മുംബൈ: മറാഠ സാമ്രാജ്യ സ്ഥാപകന്‍ ഛത്രപതി ശിവജിയുടെ ആയുധമായിരുന്ന ‘വാഘ് നഖ്’ (പുലി നഖം) ഭാരതത്തിലേക്ക് തിരിച്ചെത്തിക്കും. ശിവജിയുടെ സ്ഥാനാരോഹണത്തിന്റെ 350-ാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് പുലിനഖം ഭാരതത്തിലെത്തിക്കുന്നത്. ആയുധം കൊണ്ടുവരുന്നതിനായി മഹാരാഷ്‌ട്ര സാസ്‌കാരികമന്ത്രി സുധീര്‍ മുംഗന്‍തിവാര്‍ ചൊവ്വാഴ്ച ലണ്ടനിലെത്തും. നിലവില്‍ ലണ്ടനിലെ വിക്ടോറിയ ആന്‍ഡ് ആല്‍ബര്‍ട്ട് മ്യൂസിയത്തിലാണ് വാഘ് നഖ് സൂക്ഷിച്ചിരിക്കുന്നത്.
മൂന്ന് കൊല്ലത്തെ പ്രദര്‍ശനത്തിന് ഭാരതത്തിലേക്ക് ശിവജിയുടെ ആയുധമെത്തിക്കാനുള്ള അനുമതി മ്യൂസിയം അധികൃതര്‍ നല്‍കിക്കഴിഞ്ഞു. ഈ കരാറിൽ ഒപ്പുവയ്‌ക്കുന്നതിനായാണ് മന്ത്രി ലണ്ടനിലേക്ക് പോകുന്നത്. ശിവജിയുടെ വാഘ് നഖ് കൂടുതല്‍ പ്രചോദനവും ഊര്‍ജവും പകരുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.1659ൽ ബീജാപൂർ സുൽത്താനെ പരാജയപ്പെടുത്താനായി ശിവജി ഉപയോഗിച്ചിരുന്ന ആയുധമാണ് ഈ പുലിനഖം. അഫ്സൽ ഖാൻ ശിവജിയെ പുറകിലൂടെ കുത്തിയപ്പോൾ അഫ്സലിനെ കൊല്ലാൻ ശിവജി പുലിനഖം ഉപയോഗിച്ചുവെന്നാണ് ചരിത്രം.
അടുത്ത നവംബറോടെ ആയുധം ഭാരതത്തിലെത്തിക്കാനാകുമെന്നാണ് കണക്കുകൂട്ടൽ. ഭാരതത്തിലെത്തിക്കുന്ന ആയുധം മുംബൈയിലെ ശിവജി മഹാരാജ് മ്യൂസിയത്തിലായിരിക്കും സൂക്ഷിക്കുക എന്നാണ് സൂചന. മറാഠ സാമ്രാജ്യം സ്ഥാപിക്കുന്നതിനുള്ള ശിവജിയുടെ ശ്രമങ്ങളില്‍ സുപ്രധാന വഴിത്തിരിവായാണ് 1659ലെ യുദ്ധത്തെ കാണുന്നത്. ഇന്നത്തെ മഹാരാഷ്‌ട്രയിലെ സത്താറ ജില്ലയിൽ പ്രതാപ്ഗഡ് കോട്ടയുടെ ചുവട്ടിൽ വച്ചാണ് ഛത്രപതി ശിവജി അഫ്സൽ ഖാനെ വധിച്ചത്. പാരമ്പര്യത്തനിമയുടെയും സാംസ്കാരികമേന്മയുടെയും ഭാഗമാണ് ഇവിടം.
ഈസ്റ്റ് ഇന്ത്യ കമ്പനി ഉദ്യോഗസ്ഥനായ ജയിംസ് ഗ്രാന്റ് ഡഫ് ആണ് വാഘ് നഖിനെ ബ്രിട്ടനിലേക്ക് കൊണ്ടുപോയത്. പിന്നീട് ഡഫിന്റെ പിന്‍തലമുറക്കാര്‍ ആയുധം മ്യൂസിയത്തിന് കൈമാറുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: