സുനീഷ് മണ്ണത്തൂര്‍
സംവിധായകന് ഹരിഹരന് മലയാള സിനിമയ്ക്ക് നല്കിയ സംഭാവനയാണ് നടന് സൈജു കുറുപ്പ്. ചുരുങ്ങിയ കാലംകൊണ്ട് മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി മാറാന്‍ ഈ നടനു കഴിഞ്ഞു. സഹനടനായും സ്വഭാവനടനായും ഹാസ്യനടനായും നായകനായും തിരക്കഥാകൃത്തായും പ്രതിഭ തെളിയിച്ച സൈജു ജന്മഭൂമിയോട് മനസ്സ് തുറക്കുകയാണ്.
2005 മുതല്‍ തുടങ്ങിയ പ്രയാണം 2023 ല്‍ എത്തിനില്‍ക്കുന്നു. 18 വര്‍ഷത്തെ സിനിമാ ജീവിതത്തെ എങ്ങനെ വിലയിരുത്തുന്നു?
വിലയിരുത്തല്‍ എന്നു പറയുമ്പോള്‍ എന്റെ പെര്‍ഫോമന്‍സ് ഇമ്പ്രൂവ് ആയിട്ടുണ്ട്. നിരന്തരം ഒരു കാര്യം ചെയ്യുമ്പോള്‍ അത് മെച്ചപ്പെടുമല്ലോ. ഒരു ഉദഹരണം പറയുകയാണെകില്‍ ഡ്രൈവിംഗ് പോലെയാണ്. ഫസ്റ്റ് ഗിയറില്‍ ഓടിച്ച് പഠിക്കാന്‍ ശ്രമിച്ചു. പിന്നീട് സെക്കണ്ട് ഗിയര്‍, തേഡ് ഗിയര്‍ പതിയെ കൈ ഒരോ ഗിയറിലേക്ക് പോയി. ഇപ്പോള്‍ ഓട്ടോമാറ്റിക് ആയി. മലയാള സിനിമ എനിക്ക് ഒരുപിടി നല്ല കഥാപാത്രങ്ങളെ തന്നു. സിനിമാ ഇന്‍ഡസ്ട്രിയുടെ സപ്പോര്‍ട്ടുണ്ട്. ശരിയായ സമയത്ത് ഓരോ കഥാപാത്രങ്ങള്‍ കിട്ടി. ആ കഥാപാത്രങ്ങളെ ഓരോ മൈല്‍സ്റ്റോണുകളായി കരുതുന്നു. ഹലോയിലെ പ്രവീണ്‍, ചോക്ളെറ്റിലെ മാനുവല്‍, മുല്ലയിലെ സി.ഐ. ഭരതന് ട്രിവാട്രം ലോഡ്ജിലെ ഷിബു വെള്ളായനി, ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേളയിലെ ഡോ. ഷൈജു അങ്ങനെ അവസാനം പാപ്പച്ചന് വരെ നീളുന്നു.
2005 ല്‍ ഹരിഹരന് സംവിധാനം ചെയ്ത മയൂഖം എന്ന ചിത്രം താങ്കളുടെ ആദ്യ ചിത്രം എന്നതിലുപരി സിനിമാ ജീവിതത്തിലെ നാഴികക്കല്ലായി വിലയിരുത്തപ്പെടുന്നു. ആ ചിത്രത്തിലേക്ക് എത്തപ്പെട്ടത് പിന്നണി ഗായകന് എം.ജി. ശ്രീകുമാറിന്റെ സഹായത്തോടെ ആണെന്ന് കേട്ടിട്ടുണ്ട്. വിവരിക്കാമോ?
ഞന്‍ എയര്‍ടെല്‍ സെയില്‍സ് മാനേജര്‍ ആയി തിരുവനന്തപുരത്ത് വര്‍ക്ക് ചെയ്യുകയായിരുന്നു. ഞങ്ങളുടെ ടെലികോളിങ് ടീം തന്ന ഒരു ലീഡ് ആണ് ഗായകന് എം.ജി ശ്രീകുമാറിന് എയര്‍ടെലിന്റെ ഒരു കണക്ഷന് താല്‍പ്പര്യം ഉണ്ടെന്ന്. ഇതിനായി കാണാന്‍ പോവുകയും ചെയ്തു. രണ്ട് തവണപോയിരുന്നു. പിന്നീട് ഒരു ദിവസം കാണാന്‍ ചെന്നപ്പോള്‍ സിനിമയില്‍ അഭിനയിക്കാന്‍ താല്പര്യം ഉണ്ടോ എന്ന് ചോദിക്കുകയും, ഞാന്‍ സമ്മതിക്കുകയുമായിരുന്നു. ഞാന്‍ വിചാരിച്ചത് ഇത്രമാത്രമായിരുന്നു. സിനിമയില്‍ അഭിനയിച്ചാല്‍ എന്റെ മുഖം പെട്ടന്ന് തിരിച്ചറിയുകയും, അതുമൂലം എയര്‍ടെലില്‍ സെയില്‍സ് കിട്ടാന്‍ കുറച്ചുകൂടി എളുപ്പമാകുമെന്നുമാണ്. ഈ ഒരൊറ്റ ചിന്തയില്‍ ഞാന്‍ സമ്മതം മൂളി. അപ്പോഴും സിനിമയില്‍ അഭിനയിക്കാന്‍ താല്പര്യം ഉണ്ടായിട്ടല്ല. സെയില്സിനു ഗുണം ചെയ്യും എന്നു മാത്രമാണ് ഓര്‍ത്തത്. അങ്ങനെയാണ് എം.ജി. ശ്രീകുമാര്‍ ഹരിഹരന് സാറുമായി പരിചയപ്പെടുത്തുകയും, മൂന്ന് ഓഡിയഷനുകള് കഴിയുകയും സിനിമയില്‍ അഭിനയിക്കുകയും ചെയ്തത്.
എല്ലാവരും ഇപ്പോഴും നെഞ്ചിലേറ്റുന്ന ഒരു ഗാനമാണ് മയൂഖത്തിലെ ‘ഭഗവതി കാവില്‍ വച്ചോ…’ എന്നത്. ശരിക്കും മലയാളികളുടെ മനസ്സില്‍ ഒരു നൊസ്റ്റാള്‍ജിയ ഉളവാക്കുന്ന ഒരു പാട്ടാണ് അത്. ആ പാട്ടിലൂടെ താങ്കള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. എന്ത് തോന്നുന്നു?
ഞാന്‍ ഒരു കാര്യത്തില്‍ വളരെ ലക്കിയാണ്. മയൂഖം മുതല്‍ എന്നെ പിക്ചറൈസ് ചെയ്തിരിക്കുന്ന് എല്ലാ ഗാനങ്ങളും നല്ല പാട്ടുകളാണ്. അടുത്തകാലത്ത് റിലീസ് ചെയ്ത മാളികപ്പുറത്തിലെ നങ്ങേലിപ്പൂവേ എന്ന ഗാനം, തീവണ്ടിയിലെ ജീവാംശമായി എന്ന ഗാനം. ഈ ഗാനങ്ങളൊക്കെ എനിക്ക് ലഭിച്ചത് വളരെ ഭാഗ്യമായാണ് കരുതുന്നത്.
130 ല്‍ അധികം സിനിമകളില്‍ താങ്കള്‍ അഭിനയിച്ചു കഴിഞ്ഞു. 2015 ല്‍ ഇറങ്ങിയ ‘ആട്’ എന്ന ചിത്രത്തിലെ അറക്കല്‍ അബു ആണ് താങ്കളുടെ സിനിമാ കരിയറിലെ ഒരു ബ്രേക്ക്. ഒരു കോമഡി മെയിന്‍ കഥാപാത്രത്തിലൂടെ ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ആട് എന്ന സിനിമാ താങ്കളുടെ കരിയറിലെ ഗ്രാഫ് എത്രത്തോളം ഉയര്‍ത്തി?
ആടിലെ അറയ്ക്കല്‍ അബു എന്ന് കഥാപാത്രം എനിക്ക് ഒരു ബ്രേക്ക് ആയിരുന്നു. എന്റെ കരിയറിനെ ‘ക്യാറ്റാപുള്ട്ട്’ ചെയ്ത കഥാപാത്രമായിരുന്നു അത്. ഒറ്റയടിക്ക് സിനിമയിലെ നാലഞ്ച് സ്റ്റെപ്പ് കേറാന്പറ്റി എന്നതാണ് ഏറ്റവും മെച്ചമായത്. ആട് എനിക്ക് ശരിക്കും വലിയൊരു ജനപ്രീതീയാണ് നേടിത്തന്നത്.
2013 ല്‍ താങ്കള്‍ സ്വന്തമായി കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കി സിനിമ തന്നെ ചെയ്തിരുന്നു. അതിനെക്കുറിച്ച് ഒന്നു പറയാമോ?
ആ തിരക്കഥ എനിക്ക് സിനിമ ഇല്ലാതിരുന്ന സമയത്ത് എന്തെങ്കിലും ചെയ്യണം എന്നു വിചാരിച്ച്എഴുതിയതാണ്. ഞാനും ഗായകന് നിഖില്‍ മേനോനും കൂടിയാണ് എഴുതിയത്. ഞാന്‍ അത് എനിക്കുവേണ്ടിയാണ് എഴുതിയത്. ചിത്രം സംവിധാനം ചെയ്തത് നിഖില്‍ ആണ്.
സിനിമയുടെ മറ്റ് മേഖലകളിലേക്ക് ഒരു കൈകൂടി നോക്കുന്നുണ്ടോ?
ഇനി അങ്ങനെ മറ്റ് മേഖലയിലേക്ക് നോക്കുന്നില്ല. ഇനി ഉണ്ടെങ്കില്‍ തന്നെ എനിക്ക് പ്രൊഡക്ഷന്‍ മേഖലയിലാണ് താല്പര്യം.
തമിഴില്‍ താങ്കള്‍ അഞ്ച് പടങ്ങളില്‍ അഭിനയിച്ചു. ഇപ്പോള്‍ അന്യഭാഷാ ചിത്രങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയാണല്ലോ?
വിട്ടുനിന്നിട്ടില്ല. ഡേറ്റ് പ്രോബ്ലം വരുന്നതുകൊണ്ടാണ് ചെയ്യാനാവാത്തത്. അന്യഭാഷകളില്‍ നിന്ന് എനിക്ക് ഓഫറുകള്‍ വരുന്നുണ്ട്. വിജയുടെയും വിജയ് സേതുപതിയുടേയും അതുപോ
ലെ വെട്രിമാരന് സാറിന്റേയും പടത്തില്‍ വിളിച്ചിരുന്നു. ലോക്ഡൗണ്‍ കാരണം ആ പ്രൊ
ജക്റ്റ് നടന്നില്ല. തമിഴ്, തെലുങ്ക്, കന്നട എന്നിവിടങ്ങളില്‍ നിന്ന് ഓഫറുകളുണ്ട്. നിലവില്‍ മലയാളത്തില്‍ എനിക്ക് അത്യാവശ്യം തിരക്കുണ്ട്. സമയക്കുറവ് മാത്രമാണ് പ്രശ്നം. ഭാഷ അഭിനയത്തിന്റെ ഒരു പ്രധാന ഘടകമാണ്. അവിടെ ചെന്ന് നമ്മള് ഭാഷ പഠിച്ചെടുത്ത് അഭിനയിക്കുന്നതൊക്കെ ഇത്തിരി പാടാണ്.
മലയാള സിനിമയില്‍ താങ്കള്‍ക്കു ലഭിക്കേണ്ട സ്ഥാനം ലഭിച്ചു എന്നു വിശ്വസിക്കുന്നുണ്ടോ. അതുപോലെ പ്രേക്ഷകര്‍ താങ്കളെ നല്ലൊരു നടന് എന്ന് വിലയിരുത്തിയെന്ന് കരുതുന്നുണ്ടോ?
തീര്‍ച്ചയായും. സിനിമയില്‍ വന്നതു തന്നെ എനിക്ക് ലോട്ടറി ആണ്. ഇപ്പോള്‍ ഞാന്‍ ഇരിക്കുന്ന സ്ഥാനം എനിക്ക് ബോണസ് ആണ്. പ്രേക്ഷകരില്‍ എനിക്ക് നല്ല വിശ്വാസമുണ്ട്. ഒരോ ചിത്രത്തിലൂടെയും പ്രേക്ഷകരില്‍ നിന്നുള്ള പ്രതികരണങ്ങള്‍ ഞാന്‍ ശ്രദ്ധിക്കാറുണ്ട്.
ക്യാരക്ടര്‍ റോളുകള്‍ ചെയ്യാന്‍ ഏതു നടനും ആഗ്രഹിക്കുന്നതാണ്. താങ്കള്‍ ഈ രീതിയിലേക്കു പോവാന്‍ ആഗ്രഹിക്കുന്നുണ്ടോ?
കാരക്ടര്‍ റോളുകള്‍ തന്നെയാണ് താല്‍പ്പര്യം. കുറച്ചു ലീഡ് റോളുകളും കമ്മിറ്റ് ചെയിതിട്ടുണ്ട്. പാരലായിത്തന്നെ ഞാന്‍ സഹനടന്‍ കഥാപാത്രങ്ങളും ചെയുന്നുണ്ട്.
ഇനി എന്താണ് അഭിനയത്തില്‍ നേടാന്‍ ആഗ്രഹിക്കുന്നത്?
വലിയ ആഗ്രഹങ്ങള്‍ ഒന്നും ഇല്ല. അഭിനയത്തിന് മാത്രമേ കൂടുതല്‍ ശ്രദ്ധനല്കുന്നുള്ളൂ. എന്നും ജോലി ഉണ്ടാവുക, സിനിമകള്‍ ഉണ്ടാവുക. എന്നാലേ എനിക്ക് വരുമാനം ഉണ്ടാവുകയുള്ളൂ.
ഇനി വരാന്‍ ഇരിക്കുന്ന പ്രോ ജെക്റ്റുകള്‍
മലയാളത്തില്‍ മാത്രമാണ് നിലവില്‍ സിനിമകളുള്ളൂ. റിലീസ് ആവാന്‍ ഒട്ടനവധി ചിത്രങ്ങളുണ്ട്. ഇപ്പോള്‍ രഞ്ജിത്ത് സിനിമയുടെ ഡബ്ബിംഗിലാണ്. ഒക്ടോബറില്‍ റിലീസുണ്ട്. റിട്ടേണ്‍ ആന്‍ഡ് ഡയറക്ടര്‍ ബൈ ഗോഡ്, പൊറാട്ടുനാടകം, ദി തേര്‍ഡ് മര്‍ഡര്‍, ശ്രീനാഥ് ഭാസി, ധ്യാന്‍ ശ്രീനിവാസന് എന്നിവരുടെ കൂടെ രണ്ട് ചിത്രങ്ങള്‍ റിലീസ് ആകാനുണ്ട്. അങ്ങനെ കുറച്ചു പടങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: