കൊച്ചി: തുടര്‍ച്ചയായ രണ്ടാം ജയം സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്സ് എഫ്സി. മഞ്ഞ സാഗരം നിറഞ്ഞു നിന്ന കലൂര്‍ ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തിന് നടുവില്‍ ഏകപക്ഷീയമായ ഒരുഗോളിന് ജംഷഡ്പുര്‍ എഫ്സിയെ തോല്‍പ്പിച്ചു. ഗോള്‍ രഹിതമായ ആദ്യ പകുതിക്ക് ശേഷം 74-ാം മിനിറ്റില്‍ അഡ്രിയാന്‍ ലൂണയാണ് ഗോളടിച്ചത്.
ഉദ്ഘാടന മത്സരത്തില്‍ ബെംഗളൂരുവിനെതിരെ ഇറക്കിയ അതേ ടീമുമായാണ് ബ്ലാസ്റ്റേഴ്സ് ഇന്നലെ ജംഷഡ്പൂര്‍ എഫ്സിക്കെതിരെയും അണിനിരന്നത്. മുന്‍നിരയില്‍ ലെന് ഡംഗല്‍ വന്നതായിരുന്നു ജംഷഡ്പൂര്‍ നിരയിലെ ഏക മാറ്റം.
കളി തുടക്കം മുതല്‍ ജംഷഡ്പൂര്‍ പ്രതിരോധ നിര പരീക്ഷിക്കപ്പെട്ടു. ലൂണയും ക്വാമെ പെപ്രയും തുടര്‍ച്ചയായി എതിര് ബോക്സില്‍ പന്തെത്തിക്കാന്‍ ശ്രമിച്ചെങ്കിലും എല്സിഞ്ഞോയുടെ നേതൃത്വത്തിലുള്ള ജംഷ്ഡ്പൂര്‍ പ്രതിരോധം അവയെല്ലാം വിഫലമാക്കി. 13-ാം മിനിറ്റില്‍ മിഡ്ഫീല്‍ഡര്‍ ഇമ്രാന് ഖാന് പരിക്കേറ്റ് പുറത്തുപോകേണ്ടി വന്നത് ജംഷഡ്പൂരിന് ആദ്യ തിരിച്ചടിയായി.
കളി മധ്യനിരയില്‍ കേന്ദ്രീകരിച്ചു. കാര്യമായ ഗോള്‍നീക്കങ്ങള്‍ ഇരുഭാഗത്ത് നിന്നും ഉണ്ടായില്ല. 39-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് ലക്ഷ്യത്തിനടുത്തെത്തി. ബോക്സിന്റെ വലത് ഭാഗത്ത് നിന്ന് പ്രഭീര്ദാസിന്റെ കിടിലന്‍ ക്രോസെത്തി. പന്തെടക്കാനുള്ള ഐമന്റെ ശ്രമം വിഫലമായി. പക്ഷേ പിന്നില്‍ നിന്ന ലൂണ പന്തില്‍ കാല്‍കൊരുത്തു. വലയുടെ വലത് മൂല ലക്ഷ്യമാക്കി ലൂണ തൊടുത്ത പന്ത് നേരിയ വ്യത്യാസത്തില്‍ പുറത്തായി. ആവേശത്തോടെ എണീറ്റ ഗ്യാലറിയില്‍ നെടുവീര്‍പ്പുയര്‍ന്നു. ആദ്യ പകുതിയുടെ അവസാന മിനിറ്റുകളില്‍ ചില മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും രണ്ട് ടീമുകളും വല കുലുക്കുന്നതില്‍ പരാജയപ്പെട്ടതോടെ ആദ്യപകുതി ഗോള്‍രഹിതമായി.
രണ്ടാം പകുതിയുടെ തുടക്കം മുതല്‍ ഇരു ടീമുകളും ഗോളടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കളിച്ചത്. എന്നാല്‍ ഇരുടീമുകളുടെയും മുന്നേറ്റങ്ങള്‍ ബോക്സില്‍ അവസാനിച്ചു. 62-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് നിര്‍ണായക മാറ്റങ്ങള്‍ വരുത്തി.പെപ്രയ്ക്ക് പകരം വിബിന് മോഹനനും ഡാനിഷ് ഫാറൂക്കിന് പകരം സൂപ്പര്‍ സ്ട്രൈക്കര്‍ ദിമിത്രിയോസ് ഡയമന്റക്കോസും കളത്തിലിറങ്ങി. ഇതോടെ ബ്ലാസ്റ്റേസ് മുന്നേറ്റങ്ങള്‍ക്ക് കൂടുതല്‍ കൃത്യത കൈവന്നു. അധികം കഴിയും മുന്നേ ബ്ലാസ്റ്റേഴ്സ് ഒന്ന് രണ്ട് അവസരങ്ങള്‍ നഷ്ടപ്പെടുത്തി. അറുപത്തിനാലാം മിനിറ്റില്‍ സ്റ്റേഡിയത്തെ പ്രകമ്പനം കൊള്ളിച്ച് ബ്ലാസ്റ്റേഴ്സ് ആദ്യ ഗോളടിച്ചു. നായകന് അഡ്രിയാന്‍ ലൂണയാണ് ലക്ഷ്യം കണ്ടത്. ഡെയ്സുകെ സകായ് ബോക്സിലേക്ക് നല്കിയ പന്ത് ഡയമന്റകോസ് കാലില്‍ സ്വീകരിച്ചെങ്കിലും നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല. കാലില്‍ത്തട്ടി നീങ്ങിയ പന്ത് തൊട്ടടുത്ത് നില്‍ക്കുകയായിരുന്ന ലൂണ നല്ലൊരു ഷോട്ടിലൂടെ ജംഷഡ്പൂര്‍ വലയിലെത്തിച്ചു. തുടര്‍ച്ചയായ രണ്ടാം കളിയിലാണ് ലൂണ ഗോളടിക്കുന്നത്. ലീഡ് വഴങ്ങിയതോടെ സമനില ഗോളിനായി ശ്രമിക്കുന്ന ജംഷഡ്പൂര്‍ താരങ്ങളെയാണ് പിന്നീട് മൈതാനത്ത് കണ്ടത്. എന്നാല്‍ ചീമയുടെ നല്ലൊരു ഷോട്ട് ബ്ലാസ്റ്റേഴ്സ് ഗോളി സച്ചിന് സുരേഷ് ഉജ്വലമായി രക്ഷപ്പെടുത്തി. പിന്നാലെ ലീഡ് ഉയര്‍ത്താന്‍ ബ്ലാസ്റ്റേഴ്സിന് വീണ്ടും അവസരം ലഭിച്ചെങ്കിലും ജംഷഡ്പൂര്‍ ഗോളി രഹ്നേഷ് പന്ത് കൈയിലൊതുക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: