ഹാങ്ചൊ: ഏഷ്യന്‍ ഗെയിംസ് അത്ലറ്റിക്സില് ഇന്നലെ ഭാരതത്തിന് ഒരു വെള്ളിയും വെങ്കലവും സ്വന്തം. പുരുഷന്മാരുടെ 10000 മീറ്ററില്‍ കാര്‍ത്തിക് കുമാറും ഗുര്‍വീര്‍ സിങ്ങുമാണ് വെള്ളിയും വെങ്കലവും സ്വന്തമാക്കിയത്. 28 മിനിറ്റ് 15.38 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് തന്റെ ഏറ്റവും മികച്ച പ്രകടനത്തോടെയാണ് കാര്‍ത്തിക് കുമാര്‍ വെള്ളിയണിഞ്ഞത്. തന്റെ ഏറ്റവും മികച്ച പ്രകടനത്തോടെയാണ് ഗുല്‍വീര്‍ സിങ്ങും വെങ്കലം നേടിയത്. സമയം: 28 മിനിറ്റ് 17.21 സെക്കന്‍ഡ്. ഈയിനത്തില്‍ ബഹ്റിന്റെ എത്യോപ്യക്കാരന് ബലെവു ബിര്‍ഹാനു യെമത്തോവു 28 മിനിറ്റ് 13.62 സെക്കന്‍ഡില്‍ സ്വര്‍ണമണിഞ്ഞു.
400-ല്‍ മെഡലില്ല: മുഹമ്മദ് അജ്മല്‍ അഞ്ചാമത്; ഐശ്വര്യ മിശ്ര നാലാമത്
ഏഷ്യന്‍ ഗെയിംസ് അത്ലറ്റിക്സില് ഭാരതത്തിന്റെ കുത്തകയായിരുന്ന 400 മീറ്ററില്‍ ഇത്തവണ മെഡല്‍പട്ടികയില്‍ ഇടംപിടിക്കാതെ പു രുഷ-വനിതാ താരങ്ങള്‍. പുരുഷ ഫൈനലില്‍ മുഹമ്മദ് അജ്മല്‍ 45.97 സെക്കന്‍ഡില്‍ അഞ്ചാമതും വനിതകളില്‍ ഐശ്വര്യ മിശ്ര 53.50 സെക്കന്‍ഡില്‍ നാലാമതുമാണ് ഫിനിഷ് ചെയ്തത്.
പുരുഷ വിഭാഗത്തില്‍ സൗദി അറേബ്യയുടെ യൂസഫ് അഹമ്മദ് എം. മസ്റാഹിക്കാണ് സ്വര്‍ണം. ജപ്പാന്റെ കെന്റാരോ സാറ്റോ വെള്ളിയും അബ്ബാസ് യൂസഫ് അലി വെങ്കലവും നേടി. വനിതാ വിഭാഗത്തില്‍ ബഹറിന്‍ താരങ്ങള്‍ക്കാണ് സ്വര്‍ണവും വെള്ളിയും മുജിദാത് ഒളുവക്കേമി സ്വര്‍ണവും സല്‍വ എയ്ദ് നസര്‍ വെള്ളിയും നേടി.
ശ്രീശങ്കറും ജിന്‍സണും ഫൈനലില്‍
ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ പ്രതീക്ഷകള്‍ സജീവമാക്കി മലയാളി താരങ്ങളായ മുരളി ശ്രീശങ്കറും ജിന്സണ് ജോണ്‍സണും ഫൈനലിന് യോഗ്യത നേടി. പുരുഷന്മാരുടെ ലോങ് ജംപിലാണ് മലയാളി താരം മുരളീ ശ്രീശങ്കര്‍ ഫൈനലില്‍ കടന്നത്. ഈയിനത്തില്‍ തമിഴ്നാട് താരം ജസ്വിന് ആല്‍ഡ്രിനും ഫൈനലിലെത്തിയിട്ടുണ്ട്.
ആദ്യ ശ്രമത്തില്‍ തന്നെ 7.97 മീറ്റര്‍ ദൂരം കണ്ടെത്തിയാണ് ശ്രീശങ്കര്‍ ഫൈനലിലെത്തിയത്. ജസ്വിന് മൂന്നാം ശ്രമത്തില്‍ 7.67 മീറ്റര്‍ ദൂരം ചാടി ഫൈനലിന് യോഗ്യത നേടി. 1500 മീറ്ററില്‍ ജിന്സണ് ജോണ്സണ് പുറമെ അജയ് കുമാര്‍ സരോജും ഫൈനലിന് യോഗ്യത നേടിയിട്ടുണ്ട്. നിലവിലെ 1500 മീറ്റര്‍ ഏഷ്യന്‍ ഗെയിംസ് ചാമ്പ്യനായ ജിന്സണ് ഹീറ്റ്സില്‍ അഞ്ചാം സ്ഥാനത്ത് ഫിനിഷ് ചെയ്താണ് ഫൈനലിലേക്ക് ചേക്കേറിയത്. അജയ്്കുമാര് ഹീറ്റ്സില്‍ രണ്ടാമതായും. 100 മീറ്റര്‍ ഹര്‍ഡില്‍സിലെ മെഡല്‍ പ്രതീക്ഷയായ ജ്യോതി യരാജിയും നിത്യ രാംരാജും ഫൈനലിലെത്തിയപ്പോള്‍ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ വിദ്യ രാംരാജ് ഹീറ്റ്സില്‍ പുറത്തായി. അഞ്ചാമതായാണ് താരം ഫിനിഷ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: