ഡോ.അനില്‍കുമാര്‍ വടവാതൂര്‍
നാടന്‍ കഥയിലെ റിപ്വാന്‍ വിങ്കിള്‍ നന്നെ ചെറുപ്പമായിരുന്നു. കുഴിമടിയന് മലമുകളില്‍ കറങ്ങി നടന്ന് സമയം കൊല്ലുന്നതായിരുന്നു ശീലം. അന്നൊരിക്കല്‍ കാസ്കിന് പര്‍വതനിരകളില്‍ അലഞ്ഞു നടന്ന റിപ്വാന്‍ വിങ്കിള്‍ ഒരു കാഴ്ച കണ്ടു. കളിച്ചു തിമിര്‍ക്കുന്ന ഒരു കൂട്ടം കള്ളന്മാര്. അവര്‍ അയാള്‍ക്ക് വലിയൊരു പാത്രം വീഞ്ഞ് പകര്‍ന്നു നല്കി. വീഞ്ഞ് കുടിച്ച് മത്ത് പിടിച്ചുറങ്ങിയ റിപ്വാന്‍ വിങ്കിള്‍ കണ്ണുതുറന്നത് 20 വര്‍ഷം കഴിഞ്ഞ്. ദ്രവിച്ചുപോയ തോക്കിന്റെ അരിയില്‍ നരച്ചുതൂങ്ങിയ മുടിയും പീളകെട്ടിയ കണ്ണുകളുമായി കാലമറിയാതെ അയാള്‍ പകച്ചുനിന്നു. മാന്ത്രിക ആപ്പിള്‍ കഴിച്ച് മടങ്ങിയ ‘സ്ലീപ്പിങ് ബ്യൂട്ടി’ എന്ന രാജകുമാരി ഉറങ്ങിയത് നൂറ് വര്‍ഷം. നമ്മുടെ ഇതിഹാസത്തിലെ കരുത്തനായ കുംഭകര്ണന് ഉറക്കത്തില്‍ നിന്ന് എണീറ്റുവരുന്നത് ആറ് മാസം കൂടുമ്പോള്‍… അതുപോലൊരാള്‍ സൈബീരിയയില്‍ ഉയര്‍ത്തെണീറ്റിരിക്കുന്നു. അതും 46000 വര്‍ഷത്തെ സുഖമായ ഉറക്കത്തിനുശേഷം. നിയാണ്ടര്താല് മനുഷ്യന്റെ കാലത്ത് ജീവിച്ചിരുന്ന ഒരുതരം ഉരുണ്ടവിര (റൗണ്ട് വേം) ആണ് കഥാനായകന്. അദ്ദേഹം എണീറ്റതു മാത്രമല്ല, പ്രത്യുല്പ്പാദനവും തുടങ്ങിയിരിക്കുന്നത്രേ.
സൈബീരിയയിലെ മഞ്ഞുറഞ്ഞ മണ്ണില്‍ (പെര്‍മാഫ്രോസ്റ്റ്)കിടന്ന ഈ പേരറിയാ നെമാറ്റോഡ് വര്‍ഗം ഒരുതരം ഹൈബര്‍നേഷനിലായിരുന്നത്രെ-ശാസ്ത്രജ്ഞര്‍ കണ്ടെത്തും വരെ. ഈ സുഷുപ്തിക്കു പേര് ‘ക്രിപ്റ്റോ ബയോസിസ്.’ തികച്ചും പ്രതികൂലമായ കാലാവസ്ഥയില്‍ വരണ്ടുണങ്ങി ഓക്സിജന്‍ പോലും വെടിഞ്ഞ് എല്ലാ ശാരീരിക ജൈവ പ്രവര്‍ത്തനങ്ങളും പൂര്‍ണമായി ഉപേക്ഷിച്ചുള്ള സമാധിയാണിത്. ഒരുതരം ജൈവ സമാധി. പക്ഷേ അനുകൂല പരിസ്ഥിതിയില്‍ ഉയര്‍ത്തെണീക്കും. സ്വയം ആരോഗ്യം കൈവരിക്കും.
മൈക്രോബയോളജിയുടെ പിതാവായ ആന്റൊണി വാന്‍ ലിവന് ഹുക്കാണ് ചില ജീവികളിലെ ഈ അസാമാന്യ സിദ്ധി ആദ്യമായി കണ്ടെത്തിയത്. കിഴക്കന്‍ റഷ്യയിലെ കോലിമാ നദിക്കരികില്‍ ഉറഞ്ഞുകിടന്ന പെര്മാഫ്രോസ്റ്റിന് ഏറെ ആഴത്തില്‍ നിന്നാണ് രണ്ട് നിമാ വിരകളെ ശാസ്ത്രജ്ഞര്‍ ആദ്യം കണ്ടെടുത്തത്. അവയുടെ ജനിതക കോഡ് വിശകലനം ചെയ്തപ്പോള്‍ ഇതുവരെ അറിയപ്പെടുന്ന ഒരു ജന്തുവര്‍ഗ(സ്പീഷിസ്)വുമായി ബന്ധമില്ലെന്നും കണ്ടെത്തി. കുഴിച്ചെടുത്ത മണ്ണ് കാര്‍ബണ്‍ ഡേറ്റിങ്ങിനു വിധേയമാക്കിയപ്പോള്‍ കണ്ടത് പ്ലിസ്റ്റോസീന്‍ കാലത്തോളം പഴക്കം. മനുഷ്യന് ആഫ്രിക്കയില്‍നിന്ന് യൂറോപ്പിലേക്ക് ആദ്യമായി കുടിയേറിയ കാലത്തോളം. അവയെ കണ്ടെത്തിയ നദിയെ ആദരിച്ച് വിരകള്‍ക്ക് ഗവേഷകര്‍ നല്കിയ പേര് ‘പനാഗ്രോ ലൈമൂസ് കോലിമാന്‍സിസ്.’
ജര്‍മനിയിലെ മാക്സ് പ്ലാങ്ക് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മോളിക്കുലാര്‍ സെല്‍ ബയോളജി ആന്‍ഡ് ജനിറ്റിക്സിലെ പ്രൊഫസര്‍ തൈമുറാസ് കുര്‍ചാലിയയും സംഘവുമാണ് പ്രാകൃതകാലത്തെ വിരവര്‍ഗത്തെ സുഷുപ്തിയില്‍ നിന്ന് തട്ടിയുണര്‍ത്തിയത്. പ്രത്യേകം തയ്യാറാക്കിയ പോഷക മാധ്യമത്തില്‍ 21 ഡിഗ്രി ചൂടില്‍ ഗവേഷകര്‍ അവയെ നിരവധി ആഴ്ചകള്‍ പരിചരിച്ചു. ഉണര്‍ന്നവ പ്രത്യേല്‍പ്പാദനവും തുടങ്ങി. അലൈംഗിക പ്രത്യുല്പ്പാദനം. ഈ കണ്ടുപിടുത്തത്തിലൂടെ ജീവനും മരണത്തിനുമിടക്കുള്ള നനുത്ത രേഖയിലേക്ക് അപൂര്‍വ വെളിച്ചാണ് ലഭിച്ചതെന്ന് ‘പ്ലോസ് ജനിറ്റിക്സ്’ ജേര്‍ണലിലെ ലേഖനം പറയുന്നു.
ക്രിപ്റ്റോ ബയോസിസ് എന്ന ഗൂഢസമാധിയുടെ രഹസ്യങ്ങള്‍ തുറക്കാന്‍ കഴിയുന്നത് മനുഷ്യവര്‍ഗത്തിന്റെ നിലനില്‍പ്പിന് ഏറെ ഉപകാരപ്പെടുമെന്നാണ് പ്രതീക്ഷ. അതറിഞ്ഞാല്‍ കാലാവസ്ഥാ പ്രാതികൂല്യം മൂലം ഉണ്ടായേക്കാവുന്ന അതി പ്രതികൂല സാഹചര്യങ്ങളെ തരണം ചെയ്യാന്‍ മനുഷ്യന് പ്രാപ്തി ലഭിക്കും. നക്ഷത്രാന്തര യാത്രകള്‍ക്ക് തയ്യാറാകുന്ന ആകാശയാത്രികര്‍ക്ക് പ്രയോജനകരമാവും. ഇത്തരം ജീവികളുടെ ജീന്‍, പ്രോട്ടീന്‍ വിശകലനം മനുഷ്യന്റെ പ്രതിരോധശേഷി വര്‍ധിക്കാനുള്ള സൂത്രങ്ങള്‍ മെച്ചപ്പെടുത്താനും സഹായിക്കുമെന്ന് കരുതുന്നു. പക്ഷേ അതിലുമുണ്ട് അപകട സാധ്യതകള്‍. ഉണര്‍ത്തിയെടുക്കുന്ന ജീവികള്‍ ഭൂമിക്ക് അപകടകാരികളായി മാറിയാലോ. സിനിമയാണെങ്കിലും ‘ജുറാസിക് പാര്‍ക്ക്’ അത്തരമൊരു മുന്നറിയിപ്പാണല്ലോ നമുക്ക് നല്‍കുന്നത്.
അപൂര്‍വ ലോഹങ്ങള്‍ അമൂല്യ ലോഹങ്ങള്‍
വൈദ്യുത വാഹനങ്ങളുടെ നിര്‍മാണത്തിന് അത്യന്താപേക്ഷിതമായ ‘ലിതിയ’ത്തിന്റെ വന്‍ശേഖരം ഇന്ത്യയില്‍ കണ്ടെത്തിയ് വലിയ വാര്‍ത്തയായിരുന്നു. അതിന്റെ തുടര്‍ച്ചയെന്നോണം അമേരിക്ക നേതൃത്വം നല്കുന്ന ‘മിനറല്‍സ് സെക്യൂരിറ്റി പാര്‍ട്ട്നര്‍ഷിപ്പ്’ (എംഎസ്പി)ന്റെ ഭാഗവുമായി നാം. തുടര്‍ന്ന് കൂട്ടായ്മയിലെ അംഗങ്ങളായ ഫ്രാന്‍സിലെയും ബ്രിട്ടനിലെയും കമ്പനികള്‍ ലിതിയ ഖനി വികസിപ്പിക്കുന്നതിന് മുന്നോട്ടുവന്നു കഴിഞ്ഞുവത്രേ. പ്രതിവര്‍ഷം അഞ്ച് ലക്ഷം വൈദ്യുത വാഹനങ്ങള്‍ക്കാവശ്യമായ ലിതിയം ഉല്‍പ്പാദിപ്പിക്കുകയാണ് ലക്ഷ്യം. അതിനിടെയാണ് ഗാലിയം, ജെര്‍മാനിയം തുടങ്ങിയ അപൂര്‍വ ലോഹങ്ങളുടെ കയറ്റുമതി ചൈന നിരോധിച്ചുവെന്ന വാര്‍ത്ത വരുന്നത്. അത് സെമി കണ്ടക്ടറുകളുടെ നിര്‍മാണത്തെ പ്രതികൂലമായി ബാധിക്കും.
എന്നാല്‍ 20.83 ദശലക്ഷം ടണ്‍ ഗാലിയം സ്വന്തമായുള്ള ഭാരതത്തിന് ചൈനയുടെ നടപടി അനുഗ്രഹമാകുമെന്നാണ് പ്രതീക്ഷ. നമ്മുടെ ചില കര്‍ക്കരി ഖനികളില്‍ നേരിയ തോതില്‍ ജെര്‍മനിയവും ഉണ്ടെന്നും ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ പഠനം വ്യക്തമാക്കുന്നു.
അഡോബും പിഡിഎഫും: ജോണ്‍ വാര്‍നോക് ഇനി ഓര്‍മ്മ
കമ്പ്യൂട്ടര്‍ സോഫ്റ്റ് വെയര്‍ രംഗത്ത് അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചുകാണിച്ച ജോണ്‍ വാര്‍നോക് ഇനി ഓര്‍മ്മ. കണക്കിന് മാര്‍ക്ക് കുറഞ്ഞതിന് ക്ലാസില്‍ പഴികേട്ട് തലകുനിച്ചിരുന്ന വാര്‍നോക് ചങ്ങാതിയായ ചാള്‍സ് ഗെഷ്കെയുമായി ചേര്‍ന്ന് കമ്പ്യൂട്ടര്‍ രംഗത്ത് വിപ്ലവത്തിനു വഴിതെളിച്ചു. തങ്ങളുടെ വീടിന്റെ അരികില്‍ ഒഴുകിയ പുഴ ‘അഡോബി’യെ അനശ്വരമാക്കി.
കമ്പ്യൂട്ടറില്‍ രേഖപ്പെടുത്തുന്ന വിവരങ്ങളെ സുരക്ഷിതമായി സൂക്ഷിക്കുന്നതിനുള്ള പോര്‍ട്ടബിള്‍ ഡോക്യുമെന്റ് ഫോര്‍മാറ്റ് അഥവാ പിഡിഎഫ് ഈ ചങ്ങാതിമാരുടെ സൃഷ്ടിയത്രേ. അമേരിക്കയുടെ നാഷണല്‍ മെഡല്‍ ഓഫ് ടെക്നോളജി & ഇന്നവേഷന്‍, മാര്‍ക്കോണി സമ്മാനം എന്നിവ നേടിയിട്ടുണ്ട്. ജനനം ഒക്ടോബര്‍ 6, 1940. ജോണ്‍ എഡ്വേഡ് വാര്‍നോക് അന്തരിച്ചത് ഓഗസ്റ്റ് 19ന്. ഗ്രാഫിക് ഡിസൈനര്‍ കൂടിയായ ഭാര്യ മാര്‍വയ്ക്കൊപ്പം അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്കോയിലായിരുന്നു താമസം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: