Categories: Alappuzha

വലിയകലവൂര്‍ ക്ഷേത്രത്തിന്റെ ശോച്യാവസ്ഥ ഓംബുഡ്‌സ്മാന്‍ റിപ്പോര്‍ട്ട് തേടി

Published by

മണ്ണഞ്ചേരി: വലിയകലവൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ശോച്യാവസ്ഥ പരിഹരിക്കുന്നതു വൈകുന്നതിന്റെ കാരണം സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഓംബുഡ്‌സ്മാന്‍ നിര്‍ദ്ദേശം. തിരുവിതാംകൂര്‍, കൊച്ചി ദേവസ്വം ബോര്‍ഡുകളുടെ ഓംബുഡ്‌സ്മാന്‍ ജസ്റ്റിസ് പി.ആര്‍ രാമനാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. ക്ഷേത്രവിശ്വാസിയായ ടി. പി രാമകൃഷ്ണന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. അടുത്തമാസം 16നകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്.

ക്ഷേത്രത്തിലെ ശോച്യാവസ്ഥ സംബന്ധിച്ച് നേരത്തെ മാദ്ധ്യമ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.ക്ഷേത്രത്തില്‍ കുഞ്ഞിന് ചോറൂട്ടുന്നതിനിടെ ആനക്കൊട്ടിലിന്റെ മേല്‍ക്കൂരയുടെ കോണ്‍ക്രീറ്റ് ഭാഗം അടര്‍ന്നു വീണ് കുഞ്ഞിന്റെ മാതാവിന് പരിക്കേറ്റ സംഭവം ഉണ്ടായി. ഇതേ തുടര്‍ന്ന് ആനക്കൊട്ടില്‍ പൊളിച്ച് നീക്കി. ഇതുവരെയും പുനര്‍നിര്‍മ്മിച്ചിട്ടില്ല. ക്ഷേത്രത്തിന്റെ തിടപ്പള്ളിയും ജീര്‍ണാവസ്ഥയിലാണ്.ഇവിടെയാണ് ക്ഷേത്രത്തിലേക്ക് ആവശ്യമായ നിവേദ്യവും ക്ഷേത്ര ജീവനക്കാര്‍ക്കുള്ള ഭക്ഷണവും തയ്യാറാക്കുന്നത്.

ദേവസ്വം കമ്മിറ്റി ഓഫീസ് ഏത് നിമിഷവും നിലം പതിക്കുവുന്ന സ്ഥിതിയിലാണ്. മഴയില്‍ ചോര്‍ന്നൊലിക്കുന്നതിനെ തുടര്‍ന്ന് കമ്മിറ്റി ഓഫീസിന്റെ മേല്‍ക്കൂര പ്ലാസ്റ്റിക് ഷീറ്റ് ഉപയോഗിച്ച് മറച്ചിരിക്കുകയാണ്.ശോച്യാവസ്ഥ പരിഹരിക്കുന്നത് വൈകുന്നത് സംബന്ധിച്ച് ദേവസ്വം ബോര്‍ഡ് സെക്രട്ടറി, കമ്മീഷണര്‍, അസിസ്റ്റന്റ് കമ്മീഷണര്‍, എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എന്നിവരില്‍ നിന്നാണ് ഓംബുഡ്‌സ്മാന്‍ വിശദീകരണം ആവശ്യപ്പെട്ടിട്ടുള്ളത്.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള പുരാതന ക്ഷേത്രങ്ങളില്‍ ഒന്നാണ് വലിയ കലവൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം. രണ്ടര ലക്ഷത്തോളം രൂപ പ്രതിമാസ വരുമാനം ക്ഷേത്രത്തില്‍ നിന്നുണ്ടായിട്ടും ഇവിടെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നില്ലെന്നാണ് വിശ്വാസികളുടെ പരാതി. തിടപ്പള്ളിയും ജീര്‍ണാവസ്ഥയിലാണ്. ഇവിടെയാണ് നിവേദ്യങ്ങളും ക്ഷേത്രം ജീവനക്കാര്‍ക്കുള്ള ഭക്ഷണങ്ങളും ഉണ്ടാക്കുന്നത്. ദേവസ്വം കമ്മിറ്റി ഓഫീസും ഏതു നിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലാണ്.

മഴക്കാലത്ത് ചോര്‍ന്ന് ഒലിക്കുന്നതിനാല്‍ പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് മേല്‍ക്കൂര മറച്ചിരിക്കുകയാണ്. ക്ഷേത്രത്തിന്റെ ചുറ്റുമതില്‍ നിര്‍മ്മാണം പൂര്‍ത്തീകരിക്കാനും കഴിഞ്ഞിട്ടില്ല. കാണിക്കയായി ഒരു ലക്ഷം രൂപയും വഴിപാടിനത്തില്‍ ഒന്നര ലക്ഷം രൂപയും മാസം തോറും ഇവിടെ നിന്ന് ദേവസ്വം ബോര്‍ഡിന് ലഭിക്കുന്നുണ്ട്. ക്ഷേത്രത്തിന്റെ നവീകരണവും അടിസ്ഥാന സൗകര്യ വികസനവും ആവശ്യപ്പെട്ടു ക്ഷേത്ര സംരക്ഷണ സമിതിയ്‌ക്ക് രൂപം നല്‍കി പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് ഭക്തര്‍.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by