കൊല്ലം: മാതാ അമൃതാനന്ദമയീ ദേവിയുടെ 70ാം ജന്മദിനാഘോഷവുമായി ബന്ധപ്പെട്ട് വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. പ്രമുഖരുടെ നീണ്ടനിരതന്നെയാണ് പരിപാടികളില്‍ പങ്കെടുക്കുക.
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്, തമിഴ്നാട് ഗവര്‍ണര്‍ ആര്.എന്‍. രവി, തെലങ്കാന ഗവര്‍ണര്‍ തമിഴിസൈ സൗന്ദരരാജന്, കേന്ദ്രമന്ത്രി മഹേന്ദ്രനാഥ് പാണ്ഡേ, കേന്ദ്ര സഹമന്ത്രിമാരായ അശ്വിനികുമാര്‍ ചൗബേ, വി. മുരളീധരന്, നിയമസഭാ ഡെ. സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് തുടങ്ങിയവര്‍ പങ്കെടുക്കും.
മൂന്നിന് നടക്കുന്ന ചടങ്ങില്‍ കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലെ അമൃതശ്രീ പദ്ധതി വിപുലീകരണത്തിന്റെ ഉദ്ഘാടനം, രാജ്യമെമ്പാടുമായി അമൃതശ്രീ തൊഴില്‍ നൈപുണ്യ വികസന കേന്ദ്രങ്ങളില്‍ നിന്നായി പരിശീലനം പൂര്‍ത്തിയാക്കിയ ആദ്യബാച്ചിലെ അയ്യായിരം സ്ത്രീകള്‍ക്കുള്ള ബിരുദദാനം, മുന്നൂറ് പേര്‍ക്ക് നല്കുന്ന സൗജന്യ ചികിത്സാ പദ്ധതിയുടെ ഉദ്ഘാടനം, 108 സമൂഹ വിവാഹം, നാല് ലക്ഷം പേര്‍ക്കുള്ള വസ്ത്രദാനം എന്നിവയുണ്ടാകും.
മാതാ അമൃതാനന്ദമയി മഠം എല്ലാ വര്‍ഷവും നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെയാണ് ഈ വര്‍ഷം 300 പേര്‍ക്കുള്ള ചികിത്സാ സഹായം നല്‍കുന്നതെന്ന് സ്വാമി അമൃതസ്വരൂപാനന്ദപുരി പറഞ്ഞു.
കരള്‍, ഹൃദയം, മജ്ജ, കാല്‍മുട്ട് മാറ്റിവെയ്ക്കല്‍, ക്യാന്‍സര്‍ തുടങ്ങിയവക്കുള്ള ചികിത്സാ സഹായമാണ് 300 രോഗികള്‍ക്ക് ലഭിക്കുക. ശാന്തിയുടെ ചെറുതരികള്‍ (ഗ്രെയിന്‍സ് ഓഫ് പീസ്) എന്ന സന്ദേശവുമായി ഐക്യരാഷ്ട്ര സംഘടനയിലുള്‍പ്പെട്ട 193 രാജ്യങ്ങളില്‍ നിന്നുള്ള മണ്ണും പതാകകളുമായി 70 പ്രതിനിധികള്‍ ജന്മദിനാഘോഷ ചടങ്ങില്‍ പങ്കെടുക്കും.
വിവിധ രാജ്യങ്ങളില്‍ നിന്നെത്തിക്കുന്ന മണ്ണിനൊപ്പം ഭാരതത്തിലെ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുള്ള മണ്ണും കൂട്ടിച്ചേര്‍ത്ത് അതിനുള്ളില്‍ വിത്ത് നിറച്ച് സീഡ് ബോളുകളാക്കി അതാത് രാഷ്ട്രങ്ങളിലേക്ക് കൊടുത്തുവിടുമെന്നും സ്വാമി അമൃതസ്വരൂപാനന്ദപുരി കൂട്ടിച്ചേര്‍ത്തു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പ്രമുഖരായ 70 വ്യക്തികളുടെ ജന്മദിന ആശംസകള്‍ ആഘോഷവേദിയില്‍ പ്രദര്‍ശിപ്പിക്കുമെന്നും സ്വാമി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: