പാലാ: സ്ഥിരനിക്ഷേപകര്‍ കൂട്ടത്തോടെ നിക്ഷേപത്തുക പിന്‍വലിക്കാന്‍ എത്തിയതോടെ പാലായിലെ മിക്ക സഹകരണ ബാങ്കുകളുടെയും പ്രവര്‍ത്തനം പ്രതിസന്ധിയില്‍. കിഴതടിയൂര്‍, വലവൂര്‍, കടനാട് സര്‍വ്വീസ് സഹകരണ ബാങ്കുകളാണ് നിക്ഷേപകരെ പ്രതിസന്ധിയിലാക്കി കൈ മലര്‍ത്തുന്നത്. ലക്ഷങ്ങള്‍ സ്ഥിര നിക്ഷേപമുള്ളവര്‍ക്കും രണ്ടാാഴ്ചയില് ഒരിക്കല്‍ അയ്യായിരം രൂപയാണ് നല്‍കുന്നത്.
ചിട്ടി പിടിച്ചും ഔദ്യോഗിക ജീവിതത്തില്‍ നിന്ന് വിരമിച്ചപ്പോള്‍ ലഭിച്ചതും തുടങ്ങി പലവിധത്തിലുള്ള സമ്പാദ്യം മുഴുവന്‍ ബാങ്കില്‍ നിക്ഷേപിച്ച്, പലിശ കൊണ്ടു മാത്രം ജീവിക്കുന്ന നിരവധി നിക്ഷേപകരാണ് പ്രതിദിനം ഈ സഹകരണ ബാങ്കുകളില്‍ കയറിയിറങ്ങുന്നത്. വീട്ടുവാടക കൊടുക്കേണ്ടവരും പ്രതിമാസം വന്‍ തുകയ്ക്ക് മരുന്ന് വാങ്ങേണ്ടവരും വീട് പണി നടക്കുന്നവരും മക്കളുടെ വിവാഹം നിശ്ചയിച്ചവരുമെല്ലാം പ്രതിസന്ധിയിലാണ്.
നിക്ഷേപകര്‍ക്ക് പതിനായിരം രൂപ പോലും ഒരുമിച്ച് കൊടുക്കാന്‍ സാധിക്കാത്ത അവസ്ഥയിലാണ് ഓരോ ബാങ്കിന്റെയും പ്രവര്‍ത്തനം. പലിശ കൂടുതല്‍ വാഗ്ദാനം നല്‍കുന്നതും വീടിന് സമീപത്തുള്ള ധനകാര്യ സ്ഥാപനം എന്ന നിലയിലുമാണ് കൂടുതല്‍ ആളുകള്‍ സഹകരണ ബാങ്കുകളെ തെരഞ്ഞെടുത്തിരുന്നത്. വന്‍തുക വായ്പ എടുത്തവര്‍ തിരിച്ചടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയതും കരുതല്‍ ധനത്തേക്കാള്‍ അധിക മടങ്ങ് തുക
പിന്‍വലിക്കാന്‍ നിക്ഷേപകര്‍ കൂട്ടത്തോടെ എത്തുന്നതുമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമായി ബാങ്ക് ഭാരവാഹികള്‍ പറയുന്നത്.
വായ്പ കുടിശികയുള്ളവര്‍ക്കെതിരെ നിയമ നടപടികള്‍ ശക്തമാക്കിയതോടെ ഇവര്‍ പ്രകോപിതരായി. നിക്ഷേങ്ങള്‍ പിന്‍വലിക്കാന്‍ പ്രേരിപ്പിച്ച് രണ്ടായിരം ഊമക്കത്ത് നിക്ഷേപകര്കരുടെയും അംഗങ്ങളുടെയും കൈകളിലെത്തി. ഇതോടെ ആശങ്കയിലായ നിക്ഷേപകര്‍ കൂട്ടത്തോടെതുക പിന്‍വലിക്കാന്‍ ബാങ്കില്‍ എത്തിത്തുടങ്ങി. ആളുകള്‍ കൂട്ടമായെത്തിയതോടെ പിന്‍വലിക്കല്‍ തുകയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താതെ മാര്‍ഗ്ഗമില്ലാതായെന്ന് കിഴതടിയൂര്‍ ബാങ്ക് പ്രസിഡന്റ് വി.എസ്.ശശിധരന് പറഞ്ഞു.
വായ്പ തിരിച്ചടവും ദൈനം ദിനമുള്ള സേവിങ് നിക്ഷേപവും കുറഞ്ഞു. വലിയ വായ്പത്തുക കുടിശികയുള്ള ഏതാനും പേരുടെ വായ്പ മാത്രം തിരിച്ചടച്ചാല്‍ ഇപ്പോഴത്തെ പ്രതിസന്ധി മാറും. വായ്പ എടുത്തവര്‍ പലരും ഈടായി നല്‍കിയിരുന്ന വസ്തുക്കള്‍ വായ്പത്തുകയേക്കാള് മൂല്യം കുറഞ്ഞതാണെന്ന ആക്ഷേപവും ഉണ്ട്. ഇവര്‍ക്കെതിരെ സിവില്‍ കോടതി വഴിയും സഹകരണ ഡിപ്പാര്‍ട്ട്മെന്റ് മുഖാന്തിരവും നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ആറ് മാസം കൊണ്ട് പ്രതിസന്ധിക്ക് മാറ്റംവരുമെന്ന് പ്രസിഡന്റ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: