”രാമക്ഷേത്ര നിര്‍മ്മാണത്തിന്റെ ചുമതലയുമായാണ് 2019ല്‍ ഞാന്‍ അയോധ്യയിലേക്കെത്തിയത്. സാങ്കേതികവിദ്യാ രംഗത്ത്, പ്രത്യേകിച്ച് എന്‍ജിനീയറിങ് മേഖലയില്‍ നിരവധി മാര്‍ഗങ്ങളാണുള്ളത്. എല്‍ ആന്‍ഡ് ടിയും ടാറ്റ കണ്‍സല്‍ട്ടിങ് എന്‍ജീനീയേഴ്സും ക്ഷേത്രത്തിനായി പൈല്‍ ഫൗണ്ടേഷനാണ് നിര്‍ദ്ദേശിച്ചത്. പടിഞ്ഞാറന്‍ രാജ്യങ്ങളിലൊക്കെ നൂറു നില കെട്ടിടങ്ങള്‍ വരെ ഈ രീതിയില്‍ നിര്‍മ്മിക്കപ്പെടുന്നുണ്ട്. എന്നാല്‍ രാമക്ഷേത്രമാവട്ടെ മൂന്നു നില മാത്രവും. എന്നിട്ടും പൈല്‍ ഫൗണ്ടേഷന്‍ ആവട്ടെയെന്ന് അവര്‍ അഭിപ്രായപ്പെട്ടു. അഞ്ച് സാമ്പിളുകളും പരീക്ഷിച്ചു. എന്നാല്‍ അതില്‍ ചെറിയ പ്രശ്നങ്ങളുണ്ടായെന്ന് ആരോ എന്നോട് പറഞ്ഞു. അപ്പോള്‍ തന്നെ നമുക്കിക്കാര്യം രഹസ്യമാക്കി വെയ്‌ക്കേണ്ടതില്ല, വിദഗ്ധരോട് അഭിപ്രായം ആരായാമെന്ന് ഞാനും മറുപടി പറഞ്ഞു. രാജ്യത്തെ മുതിര്‍ന്ന സിവില്‍ എന്‍ജിനീയറിങ് വിദഗ്ധരെ തന്നെ ഇതിനായി ആശ്രയിച്ചു.
ഐഐടി ദല്‍ഹിയുടെ മുന്‍ ഡയറക്ടറും സിവില്‍ എന്‍ജിനീയറിങ് വിദഗ്ധനുമായ വി.എസ് രാജുവിനേയും ചെന്നൈ, കാണ്‍പൂര്‍, സൂറത്ത്, ഗുവാഹതി ഐഐടികളിലെ വകുപ്പ് മേധാവികളെയും ഇതിനായി തെരഞ്ഞെടുത്തു. എല്‍ ആന്‍ഡ് ടി അവരുടെ ഏറ്റവും മുതിര്‍ന്ന എന്‍ജിനീയര്‍മാരെയും റൂര്‍ക്കിയിലെ സെന്‍ട്രല്‍ ബില്‍ഡിങ് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിലെ വിദഗ്ധരെയും രംഗത്തിറക്കി. അഞ്ച്-ആറു ദിവസമാണ് അവര്‍ ക്ഷേത്രനിര്‍മ്മാണ രീതിക്കായി യോഗം ചേര്‍ന്നത്. പല നിര്‍മ്മാണ രീതികളും ചര്‍ച്ചയായി. എന്നാല്‍ അഭിപ്രാ
യ ഭിന്നതകളും ഉയര്‍ന്നുവന്നുകൊണ്ടേയിരുന്നു. ഒടുവില്‍ ഞാന്‍ രാമക്ഷേത്ര നിര്‍മ്മാണ ട്രസ്റ്റിന്റെ യോഗം വിളിച്ചു. കഴിഞ്ഞ 60-70 വര്‍ഷമായി രാമക്ഷേത്ര പ്രക്ഷോഭത്തിന്റെ ഭാഗമാവരാണവര്‍. ഏറെ വൈകാരികമായ വിശ്വാസത്തിന്റെ കൂടി ഭാഗമാണ് ക്ഷേത്ര നിര്‍മ്മാണം.
പുരാതന രാമക്ഷേത്രത്തെ പോലെ ആയിരം വര്‍ഷം നിലനില്‍ക്കുന്ന ക്ഷേത്രം നിര്‍മ്മിക്കപ്പെടണം എന്ന ആശയം അവരാണ് മുന്നോട്ട് വെച്ചത്. പുരാതന ക്ഷേത്ര നിര്‍മ്മാണ രീതിയേപ്പറ്റി എന്തെങ്കിലും രേഖകള്‍ ലഭ്യമാണോ എന്ന് പ്രൊഫ. വി.എസ്. രാജുവിനോട് ചോദിച്ചപ്പോള്‍ കൃത്യമായ പഠനങ്ങളൊന്നും തന്നെ ഇല്ലെന്ന് മനസ്സിലായി. ഒടുവില്‍ ക്ഷേത്രഭൂമിയിലെ മണ്ണ് എടുത്തുമാറ്റി മിശ്രിതം ചേര്‍ത്ത മണ്ണിട്ടുറപ്പിക്കുന്ന നിര്‍മ്മാണ രീതിയിലേക്ക് അവസാനം തീരുമാനം എത്തി. രണ്ടര ഏക്കര്‍ സ്ഥലത്തെ മണ്ണ് മാറ്റണം. അതുതന്നെ വലിയ മലയോളം വരും. മണ്‍സൂണ്‍ ആരംഭിക്കുന്നതിന് മുമ്പ് പൂര്‍ത്തിയാക്കുകയും വേണം. ട്രസ്റ്റ് അംഗങ്ങള്‍ എന്തും ചെയ്തുകൊള്ളാന്‍ അനുമതി നല്‍കി. എങ്കിലും പുറത്തുനിന്നുള്ള രണ്ട് വിദഗ്ധരോട് ഞാന്‍ വീണ്ടും സംസാരിച്ച് ഉറപ്പിച്ചു.
തെളിയിക്കപ്പെട്ട സാങ്കേതികവിദ്യയാണിതെന്നും മടിക്കേണ്ടതില്ലെന്നുമായിരുന്നു ഇരുവരുടേയും ഉപദേശം. ഡോക്ടേഡ് സോയിന്‍ എന്നറിയപ്പെടുന്ന മണ്ണ് മിശ്രിതം എങ്ങനെ വേണമെന്ന് ഐഐടി ചെന്നൈ ആണ് ഒരു മാസത്തിനുള്ളില്‍ തയ്യാറാക്കി തന്നത്. 2021ല്‍ മണ്‍സൂണ്‍ അല്പം വൈകിയാണ് എത്തിയത്. ആ സമയത്തിനുള്ളില്‍ എല്‍ ആന്‍ഡ് ടി ക്ഷേത്രഭൂമിയുടെ ഖനനം നടത്തി കോണ്‍ക്രീറ്റ് മിശ്രിതവും ചെറിയ അളവില്‍ സിമന്റും കെമിക്കലുകളും ചേര്‍ന്ന മണ്ണ് അവിടെ തന്നെ ഇട്ടുറപ്പിച്ചു. 15 മീറ്റര്‍ ആഴത്തില്‍ 47 പാളികളിലായാണ് ഈ മിശ്രിതം സ്ഥാപിച്ചത്. ഒരു തവണ മണ്ണു മിശ്രിതം ഇട്ടാല്‍ ഏഴു ദിവസത്തിനകം അതു കല്ലായി മാറും. കല്ലായി മാറിയ മിശ്രിതത്തിന്റെ കഷണം ലാബിലേക്കയച്ച് കാഠിന്യം ഉറപ്പുവരുത്തിയതിന് ശേഷം അടുത്ത മണ്ണ് മിശ്രിതം ഒഴിച്ചു. ഇത്തരത്തില്‍ ദിവസങ്ങള്‍ കൊണ്ടാണ് രാമക്ഷേത്രത്തിന്റെ അടിത്തറ സ്ഥാപിച്ചത്.
രാജ്യത്തെ എല്ലാവര്‍ക്കും വേണ്ടി ഉയരുന്ന ക്ഷേത്രമാണിത്. ദക്ഷിണഭാരതത്തില്‍ നിന്നുള്ളവര്‍ വലിയ ക്ഷേത്ര ഗോപുരം ഉണ്ടെങ്കില്‍ മാത്രമേ ക്ഷേത്രത്തെ ഉള്‍ക്കൊള്ളൂ എന്നൊരു വാദം ഉയര്‍ന്നുവന്നു. വലിയ ക്ഷേത്ര ഗോപുരം നിര്‍മ്മിക്കാനുള്ള പരിശ്രമങ്ങള്‍ നടക്കുന്നുണ്ട്. അതിനായി ഭൂമി വാങ്ങാനുള്ള ശ്രമങ്ങള്‍ മുന്നോട്ട് നീങ്ങുന്നു. മര്യാദാപുരുഷോത്തമനായ ശ്രീരാമന്റെ നേട്ടങ്ങളും നന്മകളും ക്ഷേത്ര സമുച്ചയത്തില്‍ പ്രദര്‍ശിപ്പിക്കണം എന്നൊരു വാദവും ഉയര്‍ന്നിരുന്നു. ചുമര്‍ചിത്രകലാ രൂപത്തില്‍ അവ ചിത്രീകരിക്കണമെന്നായിരുന്നു ആവശ്യം. ചിത്രകാരനായ വാസുദേവ് കാമത്ത് വാല്‍മീകി രാമായണത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ 98 സംഭവങ്ങളെ കേന്ദ്രീകരിച്ച് പെന്‍സില്‍ ആര്‍ട്ട് വര്‍ക്കുകള്‍ നടക്കുന്നുണ്ട്. ഇതു ശില്‍പ്പികള്‍ക്ക് നല്‍കി ത്രിഡി രൂപത്തില്‍ കല്ലില്‍ നിര്‍മ്മിക്കും. ഈ ജോലികള്‍ ഒരുവര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാവും.
മൂന്നുഘട്ടമായി ക്ഷേത്ര നിര്‍മ്മാണം പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. 2023 ഡിസംബറോടെ ആദ്യഘട്ടം പൂര്‍ത്തീകരിക്കും. താഴത്തെ നിലയുടെ ജോലികള്‍ പൂര്‍ത്തിയാക്കും. രണ്ടാം ഘട്ടമായി 2024 ഡിസംബറോടെ രണ്ടു നിലകളുടെ ജോലികള്‍ കഴിയും. മൂന്നാം ഘട്ടമായി ക്ഷേത്രത്തിന്റെ മൂന്നാം നിലയും 71 ഏക്കര്‍ ക്ഷേത്ര സമുച്ചയത്തിന്റെ മറ്റെല്ലാ ജോലികളും 2025ല്‍ പൂര്‍ത്തിയാകും. ക്ഷേത്രത്തിന്റെ ചുറ്റുഭാഗവും തീര്‍ത്ഥാടക കേന്ദ്രവും രണ്ടായിരത്തിലേറെ ശൗചാലയങ്ങളും 2023 ഡിസംബറില്‍ തയ്യാറാവും. 750 മീറ്ററില്‍ പ്രധാന ക്ഷേത്രത്തിന്റെ പ്രദക്ഷിണം വിശ്വാസികള്‍ക്ക് പൂര്‍ത്തീകരിക്കാനാവും.
രാമക്ഷേത്രത്തിന് ചുറ്റുമായി നിര്‍മ്മിക്കുന്ന ഏഴു ക്ഷേത്രങ്ങളുടെ നിര്‍മ്മാണവും ആദ്യഘട്ടത്തില്‍ തന്നെ നടപ്പാക്കും. വാല്‍മീകി മഹര്‍ഷി, ശബരി, നിഷാദ രാജാവ്, ആചാര്യ വസിഷ്ഠന്‍, വിശ്വാമിത്ര മഹര്‍ഷി, അഹല്യ, അഗസ്ത്യ മഹര്‍ഷി എന്നിവരുടെ ഉപക്ഷേത്രങ്ങളാണ് നിര്‍മ്മിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ നടന്ന ഒരു അവലോകന യോഗത്തില്‍ അദ്ദേഹമാണ് ഈ ഏഴു ക്ഷേത്രങ്ങളുടെ സങ്കല്‍പ്പം മുന്നോട്ട് വെച്ചത്.
ശ്രീരാമന്‍ മര്യാദാപുരുഷോത്തമന്‍ ആയി മാറിയത് അദ്ദേഹത്തിന്റെ 14 വര്‍ഷത്തെ വനവാസക്കാലത്താണ്. സാമൂഹ്യോദ്ഗ്രഥനത്തിന്റെ തത്വങ്ങള്‍ നിറഞ്ഞ ആ വര്‍ഷങ്ങളാണ് രാമനെന്ന രാജാവിനെ സൃഷ്ടിക്കുന്നത്. പുതുതായി ഉയരുന്ന രാമക്ഷേത്രം സാമൂഹ്യസമരസതയുടെ കേന്ദ്രമായി മാറണമെന്ന സങ്കല്‍പ്പം പ്രധാനമന്ത്രി മുന്നോട്ടുവയ്‌ക്കുകയും ഈ ക്ഷേത്രങ്ങള്‍ കൂടി രാമക്ഷേത്രത്തിനൊപ്പം വേണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തു. ദക്ഷിണഭാരതത്തില്‍ നിന്നുള്ള തീര്‍ത്ഥാടകരെ ആകര്‍ഷിക്കാനായി വലിയ ഗോപുരം വേണമെന്ന നിര്‍ദ്ദേശവും പ്രധാനമന്ത്രിയില്‍ നിന്നാണ് ഉണ്ടായത്. എന്നാല്‍ യാതൊന്നും തന്നെ അദ്ദേഹം അടിച്ചേല്‍പ്പിച്ചിട്ടില്ല. നിര്‍ദ്ദേശങ്ങള്‍ ക്ഷേത്ര ട്രസ്റ്റിന് മുന്നില്‍ വെയ്‌ക്കുക മാത്രമാണ് ചെയ്തത്.
അയോധ്യാ ദൗത്യം സംബന്ധിച്ച് എനിക്കൊരിക്കലും പ്രധാനമന്ത്രിയുടെ ഫോണ്‍ സന്ദേശം ലഭിക്കുകയോ മറ്റോ ഉണ്ടായിട്ടില്ല. ഞാന്‍ അപ്പോഴേക്കും അദ്ദേഹത്തിന്റെ ഓഫീസില്‍ നിന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്ന പദവി ഉപേക്ഷിച്ചു കഴിഞ്ഞിരുന്നു. തുടര്‍ന്ന് നെഹ്‌റു മെമ്മോറിയല്‍ ട്രസ്റ്റിന്റെ ചെയര്‍മാനായി പ്രവര്‍ത്തിക്കുകയായിരുന്നു. ഒരു മാസത്തിന് ശേഷമോ മറ്റോ ആണ്, എനിക്ക് പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.കെ. മിശ്രയുടെ ഫോണ്‍ വന്നു.
ഞാനിപ്പോള്‍ ചെയര്‍മാനാണ്, പക്ഷേ എനിക്ക് അതിലും അധികം എന്തെങ്കിലും വേണമെന്ന് ആഗ്രഹിക്കുന്നു. ഞാനൊരു അത്യാര്‍ത്തിക്കാരനാണ്, പക്ഷേ സുതാര്യത ആഗ്രഹിക്കുന്നു, പി.കെ മിശ്രയോട് ഇതു പറയുമ്പോള്‍ മനസ്സില്‍ ഉണ്ടായിരുന്ന ഒന്ന് ഗവര്‍ണര്‍ സ്ഥാനമായിരുന്നു. രണ്ടാമത്തേത് രാമക്ഷേത്ര നിര്‍മ്മാണ സമിതിയുടെ ചെയര്‍മാന്‍ പദവിയും. എല്ലാവരും ആശ്ചര്യത്തിലായി. തുടര്‍ന്ന് എനിക്ക് ആഭ്യന്തരമന്ത്രി അമിത് ഷായുടെ ഫോണ്‍ വന്നു. താങ്കള്‍ ക്ഷേത്ര നിര്‍മ്മാണ സമിതിയുടെ ചെയര്‍മാനാവാന്‍ ആഗ്രഹിക്കുന്നുണ്ടോ എന്നായിരുന്നു ചോദ്യം. അതേയെന്ന് ഞാന്‍ മറുപടി നല്‍കി. പിന്നാലെ ഇക്കാര്യം അംഗീകരിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഫോണ്‍ സന്ദേശവും ലഭിച്ചു.
രണ്ടുദിവസത്തിനുള്ളില്‍ ട്രസ്റ്റിന്റെ കരടും അതു രൂപീകരിച്ച വിധവും എല്ലാം അഡീഷണല്‍ സെക്രട്ടറി വഴി എനിക്കെന്റെ വീട്ടില്‍ ലഭിച്ചു. തുടര്‍ന്നാണ് ഈ ദൗത്യത്തിലേക്ക് ഇറങ്ങിയത്.
ഉറങ്ങുമ്പോള്‍ ഉറങ്ങുന്നു എന്നു മാത്രം. ഉണര്‍ന്നിരിക്കുമ്പോഴെല്ലാം 2023 ഡിസംബര്‍ എന്ന തീയതിയിലേക്കാണ് മത്സരം. നിര്‍മ്മാണ പുരോഗതി അറിയാനും എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടാവുമ്പോഴും പ്രധാനമന്ത്രിയുടെ വിളികളെത്തുന്നു. ഈ രാഷ്‌ട്രം പരാജയപ്പെടാന്‍ അനുവദിക്കില്ല. ഭഗവാന്‍ ശ്രീരാമന്റെ വിഗ്രഹം അവിടെ സ്ഥാപിക്കപ്പെടണം.
താഴത്തെ നിലയിലാണ് ഗര്‍ഭഗൃഹം നിലകൊള്ളുന്നത്. 51 ഇഞ്ച് വലുപ്പമുള്ള നാല് അഞ്ചു വയസ്സ് പ്രായമായ രാമന്റെ വിഗ്രഹം താമരയിലാണ് നിലയുറപ്പിക്കുക. രാമനവമി ദിനത്തില്‍ പന്ത്രണ്ട് മണിക്ക് വിഗ്രഹത്തിന് മേല്‍ സൂര്യപ്രകാശം ലഭിക്കുന്ന തരത്തിലാണ് ക്ഷേത്ര നിര്‍മ്മാണം. ശ്രീരാമന്റെ ജന്മസമയമാണത്. റൂര്‍ക്കിയിലെ സെന്‍ട്രല്‍ ബില്‍ഡിങ് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടും പൂനയിലെ ആസ്ട്രോനോട്ടിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടും ചേര്‍ന്നാണ് ഇതു സാധ്യമാക്കിയത്. വിഗ്രഹത്തില്‍ നിന്ന് 30 അടി അകലത്തിലാണ് തീര്‍ത്ഥാടകര്‍ക്ക് നിന്നു തൊഴാനുള്ള ക്രമീകരണം.
ശ്രീരാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് തീരുമാനിച്ച പ്രകാരം 2023 ഡിസംബര്‍ 31ന് ആദ്യഘട്ട നിര്‍മ്മാണം പൂര്‍ത്തിയാക്കും. താഴത്തെ നിലയില്‍ 160 തൂണുകളാണുള്ളത്. ഓരോ തൂണിലും ശില്‍പ്പശാസ്ത്ര പ്രകാരം 16 രൂപങ്ങള്‍ കൊത്തിവെച്ചിട്ടുണ്ടാവും. മണ്ഡപം, സീലിങ്, ഭിത്തികള്‍, പ്രകാശ സംവിധാനം എന്നിവയെല്ലാം ഡിസംബറോടെ പൂര്‍ത്തീകരിക്കും. ജനുവരി 14-15 തീയതികളില്‍ ക്ഷേത്രം വിശ്വാസികള്‍ക്കായി തുറന്നു നല്‍കും. സൂര്യന്‍ ഉത്തരായനത്തിലേക്ക് പ്രവേശിക്കുന്ന ശുഭമുഹൂര്‍ത്തമാണത്. കര്‍ണാടകയിലെയും ആന്ധ്രാപ്രദേശിലെയും ഏറ്റവും മികച്ച ഗ്രാനൈറ്റുകളാണ് അയോധ്യയിലേക്ക് ലഭിച്ചിരിക്കുന്നത്. രാജസ്ഥാനിലെ ഖനികളില്‍ നിന്ന് മാര്‍ബിളുകളും രാജസ്ഥാനിലെ ബന്‍സി-പഹര്‍പൂര്‍ മേഖലയില്‍ നിന്ന് കല്ലുകളും എത്തി. ഭിത്തികളില്‍ സിമന്റുകള്‍ ഉപയോഗിച്ചിട്ടില്ല. കല്ലുകള്‍ ചേര്‍ത്തുവെച്ചാണ് നിര്‍മ്മാണം. എല്ലാം വേഗത്തില്‍ തന്നെ പുരോഗമിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: