പാലക്കാട്: കഞ്ചിക്കോട്ടെ സ്വകാര്യ മില്ലിലേക്ക് പോളിഷ് ചെയ്യാന്‍ കൊണ്ടുപോവുകയായിരുന്ന 2,985 കിലോഗ്രാം തമിഴ്നാട് റേഷനരി പിടികൂടി. ഇന്നലെ രാവിലെ വാളയാര്‍ ടോള്‍ പ്ലാസക്ക് സമീപം എക്സൈസ് ഇന്റലിജന്‍സ് സംഘത്തിന്റെ വാഹനപരിശോധനക്കിടെയാണ് പിക്കപ്പ് വാനില്‍ ടാര്പ്പോളിന് ഷീറ്റിട്ട് മറച്ചുകൊണ്ടുപോവുകയായിരുന്ന തമിഴ്നാട് റേഷനരി പിടികൂടിയത്. 60 ചാക്കുകളിലാണ് പുഴുക്കലരി സൂക്ഷിച്ചിരുന്നത്. സംഭവത്തില്‍ പിക്കപ്പ് വാന്‍ ഡ്രൈവര്‍ അഖില്‍ രാജിനെ കസ്റ്റഡിയിലെടുത്തു.
തമിഴ്നാട്ടില്‍ നിന്നും കടത്തിക്കൊണ്ടുവന്ന റേഷനരി വാളയാറിലെ ഗോഡൗണില്‍ സൂക്ഷിക്കുകയും, പിന്നീട് കഞ്ചിക്കോടുള്ള മില്ലിലെത്തിച്ച് പോളിഷ് ചെയ്യും. തുടര്‍ന്ന് പുതിയ ബാഗുകളിലാക്കി ബ്രാന്‍ഡഡ് അരിയാക്കി പൊതുവിപണിയില്‍ വില്‍ക്കും. കുറഞ്ഞ വിലയ്ക്ക് വാങ്ങുന്ന തമിഴ്നാട് റേഷനരി പോളിഷ് ചെയ്ത ശേഷം അമിത വിലയ്ക്കാണ് വില്‍ക്കുന്നത്.
എക്സൈസ് ഐബി ഇന്‍സ്പെക്ടര്‍ എന്‍. നൗഫല്‍, പ്രിവന്റീവ് ഓഫിസര്‍മാരായ കെ.ജി. ഓസ്റ്റിന്‍, ആര്.എസ്. സുരേഷ്, ടി.ആര്. വിശ്വകുമാര്‍, വി.ആര്. സുനില്‍കുമാര്‍, കെ.പ്രസാദ് എന്നിവരാണ് റേഷനരി പിടികൂടിയത്. വാഹനവും അരിയും സിവില്‍ സപ്ലൈസ് വകുപ്പിനു കൈമാറി.
പാലക്കാട് താലൂക്ക് സപ്ലൈ ഓഫിസര്‍ പി.വി.ലത, അസി.താലൂക്ക് സപ്ലൈ ഓഫിസര്‍ കെ.ആര്. ബിലാല്‍, റേഷനിങ് ഇന്‍സ്പെക്ടര്‍ ടി പി കാര്ത്തികേയന് എന്നിവരുടെ നേതൃത്വത്തില്‍ തുടര്‍ പരിശോധനയ്ക്ക് ശേഷം പിടികൂടിയ അരി കഞ്ചിക്കോട്ടെ മൊത്ത വിതരണ കേന്ദ്രത്തിലേക്കു മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: