ഇടുക്കി: നെടുങ്കണ്ടം ബാലഗ്രാം സര്‍വീസ് സഹകരണ ബാങ്കില്‍ അടിമുടി ക്രമക്കേടെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്. ഉടുമ്പന്‍ചോല സഹ. ഓഡിറ്റ് അസി. ഡയറക്ടര്‍ നടത്തിയ പരിശോധനയിലാണ് വ്യാപക ക്രമക്കേട് കണ്ടെത്തിയത്.
കെടുകാര്യസ്ഥതയും വായ്പ തിരിച്ച് പിടിക്കാന്‍ വൈകിയതും മൂലം 16.36 കോടിയാണ് ബാങ്കിന്റെ മൊത്തം നഷ്ടം. മാസം തോറും രണ്ട് ലക്ഷം വീതം നഷ്ടം കൂടിവരികയാണ്. നാട്ടില്‍ ഇല്ലാത്തവരുടേയും ബാങ്ക് ഭരണസമിതിയംഗങ്ങളുടെ ബന്ധുക്കളുടെ പേരിലും വന്‍ തുക വായ്പ എടുത്തിട്ടുണ്ട്. വായ്പ അനുവദിച്ച ശേഷമാണ് വസ്തുവിന്റെ ആധാരം സ്വീകരിക്കുന്നത്. ഇവയുടെ ബാധ്യതാ സര്‍ട്ടിഫിക്കറ്റും മറ്റ് രേഖകളും കൃത്യമായി വാങ്ങിയിട്ടുമില്ല. നിക്ഷേപങ്ങളുടെ കൃത്യമായ കണക്കോ ജീവനക്കാരുടെ രജിസ്റ്ററോ പോലും ഇവിടെയില്ല. ഇഷ്ടക്കാരെ അടക്കം 9 താല്‍ക്കാലിക ജീവനക്കാരേയും അധികമായി നിയമിച്ചു.
ബാങ്ക് നിയമം ലംഘിച്ച് വളവും കീടനാശിനിയും വാങ്ങാന്‍ മുടക്കിയ 9 ലക്ഷത്തിലധികം രൂപ വര്‍ഷങ്ങളായി കിട്ടാക്കടമാണ്. 1.69 കോടിയുടെ വായ്പയും കിട്ടാക്കടമാണ്. പണം തിരിച്ചുപിടിക്കാനും നടപടി സ്വീകരിച്ചിട്ടില്ല. 2021 മാര്‍ച്ചിലെ സ്റ്റോക്ക് സ്റ്റേറ്റ്മെന്റ് പ്രകാരം ഏലയ്ക്ക ഇനത്തില്‍ മാത്രം 36.47 ലക്ഷം രൂപയാണ് നഷ്ടം. രജിസ്റ്ററിലുള്ള 113.3 കി. ഗ്രാം ഏലയ്ക്ക കാണാതായി. വില കൂടി നിന്നപ്പോള്‍ വില്‍ക്കാതെ കുറഞ്ഞപ്പോള്‍ (കി. ഗ്രാമിന് 420 രൂപ നഷ്ടം) വിറ്റ വകയിലാണ് വന്‍ നഷ്ടം. ഏലയ്ക്കാ വ്യാപാ
രത്തിന് അഡ്വാന്‍സ് കൊടുത്ത വകയില്‍ 4,45,930 രൂപ തിരിച്ചടയ്ക്കാതെ ബാക്കിയാണ്.
2022 മാര്‍ച്ച് മാസത്തില്‍ സ്റ്റോക്കുണ്ടായിരുന്ന ഏലയ്ക്ക കടത്തിന് വിറ്റ വകയില്‍ 19,01,794 രൂപയും ബാങ്കിന് കിട്ടാനുണ്ട്. ഈ തുകയ്ക്കൊപ്പം 36.47 ലക്ഷവും ചേര്‍ത്ത് ഏലയ്ക്കാ വ്യാപാരത്തിന്റെ ചുമതലയുള്ള ജീവനക്കാരനായ ജോസഫ് വര്‍ക്കി, ബോര്‍ഡ് മെമ്പര്‍മാരും സബ്കമ്മിറ്റി അംഗങ്ങളുമായ സി. രാജു, ആര്. രാജഗോപാലന്‍ നായര്‍ എന്നിവരില്‍ നിന്ന് ഈടാക്കാനും റിപ്പോര്‍ട്ടില്‍ നിര്‍ദേശമുണ്ട്. ഇടത്-വലത് മുന്നണികളില്പ്പെട്ടവരാണ് ഈ ബാങ്കിന്റെ ബോര്‍ഡ് മെമ്പര്‍മാര്‍.
ഇതേത്തുടര്‍ന്ന് ബാങ്കില്‍ നിലവില്‍ ഏലയ്ക്ക കച്ചവടം നിര്‍ത്തിയിരിക്കുകയാണ്. ഇവിടെ ലേലം കൈകാര്യം ചെയ്തിരുന്നവര്‍ ബാങ്കിന് എതിര്‍വശത്ത് പുതിയ എലയ്ക്കാ വ്യാപാര കേന്ദ്രവും തുടങ്ങിയിട്ടുണ്ട്. 3.96 കോടി രൂപയാണ് പ്രവര്‍ത്തന വരുമാനം, പ്രവര്‍ത്തനച്ചെലവ് 5.70 കോടിയും. 1.74 കോടി അധികമാണിത്. നിക്ഷേപത്തില്‍ നിന്ന് ദൈനംദിന ചെലവുകള്‍ക്ക് തുക ചെലവഴിക്കുന്നതായും നിക്ഷേപങ്ങള്‍ക്ക് അധിക പലിശ നല്‍കുന്നതായും കണ്ടെത്തിയിട്ടുണ്ട്. ചട്ടം 63 പ്രകാരം സൂക്ഷിക്കേണ്ട ആവശ്യമായ തരളധനം ബാങ്ക് സൂക്ഷിക്കുന്നില്ല. 3 പേര്‍ക്ക് അനുമതിയുള്ളപ്പോള്‍ 6 കളക്ഷന്‍ ഏജന്റുമാര്‍ ജോലി ചെയ്യുന്നു. ജീവനക്കാരുടെ പ്രമോഷനിലും നിയമനത്തിലും അടക്കം വ്യാപക തിരിമറി നടന്നതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ബാങ്കിനെ അവസാനമായി ക്ലാസിഫൈ ചെയ്ത് 2015 ല്‍ ആണ്.
നിലവില്‍ ബാങ്കിന് ക്ലാസ് 3 ല്‍ തുടരാനുള്ള യോഗ്യതയില്ലെങ്കിലും നാളിതുവരെ ക്ലാസിഫിക്കേഷന്‍ പുതുക്കാനും നടപടിയില്ല. ഇത് വലിയ വീഴ്ചയും അമിത ചിലവുമാണ്. നിലവില്‍ 13 സ്ഥിരം ജീവനക്കാരാനുള്ളത്. ഇവരെ ഉപയോഗിച്ച് എല്ലാ ഓഫീസുകളും പ്രവര്‍ത്തിപ്പിക്കാം എന്നിരിക്കെ പലയിടത്തും താല്‍ക്കാലിക ജീവനക്കാരാണ് ജോലി ചെയ്യുന്നത്. ഇത് ബാങ്കിന് അധിക ചിലവാണെന്നും വലിയ തുക ബാധ്യത ഉണ്ടാക്കുന്നതായും ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഈ റിപ്പോര്ട്ടിന്മേല് യാതൊരു നടപടിയും ഇടത്, വലത് മുന്നണികള്‍ കൈകോര്‍ത്ത് ഭരിക്കുന്ന ബാങ്കില്‍ നാളിതുവരെ എടുത്തിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: