തിരുവനന്തപുരം : ശുചിത്വ ഭാരതത്തിൻറെ സൃഷ്ടിക്ക് വേണ്ടി രാജ്യത്തെ എല്ലാ ജനങ്ങളെയും ഒരുമിപ്പിക്കുന്ന മഹത്തായ പദ്ധതിക്ക് രൂപം കൊടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സാധിച്ചെന്ന് കേന്ദ്ര വിദേശകാര്യ പാർലമെന്ററി കാര്യ സഹമന്ത്രി വി. മുരളീധരൻ.കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ സ്വച്ഛഭാരത് മിഷനെ കുറിച്ച് നടത്തുന്ന സംയോജിത ബോധവൽക്കരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഈ മഹത്തായ പദ്ധതിയുടെ പശ്ചാത്തലത്തിൽ കോവിഡ് കാലത്ത് കൈകഴുകൽ, മാസ്ക് ധരിക്കൽ തുടങ്ങിയ ശീലങ്ങളുമായി വളരെ പെട്ടെന്ന് പൊരുത്തപ്പെടാൻ ജനങ്ങൾക്കായി എന്നും അദ്ദേഹം പറഞ്ഞു. ശുചിത്വമാണ് തന്റെ ലക്ഷ്യം എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയെപ്പോലെ ഒരു ലോക നേതാവും ഊന്നിപ്പറഞ്ഞിട്ടില്ല. സ്വാതന്ത്ര്യദിന സന്ദേശങ്ങളിൽ പോലും തുടർച്ചയായി അദ്ദേഹം ശുചിത്വത്തിന്റെ പ്രധാന്യത്തെക്കുറിച്ച് പറഞ്ഞു കൊണ്ടിരുന്നു.ശുചിത്വ ഭാരത മിഷന്റെ ഭാഗമായി 11 കോടിയിലധികം ശുചിമുറികൾ രാജ്യവ്യാപകമായി നിർമ്മിച്ചു. ചില പഠനങ്ങൾ വെളിവാക്കുന്നത് സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ കുറയ്‌ക്കാൻ പൊതു ഇടങ്ങളിലെ മലമൂത്ര വിസർജനം ഒഴിവാക്കുന്നതിലൂടെ സാധിച്ചു എന്നതാണ്.
ഇത്തരത്തിൽ സമൂഹത്തിന്റെ വിവിധതലങ്ങളിൽ സ്വാധീനം ചെലുത്താൻ ശുചിത്വഭാരത മിഷനു കഴിഞ്ഞിട്ടുണ്ട്. കേരളത്തിൽ ഈ പദ്ധതി ആവശ്യം ഉണ്ടോ എന്ന് പോലും ചിലർ സംശയം പ്രകടിപ്പിച്ചു. എന്നാൽ കേരളത്തിൽ രണ്ട് ലക്ഷത്തിനാല്പതിനായിരത്തിലധികം ശുചിമുറികൾ നിർമ്മിച്ചു. മറ്റു പല സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം മുന്നിലാണെങ്കിലും ഈ എണ്ണം കാണിക്കുന്നത് കേരളത്തിനു മുന്നേറാൻ ഇനിയും ഒട്ടേറെയുണ്ട് എന്നാണ്.
അതുപോലെ ഖരമാലിന്യ സംസ്ക്കരണത്തിന്റെ കാര്യത്തിലും കേരളം ഏറെ മുന്നോട്ടു പോകേണ്ടിയിരിക്കുന്നു. ഏതാനും ചില സ്വയംഭരണ സ്ഥാപനങ്ങൾ ഒഴിച്ചാൽ മിക്കവാറും എല്ലാ കോർപ്പറേഷനുകളുടെയും മുൻസിപ്പാലിറ്റിയുടെയും ഖരമാലിന്യ നിർമാർജ്ജന സംവിധാനം വളരെ പരിതാപകരമാണ്. ബ്രഹ്മപുരം പോലെയുള്ള സംഭവങ്ങളും നാം കൺമുമ്പിൽ കണ്ടുകഴിഞ്ഞു. മാലിന്യം അഴിമതി നടത്താൻ ഉള്ള അക്ഷയഖനിയായി മാറിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് കണ്ടത്. ഇത് ഈ തലമുറയെ മാത്രമല്ല വരും തലമുറയെയും സാരമായി ബാധിക്കുന്ന വിഷയമാണ്.
ഇൻഡോർ, അഹമ്മദാബാദ് പോലെയുള്ള വൻ നഗരങ്ങളുടെ ശുചിത്വ മാതൃകയും നമ്മുടെ മുന്നിലുണ്ട്. കൊച്ചി, തിരുവനന്തപുരം തുടങ്ങിയ നഗരങ്ങളേക്കാൾ ഇരട്ടിയിലധികം ആണ് അവിടെ ജനസംഖ്യ. ഇതുപോലുള്ള മികച്ച മാതൃക കണ്ടെത്തുന്നതിന് കേരളത്തിനാകണം. മാലിന്യ നിർമ്മാർജ്ജനം യുവജനപ്രസ്ഥാനങ്ങളിലൂടെയും ജനമുന്നേറ്റങ്ങളിലൂടെയും ജനകീയ പ്രസ്ഥാനമായി മാറ്റണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശ്രീ അരബിന്ദോ കൾച്ചറൽ സൊസൈറ്റിയുമായി ചേർന്ന് നടത്തുന്ന പരിപാടിയുടെ ആദ്യ ദിനം സ്വച്ഛഭാരത് മിഷൻ, മാലിന്യ വിമുക്ത ഭാരതം, സുസ്ഥിര ഭാവിക്കായി ഉള്ള ഒറ്റതവണ പ്ലാസ്റ്റിക് ഇതര ഉപയോഗം എന്നിവയെക്കുറിച്ച് ഉദയനൻ നായർ, പള്ളിപ്പുറം ജയകുമാർ എന്നിവർ ക്ലാസുകൾ എടുത്തു. മാജിക് ഷോ, മത്സരങ്ങൾ, സമ്മാനവിതരണം എന്നിവയും നടന്നു. മന്ത്രിയുടെ നേതൃത്വത്തിൽ സ്വച്ഛതാ പ്രതിജ്ഞയും എടുത്തു.
സിബിസി കേരള ലക്ഷദ്വീപ് മേഖല അഡിഷണൽ ഡയറക്ടർ ജനറൽ വി.പളനിച്ചാമി ഐഐഎസ് അധ്യക്ഷത വഹിച്ചു. സി ബിസി ജോയിൻ്റ് ഡയറക്ടർ വി. പാർവതി ഐഐഎസ് ആമുഖ പ്രസംഗം നടത്തി. അഡ്വ. വി.വി.രാജേഷ്, ഫീൽഡ് എക്സിബിഷൻ ഓഫിസർ ജൂണി ജേക്കബ്, പ്രഫസർ പി.രഘുനാഥൻ എന്നിവർ പ്രസംഗിച്ചു.നാളെ പൂജപ്പുര ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജി ( എസ് സി ടി ഐ എം എസ് ടി ) ബയോ മെഡിക്കൽ ടെക്നോളജി വിങ്ങിൽ ശുചീകരണ യജ്ഞം നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: