോലിനെകോവലന് വിശേഷിപ്പിക്കുന്നത് കാവേരിയുടെ സ്വച്ഛവും സുന്ദരവുമായ ഒഴുക്കായിട്ടാണ്. തമിഴ് വ്യാകരണത്തെക്കുറിച്ചുള്ള ആദ്യകാല ഗ്രന്ഥമായ തൊല്‍ക്കാപ്പിയത്തിലും ചെങ്കോലിനെപ്പറ്റി പരാമര്‍ശമുണ്ട്.
ഒരു രാജ്യത്തിന്റെ പത്ത് പ്രധാന അടയാളങ്ങളില്‍ ഒന്നായാണ് ചെങ്കോല്‍ പരാമര്ശിക്കപ്പുടുന്നത്. ചെങ്കോല്‍, വെണ്‍കൊറ്റക്കുട, പണവ, പതാക, സൈന്യം, നദി, പര്‍വ്വതം, മാല, ആന, കുതിര എന്നിവയാണ് ആ പത്ത് ഘടകങ്ങള്‍.
സാംസ്കാരിക നവോത്ഥാനത്തിന്റെ ആവശ്യം
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഭാരതം നടത്തുന്ന അനവരതമായ വികാസ യാത്രയില്‍ ആധുനികതയുടെയും പാരമ്പര്യത്തിന്റെയും സമന്വയമുണ്ട്. ഒരറ്റത്ത്, ലോകോത്തര വിമാനത്താവളങ്ങള്‍, വന്ദേഭാരത് ട്രെയിനുകള്‍, എക്സ്പ്രസ് ഹൈവേകള്‍, അത്യന്താധുനിക സ്ഥാപനങ്ങള്‍, കലാലയങ്ങള്‍, ഗവേഷണ കേന്ദ്രങ്ങള്‍, വ്യവസായങ്ങള്‍… എല്ലാ മേഖലയിലും പുരോഗതിയുടെയും വികസനത്തിന്റെയും പുതിയ പുതിയ ചുവടുവയ്പുകള്‍. മറുവശത്ത്, കാശി തമിഴ് സംഗമം, സൗരാഷ്ട്ര തമിഴ് സംഗമം, കാശി തെലുങ്ക് സംഗമം തുടങ്ങി രാഷ്ട്രമാകെ വ്യാപിച്ചു കിടക്കുന്ന സാംസ്കാരിക സമന്വയങ്ങളുടെ യഥാര്‍ത്ഥ പുനരുജ്ജീവനം.
രാജ്യത്തിന്റെ വളര്‍ച്ച, സംസ്കാരത്തിന്റെ മഹത്വം ഇവ തമ്മിലുള്ള സന്തുലനാവസ്ഥയുടെ ശ്രദ്ധേയവും മഹത്തരവുമായ അടയാളങ്ങളിലൊന്നായാണ് പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍, ജനായത്ത ഭരണത്തിന്റെ ശ്രീകോവിലില്‍ ചെങ്കോലിന്റെ പുനഃസ്ഥാപനത്തെ വിലയിരുത്തുന്നത്.
പാര്‍ലമെന്റ് മന്ദിരത്തില്‍ ചെങ്കോല്‍ സ്ഥാപിച്ചതോടെ, നമ്മുടെ രാജ്യത്തിന്റെ സംസ്കാരത്തേയും പാരമ്പര്യത്തെയും ഭരണപക്ഷം എങ്ങനെയാണ് ബഹുമാനിക്കുന്നത് എന്ന് പ്രതിപക്ഷത്തിന് പ്രധാനമായും കോണ്‍ഗ്രസിനും ഡിഎംകെയ്ക്കും കാണിച്ചുകൊടുക്കുകയാണ് ചെയ്തത്. അലഹബാദിലെ (ഇപ്പോള്‍ പ്രയാഗ് രാജ്) നെഹ്റു മ്യൂസിയത്തിന്റെ പൊടിപിടിച്ച മൂലയില്‍ ഉപേക്ഷിച്ച മട്ടില്‍ ‘സൂക്ഷിച്ചിരുന്ന’ ചെങ്കോല്‍, പ്രധാനമന്ത്രിയാണ് അവിടെ നിന്ന് കണ്ടെത്തി രാഷ്ട്രത്തിന്റെ ആകെ അഭിമാനമായി ലോക്സഭയില്‍ സ്ഥാപിച്ചത്. 1947-ല്‍ പണ്ഡിറ്റ് ജവഹര്‍ ലാല്‍ നെഹ്റുവിന് ചെങ്കോല്‍ കൈമാറിയ തമിഴ്നാട്ടില്‍ നിന്നുള്ള വിശുദ്ധ ശൈവ മഠമായ തിരുവാവാടുതുറൈ ആദീനത്തിന്റെ നേതൃത്വത്തില്‍ നിന്നുതന്നെ പ്രധാനമന്ത്രി ചെങ്കോല്‍ ഏറ്റുവാങ്ങിയതും ചരിത്രത്തിന്റെ നീതിയായി.
ആദീനം നെഹ്റുവിന് സമ്മാനിച്ചതാണ് ചെങ്കോല്‍. എന്നാല്‍ അതൊരു അധികാര കൈമാറ്റമാണെന്നതിന് രേഖകളില്ലാത്തതിനാല്‍ അധികാരത്തിന്റെ പ്രതീകമായി കാണാനാകില്ലെന്നാണ് കോണ്‍ഗ്രസ് അവകാശപ്പെടുന്നത്. നെഹ്റുവിന് സമ്മാനിച്ച ചെങ്കോലുമായി ഒരു ധര്‍മ്മാചാര്യന്‍ ചെന്നൈയില്‍ നിന്ന് 1947 ആഗസ്ത് 14ന് അര്‍ധരാത്രിക്ക് തൊട്ടുമുമ്പ്, സര്‍ക്കാര്‍ ഏര്‍പ്പാടാക്കിയ പ്രത്യേക വിമാനത്തില്‍ എന്തിന് തലസ്ഥാനത്തേക്ക് പറക്കണം എന്നതിന് ഇത്തരം വാദങ്ങളുന്നയിക്കുന്നവര്‍ മറുപടി പറയണം. അത് നെഹ്റുവിനുള്ള സമ്മാനം മാത്രമായിരുന്നെങ്കില്‍, അദ്ദേഹം പ്രധാനമന്ത്രിയായതിന് ശേഷം എപ്പോള്‍ വേണമെങ്കിലും നല്‍കാമായിരുന്നു. എന്നാല്‍, അങ്ങനെയല്ല സംഭവിച്ചത്. ഇത്തരത്തിലൊരു ചരിത്രപരമായ പ്രാധാന്യം അതിനില്ലായിരുന്നുവെങ്കില്‍ ആ സമയം തന്നെ അത് സമര്പ്പിച്ചതെന്തിനെന്നും ഇവര്‍ പറയണം.
തമിഴ് ഭാഷയുടെയും സംസ്കാരത്തിന്റെയും സ്വയം പ്രഖ്യാപിത സംരക്ഷകരായ ഡിഎംകെയാണ് ചെങ്കോല്‍ സ്ഥാപിച്ച നടപടിയെ ചോദ്യം ചെയ്യുന്ന മറ്റൊരു കക്ഷി. തമിഴരുടെ അഭിമാനമായ ചോള കാലഘട്ടത്തില്‍ നിന്ന് കടമെടുത്ത ആദര്‍ശമാണ് ചെങ്കോല്‍. രാഷ്ട്രത്തിന്റെ ഭരണകേന്ദ്രത്തില്‍ അത്യന്തം മഹനീയമായ സ്ഥാനം ചെങ്കോലിന്
നല്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍, തമിഴ് സംസ്കാരത്തിന്റെ മഹത്വം വീണ്ടും രാഷ്ട്രമാകെ പരക്കുമെന്ന് ഉറപ്പ് വരുത്തുകയായിരുന്നു.
മുന്നോട്ടുള്ള വഴി
എതിര്‍ക്കുന്നവര്‍ക്ക് അവര്‍ പുലര്‍ത്തുന്ന രാഷ്ട്രീയ കാഴ്ചപ്പാടിന്റേതായ സങ്കുചിതമയ മനോഭാവമുണ്ടാകും. എന്നാല്‍ പൈതൃകത്തിനും പുരോഗതിക്കും ഒരുമിച്ച് നിലനില്ക്കാനാകുമെന്ന്, സംസ്കാരത്തിനും പുരോഗമനത്തിനും ഒരേ വഴിയില്‍ സഞ്ചരിക്കാമെന്ന് തെളിയിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. ചരിത്രപരമായി, ഭാരത പാര്‍ലമെന്റിന് രാജകീയ അധികാരത്തിന്റെ പ്രതീകമായ ഒരു അടയാളം കൈവശം വയ്ക്കുന്ന ഒരു സമ്പ്രദായം നിലനിര്‍ത്തുന്ന പാരമ്പര്യമില്ല. എന്നാല്‍ ചെങ്കോല്‍, അധികാര ദണ്ഡിനെപ്പോലെ, ഒരു രാജകീയ അധികാരമല്ല. നീതിയെ ഉയര്‍ത്തിപ്പിടിക്കുന്ന ആദരണീയമായ പ്രതീകമാണ്. ധര്‍മ്മദണ്ഡാണ്. ജനാധിപത്യത്തിന്റെ ആത്മാവെന്തെന്നതിന്റെ പൗരാണികമായ ഒരു ഓര്‍മ്മപ്പെടുത്തലാണ് ചെങ്കോല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: