ലോകകപ്പ് ക്രിക്കറ്റ് ഇങ്ങെത്തിക്കഴിഞ്ഞു. ഇന്നേക്ക് അഞ്ചാം നാള്‍ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ 13-ാം ക്രിക്കറ്റ് ലോകകപ്പിന് തുടക്കമാകും. കൊമ്പുകോര്‍ക്കാനുള്ള ഒമ്പത് ടീമുകളും ഭാരതത്തിന്റെ മണ്ണിലേക്കെത്തി. വിരുന്നുകാരെയെല്ലാം വരവേറ്റ് ഒരുങ്ങി തയ്യറായി രാഹുല്‍ ദ്രാവിഡിന്റെ ശിക്ഷണത്തില്‍ രോഹിത് ശര്‍മ്മയും കൂട്ടരും റെഡിയായിക്കൊണ്ടിരിക്കുന്നു. വിവാദങ്ങള്‍ക്കെല്ലാം വിട നല്‍കി പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം വരെ സജ്ജമായിരിക്കുന്നു.
സന്നാഹ മത്സരങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. കേരളത്തിലടക്കം പലയിടങ്ങളിലും പെയ്യുന്ന കനത്ത മഴ കളിമുടക്കി. ചൊവ്വാഴ്ചയോടെ സന്നാഹം തീരും. ശേഷം ഒരുദിവസത്തെ അവധി കഴിഞ്ഞ് അങ്കം തുടങ്ങുകയായി. അപ്പോഴേക്കും ബംഗാളുള്‍ക്കടലിലും അറേബ്യന്‍ കടലിലും രൂപം കൊണ്ട ന്യൂനമര്‍ദ്ദം കൊണ്ടുണ്ടായ പ്രശ്‌നങ്ങള്‍ തീരുമെന്ന പ്രതീക്ഷയിലാണ് രാജ്യത്തെയും ലോകത്തെയും ക്രിക്കറ്റ് ആരാധകര്‍.
ലോകകിരീടം നിലനിര്‍ത്താനാണ് ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടിന്റെ വരവ്. മൂന്നാം കിരീടം ലക്ഷ്യമിട്ട രാഹുല്‍ ദ്രാവിഡിന്റെ പരിശീലനത്തില്‍ രോഹിത് ശര്‍മയുടെ നായകത്വത്തില്‍ ഭാരതം ഇത്തവണത്തെ ഫേവറിറ്റുകളാണ്. സമീപകാലത്തെ പ്രകടനമികവ് പരിഗണിച്ചും പരിശോധിച്ചും നോക്കിയാല്‍ രോഹിത്തിനും കൂട്ടര്‍ക്കും വേണമെങ്കില്‍ സാധ്യയതില്‍ ഒന്നാം സ്ഥാനം കല്‍പ്പിക്കുന്നതില്‍ ഒട്ടും നീതികേടില്ല. കഴിഞ്ഞ ലോകകപ്പില്‍ ഭാരതത്തിന്റെ പ്രധാന പോരായ്കയും ഉത്തരം കിട്ടാത്ത ചോദ്യവുമായിരുന്നു മിഡില്‍ ഓര്‍ഡര്‍. അതില്‍ സുപ്രധാനമായ നാലാം നമ്പര്‍ പൊസിഷന്‍. ചെറിയൊരു ഇടവേളയ്‌ക്ക് ശേഷം തിരികെയെത്തിയിട്ടുള്ള കെ.എല്‍. രാഹുല്‍ കിട്ടിയ അവസരങ്ങളില്‍ ആ കുറവിനുള്ള ഉത്തരം നല്‍കിക്കൊണ്ടിരിക്കുന്നുണ്ട്. ശ്രേയസ്സ് അയ്യരുടെ പ്രകടനമികവും ആശ്വാസം പകരുന്നുണ്ട്. ഇനിയെല്ലാം ക്രീസിനകത്ത് കണ്ടറിയണം.
പഴയ ഫോമിലേക്ക് തിരികെയെത്തിയതിന്റെ ലക്ഷണവുമായി അഞ്ചാം കിരീട സ്വപ്‌നവുമായി ഓസ്‌ട്രേലിയ സജ്ജമായി നില്‍ക്കുന്നു. ബോളറായ നായകന്‍ പാറ്റ് കമ്മിന്‍സ് ആണ് ഇക്കുറി ടീമിനെ നയിക്കുന്നത്.
ചരിത്രത്തില്‍ ആദ്യമായി ഭാരതം ഒറ്റയ്‌ക്ക് ആതിഥ്യമരുളുന്ന ലോകകപ്പ് എന്നത് പോലെ തന്നെ വെസ്റ്റിന്‍ഡീസ് ഇല്ലാത്ത ലോകകപ്പ് കൂടിയാണിത്. ഇംഗ്ലണ്ട്, ഭാരതം, ഓസീസ് എന്നിവര്‍ക്ക് മുന്നില്‍ എന്നും പറയാവുന്ന ന്യൂസിലാന്‍ഡും ഒരുങ്ങിത്തന്നെയാണ്. ചുണ്ടോളം എത്തിയ കപ്പ് കഴിഞ്ഞ തവണ കൈയ്യകന്നുപോകുന്നത് വില്ല്യംസണും കൂട്ടരും കരയാതെ കരഞ്ഞുകൊണ്ട് ലോര്‍ഡ്‌സില്‍ കണ്ടുനിന്നു.
ദക്ഷിണാഫ്രിക്ക നനഞ്ഞ പടക്കമായിരിക്കുന്നു. കറുത്ത കുതിരകളാകാനുള്ള ശേഷി പാകിസ്ഥാനുണ്ടോ എന്നതും ലോകകപ്പ് നല്‍കേണ്ട ഉത്തരമാണ്. ശ്രീലങ്കയും ബംഗ്ലാദേശും എല്ലാം ശക്തരാണെങ്കിലും വലിയൊരല്‍ഭുതം കാട്ടിക്കൊണ്ടേ ഈ ലോകകപ്പ് അവരുടേതാക്കി മാറ്റാനാകുകയുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: