ഗായത്രീമന്ത്രാര്‍ത്ഥം
ഓംകാരത്തിനു ബ്രഹ്മമെന്നു പറയുന്നു. ഇതു പരമാത്മാവിന്റെ സ്വയംസിദ്ധമായ നാമമാണ്. യോഗവിദ്യ അഭ്യസിച്ച ആചാര്യന്മാര്‍ സമാധിയുടെ സ്ഥിതിയിലെത്തി ബ്രഹ്മസാക്ഷാല്‍ക്കാരം നേടുമ്പോള്‍ അവര്‍ക്കു പ്രകൃതിയുടെ ശ്രേഷ്ഠമായ അന്തരാളത്തില്‍നിന്നും ധ്വനി ഉയരുന്നതായി അനുഭവപ്പെടുന്നു. ഘടികാരം അടിക്കുമ്പോള്‍ അതിന്റെ ധ്വനി വളരെ നേരം മുഴങ്ങിക്കൊണ്ടിരിക്കുന്നതുപോലെ തുടര്‍ച്ചയായി ഒരേ ശബ്ദകമ്പനം അവരുടെ കര്‍ണ്ണപുടങ്ങളില്‍ പതിക്കുന്നു. ഈ നാദം ഓംകാരത്തോടു സാദൃശ്യമുള്ളതാണ്. ഇതു ഈശ്വരന്റെ സ്വയംസിദ്ധനാമമായി ഋഷിമാര്‍ കരുതുകയും ഇതിനു ‘ശബ്ദം’ എന്നു പറയുകയും ചെയ്തു.
ഈ ശബ്ദബ്രഹ്മത്തില്‍ നിന്നാണ് രൂപം ഉണ്ടായത്. ഈ ശബ്ദത്തിന്റെ കമ്പനം നേരേപോയതിനുശേഷം വലത്തേക്കു തിരിയുന്നു. ശബ്ദം സ്വന്തം കേന്ദ്രത്തിന്റെ അച്ചുതണ്ടിലും കറങ്ങുന്നു. ഇപ്രകാരം അതു നാലുപാടും കറങ്ങുന്നു. ഈ ഭ്രമണത്തിന്റെയും, കമ്പനത്തിന്റെയും, ഗതിയുടെയും, തിരിവിന്റെയും അടിസ്ഥാനത്തില്‍ ‘സ്വസ്തിക്’ രൂപപ്പെടുന്നു. ഈ സ്വസ്തിക് ഓംകാരത്തിന്റെ രൂപമാണ്.
ഓംകാരത്തിനു ‘പ്രണവം’ എന്നും പറയുന്നു. ഇത് സകല മന്ത്രങ്ങളുടെയും ഹേതുവാണ്, എന്തെന്നാല്‍ ഇതില്‍ നിന്നുമാണ് സകല ശബ്ദങ്ങളും മന്ത്രങ്ങളും ഉണ്ടാകുന്നത്. പ്രണവത്തില്‍ നിന്നും വ്യാഹൃതികള്‍ ഉത്ഭവിക്കുകയും വ്യാഹൃതികളില്‍നിന്നും വേദങ്ങള്‍ ആവിര്‍ഭവിക്കുകയും ചെയ്തു.
ഇതേക്കുറിച്ചുള്ള കുറേ വിശകലനങ്ങള്‍ താഴെ ചേര്‍ത്തിരിക്കുന്നു
‘സര്‍വ്വേഷാമേവ മന്ത്രാണാം
കാരണം പ്രണവഃ സ്മൃതഃ
തസ്മാത് വ്യാഹൃതയോ
ജാതാസ്താഭ്യോ വേദത്രയം തഥാ’
(വൃദ്ധഹാരീതി 6/88)
അര്‍ത്ഥം: സമസ്ത മന്ത്രങ്ങളുടെയും ഹേതുഭൂതമാണ് ഓംകാരം. ഓംകാരത്തില്‍ നിന്നാണ് വ്യാഹൃതികള്‍ ഉത്ഭവിച്ചത്. വ്യാഹൃതികളില്‍ നിന്നു മൂന്നു വേദങ്ങളും ഉണ്ടായി.
‘ഭൂരിത്യേവ ഹി ഋഗ്വേദോ
ഭുവഃ ഇതി യജൂസ്തഥാ
സ്വരിതി സാമവേദഃ സ്യാത്
പ്രണവോ ഭുര്‍ഭുവഃസ്വതഃ’
അര്‍ത്ഥം: ‘ഭൂഃ’ എന്നതില്‍നിന്ന് ഋഗ്വേദവും ‘ഭുവഃ’ എന്നതില്‍ നിന്ന് യജുര്‍വേദവും ‘സ്വഃ’ എന്നതില്‍നിന്ന് സാമവേദവും ഉണ്ടായി.
‘സപ്ത വ്യാഹൃതിഷു പ്രോക്തഃ
പ്രണവോയം പുനഃ പുനഃ
സപ്തനാമപി ലോകാനാം
ശക്തിബ്രഹ്മ സ്വരൂപതാം’
ഈ ഓംകാരം ഏഴു വ്യാഹൃതികളിലും വീണ്ടും വീണ്ടും ഉച്ചരിക്കപ്പെട്ടിരിക്കുന്നു. അതിനാല്‍ ഏഴുലോകങ്ങളിലെയും ബ്രഹ്മസ്വരൂപത്തിന്റെ ചിഹ്നമാണിത്.
‘തത്ര സര്‍വ്വവേദാനാം സാരമസ്തി’
അല്ലയോ നചികേതസേ, ഓംകാര സാധനയില്‍ തന്നെയാണ് സമസ്തവേദങ്ങളുടെയും സാരം അടങ്ങിയിരിക്കുന്നത്.
‘അകാരം ചാപ്യുകാരം ച
മകാരം ച പ്രജാപതിഃ
വേദത്രയാന്നിരഹദ
ഭൂര്‍ഭുവഃ സ്വരതീത ച’
(മനു അ. 2/76)
ബ്രഹ്മാവ് അകാരം ഉകാരം മകാരം എന്നിവയെയും, അതായത് ഓംകാരത്തെയും ഭൂര്‍ഭുവഃസ്വഃ എന്നിവയെയും മൂന്നു വേദങ്ങളില്‍ നിന്നും നിര്‍മ്മിക്കുകയുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക