ഉത്തര്‍പ്രദേശിലെ രണ്ടു സ്കൂളുകളില്‍ ഒരു ഹിന്ദു അധ്യാപികയും ഒരു മുസ്ലിം അധ്യാപികയും ഒരു മുസ്ലിം വിദ്യാര്‍ത്ഥിയെയും ഒരു ഹിന്ദു വിദ്യാര്‍ത്ഥിയെയും കൂടെ പഠിക്കുന്ന വിദ്യാര്‍ത്ഥികളെ കൊണ്ട് തല്ലിച്ച സംഭവമുണ്ടായി. ഈ രണ്ടു സംഭവത്തിലും കേരളത്തിലെ ഭരണകൂടവും മാധ്യമങ്ങളും മറ്റും എങ്ങനെ പ്രതികരിച്ചു എന്നത് മനസ്സിലാക്കേണ്ട സംഭവമാണ്. കഴിഞ്ഞ വ്യാഴാഴ്ചയാണ് സമ്പല്‍ ജില്ലയിലെ ദുഗാവാര്‍ ഗ്രാമത്തില്‍ ഒരു സ്വകാര്യ സ്കൂളിലെ മുസ്ലിം അധ്യാപികയായ ഷയിസ്ത അഞ്ചാം ക്ലാസിലെ തന്റെ വിദ്യാര്‍ത്ഥിയായ ഒരു ഹിന്ദു കുട്ടിയെ ക്ലാസിലെ തന്നെ മുസ്ലിം കുട്ടിയെ കൊണ്ട് തല്ലിച്ചത്. അധ്യാപിക ചോദിച്ച ചോദ്യത്തിന് മറുപടി പറയാത്തതു കൊണ്ടാണ് ക്ലാസിലെ സഹപാഠിയെ കൊണ്ട് കുട്ടിയെ തല്ലിച്ചത്. മുഴുവന്‍ സഹപാഠികളുടെയും മുന്നില്‍വച്ചുണ്ടായ ഈ സംഭവത്തില്‍ തികച്ചും മാനസികമായി തകര്‍ന്നുപോയ കുട്ടി സങ്കടപ്പെട്ട് കണ്ണീരൊലിപ്പിച്ചാണ് വീട്ടിലെത്തിയത്. കുട്ടിയുടെ അച്ഛന് ഉടന്‍തന്നെ ഗ്രാമം ഉള്‍പ്പെട്ട അസമോലി പോലീസ് സ്റ്റേഷനില്‍ പരാതി നല്കി. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത പോലീസ് വര്‍ഗീയ വിദ്വേഷം സൃഷ്ടിക്കാന്‍ ശ്രമിച്ചതിന് മനപ്പൂര്‍വ്വം ശാരീരികമായി ക്ഷതം ഏല്‍പ്പിച്ചതിനും അധ്യാപികയായ ഷയിസ്തക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യുകയും ചെയ്തു.
യു.പിയില്‍ സമാനമായ സംഭവം ഇത് രണ്ടാം തവണയാണ്. കഴിഞ്ഞമാസം ഇതേപോലെ തന്നെ മുസഫര്‍ നഗറിലെ ഖുബ്ബാപൂര്‍ ഗ്രാമത്തില്‍ തൃപ്ത ത്യാഗി എന്ന അധ്യാപിക തന്റെ ക്ലാസിലെ ഒരു മുസ്ലിം കുട്ടിയെ ഹിന്ദു കുട്ടിയെ കൊണ്ട് തല്ലിച്ചു. യുപി പോലീസ് ഈ സംഭവത്തിലും കേസെടുത്തു. വര്‍ഗീയ വിദ്വേഷം സൃഷ്ടിക്കാനും മനപ്പൂര്‍വമായി ക്ഷതം വരുത്താന്‍ ശ്രമിച്ചു എന്നുമായിരുന്നു കേസ്. പക്ഷേ, ഈ സംഭവം ഉണ്ടായപ്പോള്‍ അത് മുസ്ലിം കുട്ടി ആയതുകൊണ്ട് കേരളത്തില്‍ ഉണ്ടായ ഒരു ഇളക്കം പറയാതിരിക്കാനാവില്ല. കേരള നിയമസഭയില്‍ ഏറ്റവും മികച്ച സാമാജികരില്‍ ഒരാളെന്ന് കഴിഞ്ഞ നിയമസഭയിലെ കയ്യാങ്കളി കേസിലൂടെ തെളിയിച്ച വി. ശിവന്‍കുട്ടിയാണ് വിദ്യാഭ്യാസ മന്ത്രി. സംഭവത്തില്‍ പ്രതിഷേധിച്ച് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് അദ്ദേഹം കത്തയച്ചു. മാത്രമല്ല, കുട്ടിയുടെ പഠിപ്പ് ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാണെന്ന് അറിയിച്ചു. വിദ്യാര്‍ത്ഥിയെ കാണാന്‍ മുഖ്യമന്ത്രിയുടെ മുന്‍ ഉപദേഷ്ടാവും രാജ്യസഭാ എം.പിയുമായ ജോണ്‍ ബ്രിട്ടാസ് യുപിയിലെ കുട്ടിയുടെ വീട്ടില്‍ പോയി. കഴിഞ്ഞില്ല കേരളം മുഴുവന്‍ ഈ മുസ്ലിം കുട്ടിയെ മര്‍ദ്ദിച്ചു എന്നതിന്റെ പേരില്‍ ഒരു ധ്രുവീകരണം സൃഷ്ടിക്കാനും യു.പി സര്‍ക്കാരിനെ മാത്രമല്ല കേന്ദ്രഭരണം കയ്യാളുന്ന ബിജെപിയെയും അതിന്റെ ധാര്‍മിക സൈദ്ധാന്തിക അടിത്തറയായ ആര്‍എസ്എസിനെയും വിമര്‍ശിക്കാനും അധിക്ഷേപിക്കാനും ശ്രമം നടക്കുകയും ചെയ്തു.
പക്ഷേ, കഴിഞ്ഞദിവസം ഹിന്ദു കുട്ടിയെ ഇതുപോലെ മര്‍ദ്ദിച്ചപ്പോള്‍ വി. ശിവന്‍കുട്ടി കണ്ണീരൊലിപ്പിച്ചില്ല, കത്തയച്ചില്ല. മുഖ്യമന്ത്രി പിണറായി വിജയന് പ്രസ്താവന ഇറക്കിയില്ല. മുസ്ലീംലീഗിന്റെ കണ്ണീര് പ്രസ്താവനയും ഉണ്ടായില്ല. ഈ ഹിന്ദു കുട്ടിയെ പഠിപ്പിക്കാന്‍ ഏറ്റെടുക്കാം എന്നോ അല്ലെങ്കില്‍ സഹായിക്കാം എന്നോ പറയാന്‍ ഹിന്ദു സംഘടനകളും ഉണ്ടായില്ല. ശിവന്‍കുട്ടിയും പിണറായി വിജയനും മറുപടി പറയേണ്ട ഒരു കാര്യം മുസ്ലിം കുട്ടിയുടെ കണ്ണീരിനും അവനേറ്റ തല്ലിനും മാത്രമാണോ ജനാധിപത്യ മതനിരപേക്ഷ സമൂഹത്തില്‍ പ്രശ്നമുള്ളത്. ഈ രണ്ടു സംഭവത്തെയും ഒരേ രീതിയില്‍ കാണുകയും ഒരേ രീതിയില്‍ പ്രതികരിക്കുകയും ചെയ്യുന്നതല്ലേ മതനിരപേക്ഷത? മുസ്ലിം കുട്ടിക്ക് മാത്രം പ്രാധാന്യം കൊടുക്കുക, അവന്റെ കണ്ണീരിനു മാത്രം വില കൊടുക്കുക തുടങ്ങിയ കാര്യങ്ങള്‍ എന്ത് സിദ്ധാന്തത്തിന്റെ പുറത്താണ് നിങ്ങള്‍ക്ക് ന്യായീകരിക്കാന്‍ കഴിയുക?
ഏതു സ്കൂളിലും അധ്യാപകന് തല്ലും. അധ്യാപകന് തല്ലുമ്പോള്‍ അദ്ദേഹത്തിന്റെ ജാതിയും മതവും ചികഞ്ഞു പോകുന്നത് ശരിയായ നടപടിയാണോ? പലപ്പോഴും സ്റ്റാഫ് റൂമില്‍ നിന്ന് ചൂരലെടുക്കാന്‍ പറഞ്ഞു വിടുന്നതും ക്ലാസില്‍ ബഹളം ഉണ്ടാക്കുന്നവരുടെ പേര് എഴുതിവെക്കാന്‍ പറയുന്നതും ഒക്കെ ഏതെങ്കിലും പഠിപ്പിസ്റ്റുകളോടോ അല്ലെങ്കില്‍ ക്ലാസ് മോണിറ്റര്മാരോടോ ഒക്കെയാവും. അതിന്റെ ഗൗരവത്തില്‍ മാത്രം കാണേണ്ട ഒരു സംഭവത്തെ വര്‍ഗീയവല്‍ക്കരിച്ച് ബിജെപിയെയും സംഘപരിവാര്‍ സംഘടനകളെയും ഹിന്ദുക്കളെയും മൊത്തത്തില്‍ ആക്ഷേപിക്കാന്‍ നടത്തിയ ശ്രമം ഇപ്പോള്‍ തിരിച്ചടിച്ചപ്പോള്‍ എന്തേ ശിവന്‍കുട്ടി മിണ്ടാത്തത്? ശിവന്‍കുട്ടി മാത്രമല്ല, ഈ സംഭവത്തില്‍ സുപ്രീംകോടതിയില്‍ പോയ മഹാത്മാഗാന്ധിയുടെ കൊച്ചുമകനും ഇടതുപക്ഷ ചട്ടുകവുമായ തുഷാര്‍ ഗാന്ധിയും ഇക്കാര്യത്തില്‍ മിണ്ടിയില്ല.
തുഷാര്‍ ഗാന്ധി കൊടുത്ത കേസില്‍ യുപി സര്‍ക്കാരിനെതിരെ നിശിതമായ വിമര്‍ശനമാണ് സുപ്രീംകോടതി തൊടുത്തു വിട്ടത്. ജസ്റ്റിസ്മാരായ അഭയ എസ് ഓഖയും പങ്കജ് മിത്തലും മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന് ഈ കേസ് അന്വേഷിക്കണം എന്നും കുട്ടിയുടെയും കുടുംബത്തിന്റെയും കാര്യത്തില്‍ യുപി സര്‍ക്കാര്‍ ഇടപെടണമെന്നും നിര്‍ദ്ദേശിച്ചിരുന്നു. ഹിന്ദു കുട്ടിയെ തല്ലിയ കാര്യത്തില്‍ ഒരാഴ്ചയായിട്ടും തുഷാര്‍ ഗാന്ധി അനങ്ങിയിട്ടില്ല. സുപ്രീംകോടതി മിണ്ടിയിട്ടില്ല. മുസ്ലിം കുട്ടിയെ തല്ലിയ കേസ് സുപ്രീംകോടതിയില്‍ നിലനില്ക്കുമ്പോള് തീര്‍ച്ചയായും സ്വമേധയാ ഇക്കാര്യം പരിഗണിക്കാനുള്ള അധികാരവും അവകാശവും സുപ്രീംകോടതിക്കുണ്ട്. ഇവിടെയാണ് ന്യായമായും സുപ്രീംകോടതിയുടെ പോലും നീതിബോധത്തിനെതിരെ സംശയം ഉയരുന്നത്. ഒരുപറ്റം മനുഷ്യാവകാശപ്രവര്‍ത്തകരും ദേശവിരുദ്ധരും ഉയര്‍ത്തുന്ന എല്ലാ പ്രസ്താവനകളും ആരോപണങ്ങളും അതേപടി കേള്‍ക്കാനും അതിനനുസരിച്ച് പ്രവര്‍ത്തിക്കാനും ആണോ സുപ്രീംകോടതി നിലകൊള്ളേണ്ടത് എന്ന കാര്യത്തില്‍ സാധാരണ പൗരന്മാര്ക്ക് പോലും ആശങ്കയുണ്ട്. ഉത്തര്‍പ്രദേശിലെ ഏതെങ്കിലും ഒരു ഗ്രാമത്തില്‍ ഒരു വിദ്യാര്‍ത്ഥിയെ ഒരു അധ്യാപിക കൂടെയുള്ള വിദ്യാര്‍ത്ഥികളെ കൊണ്ട് തല്ലിച്ച സംഭവം ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ഭരണപരമായ വീഴ്ചയായി എങ്ങനെ കാണാനാകും?
മുസാഫര്‍പൂരില്‍ പോയി മുസ്ലിം കുട്ടിയെ കണ്ട എം.പിമാരൊക്കെ ദുഗാവാറില് പോയി ഹിന്ദു കുട്ടിയെയും കാണണം. ഈ രണ്ടു തല്ലുകള്‍ക്ക് തമ്മില്‍ എന്തെങ്കിലും വ്യത്യാസം ഉണ്ടോ, മുസ്ലിം കുട്ടിയെ ഹിന്ദു കുട്ടി തല്ലിയതിനാണോ കൂടുതല്‍ ആഘാതം എന്ന് കണ്ടുപിടിക്കാന്‍ തീവ്രത അളക്കുന്നതില്‍ വിദഗ്ധരായ പി.കെ.ശ്രീമതിയേയും എ.കെ.ബാലനേയും അവിടേക്ക് അയച്ചാലും നല്ലതാണ്. ഹിന്ദുസമൂഹത്തോട് ഇടതുപക്ഷ പ്രസ്ഥാനങ്ങളും പിണറായി വിജയന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയും വിദ്യാഭ്യാസ വകുപ്പും പുലര്‍ത്തുന്ന പ്രകടമായ വര്‍ഗീയ ചേരിതിരിവിന്റെ സൂചനയാണ് ഈ രണ്ടു സംഭവങ്ങളോടുമുള്ള പ്രതികരണം കാട്ടുന്നത്. ബഹുമാനപ്പെട്ട നീതിപീഠങ്ങള്‍ക്കും ഇത് ഒരു തിരിച്ചറിവിന്റെ പാഠമാകണം.
കണ്ണു മൂടിക്കെട്ടി തെളിവ് മാത്രം കേട്ട് വിധി പറയുന്ന നീതിദേവതയുടെ മുന്നില്‍ മുസ്ലിം കുട്ടിക്കും ഹിന്ദു കുട്ടിക്കും ഒരേ നീതിയാണ് കിട്ടേണ്ടത്. അടുത്തിടെ സുപ്രീംകോടതിയില്‍ വന്നിട്ടുള്ള പല ഹര്‍ജികളും ഇത്തരം കപട മതേതരവാദികളുടെയും ദേശവിരുദ്ധരുടേതുമാണ്.സാധാരണക്കാര്‍ക്കിടയില്‍ പോലും ആശങ്ക ഉണ്ടാക്കുന്ന തരത്തില്‍ അര്‍ബന്‍ നക്സലുകള്‍ക്കും അനുചരര്‍ക്കും വേണ്ടി ചില ജഡ്ജിമാര്‍ എങ്കിലും വഴങ്ങുന്നു എന്ന സംശയം പൊതുസമൂഹത്തില്‍ ഉണ്ട്. മാത്രമല്ല, കൊളീജിയം സംവിധാനത്തിന് വേണ്ടി സുപ്രീം കോടതി വാശിപിടിക്കുന്നത് യുക്തിസഹമാണെന്ന് തോന്നുന്നില്ല. ഇന്ത്യയിലെ എല്ലാ ഹൈക്കോടതികളിലും സുപ്രീംകോടതിയിലും കൂടി 250 കുടുംബങ്ങളില്‍പ്പെട്ട ജഡ്ജിമാര്‍ മാത്രമേ വന്നിട്ടുള്ളൂ എന്നും ഇതൊരു വരേണ്യ വിഭാഗത്തില്‍ മാത്രം ഒതുങ്ങി നില്ക്കുന്നു എന്ന കാര്യവും കാണേണ്ടതല്ലേ. സുപ്രീംകോടതിയിലെയും ഹൈക്കോടതിയിലെയും ജഡ്ജിമാരുടെ മക്കള്‍ മാത്രം ജഡ്ജിമാരാകുന്ന സംവിധാനത്തില്‍ മക്കള്‍ രാഷ്ട്രീയത്തെ വിമര്‍ശിക്കാന്‍ കഴിയുമോ? ജനാധിപത്യ സംവിധാനത്തില്‍ ജനങ്ങള്‍ തിരഞ്ഞെടുക്കുന്ന സര്‍ക്കാരിനു കൂടി അഭിപ്രായം പറയാന്‍ കഴിയുന്ന ഒരു സംവിധാനം അല്ലേ അഭികാമ്യം. ജഡ്ജിമാരുടെ നിയമനത്തിന് വേണ്ടി കൊണ്ടുവന്ന സുതാര്യമായ സംവിധാനത്തെ സുപ്രീംകോടതി റദ്ദാക്കിയത് എന്തുകൊണ്ടാണ്? ചീഫ് ജസ്റ്റിസും മുതിര്‍ന്ന ജഡ്ജിമാരും അംഗങ്ങളായ ഈ സംവിധാനത്തെ എതിര്‍ക്കുന്നതിന് ന്യായയുക്തമായ ഒരു കാര്യം ചൂണ്ടിക്കാട്ടാന്‍ കഴിയുമോ? നിഷ്പക്ഷത, സുതാര്യത, സത്യസന്ധത എന്നിവ ഉറപ്പാക്കണം. അത് ചില കുടുംബക്കാരുടെ കൈകളില്‍ മാത്രം ഒതുങ്ങുന്നത് കൊണ്ടാണ് ഇത്തരം ഏകലോചന സംവിധാനം ഉരുത്തി രിയുന്നത്.
കേരളത്തിലെ ജില്ലാ ജഡ്ജിമാരുടെ നിയമനത്തില്‍ മെറിറ്റ് അട്ടിമറിച്ച സംഭവത്തില്‍ കേസ് പരിഗണിക്കാന്‍ വൈകിയത് സുപ്രീംകോടതിയുടെ പിഴവല്ലേ? ആ പിഴവു പോലും അംഗീകരിക്കാതെ പിന്‍വാതില്‍ കൂടി കയറിയവരെ നിയമിക്കാന്‍ ഓശാന പാടിയവര്‍ക്ക് എങ്ങനെ രാഷ്ട്രീയത്തിലെയും പൊതുസമൂഹത്തിലെയും അഴിമതിക്കെതിരെ ശബ്ദിക്കാനാകും? മുസ്ലിം കുട്ടിയെ തല്ലിയ സംഭവം മനസാക്ഷിയെ പിടിച്ചുലയ്ക്കണമെന്ന് പറയുന്നവര്‍ ഹിന്ദു കുട്ടിയെ തല്ലുമ്പോള്‍ നിശബ്ദത പാലിക്കുന്നത് നീതിബോധം ഇല്ലാത്തതു കൊണ്ടാണെന്ന് പറയാതിരിക്കാനാവില്ല. ഈ രണ്ടു സംഭവത്തെയും ഒരേ രീതിയില്‍ കാണുകയും രണ്ട് അധ്യാപകരുടെ വിവരക്കേട് മാത്രമാണെന്ന് കണ്ട് ആ തലത്തില്‍ മാത്രം നടപടിയെടുക്കുകയും ചെയ്ത നിലപാടല്ലേ ശരി. ഹിന്ദു അധ്യാപിക തല്ലി എന്ന വീഡിയോ സ്കൂളില്‍ നിന്ന് ചിത്രീകരിച്ച് ലോകവ്യാപകമായി പ്രചരിപ്പിക്കാന്‍ ശ്രമിച്ച തീവ്രവാദ മനസ്സ് കാണുകയും അറിയുകയും ചെയ്യാതെ അവരുടെ പ്രചാരണത്തില്‍ വീണുപോയ സമൂഹം ഇനിയെങ്കിലും ഇതൊക്കെ തിരിച്ചറിയാന്‍ ശ്രമിക്കുമോ? മുസ്ലിം സമൂഹത്തിനും വോട്ട് ബാങ്കിനും മാത്രമായി അടിമപ്പണി ചെയ്യുന്ന ശിവന്‍കുട്ടിയെയും പിണറായിയെയും കേരളം തിരിച്ചറിയുമോ.?
പ്രതികരിക്കാൻ ഇവിടെ എഴുതുക: