ലോകപ്രശസ്ത ശാസ്ത്രജ്ഞനും ഭാരതത്തിലെ ഹരിതവിപ്ലവത്തിന്റെ പിതാവെന്നറിയപ്പെടുകയും ചെയ്യുന്ന ഡോ. എം.എസ്. സ്വാമിനാഥന്റെ നിര്യാണം വലിയ നഷ്ടബോധം ഉളവാക്കുന്നതാണ്. ഉയര്‍ന്ന വിളവു തരുന്ന വിത്തിനങ്ങള്‍ വികസിപ്പിച്ച് രാജ്യത്തെ ഭക്ഷ്യക്കമ്മിയില്‍നിന്ന് ഭക്ഷ്യധാന്യങ്ങള്‍ മിച്ചം വരുന്ന സ്ഥിതിയിലേക്ക് നയിച്ചതിന്റെ ബഹുമതി അവകാശപ്പെടാവുന്ന ശാസ്ത്രജ്ഞനെയാണ് നഷ്ടമായിരിക്കുന്നത്. കാര്‍ഷിക ഗവേഷണ രംഗത്ത് സ്വാമിനാഥന് നടത്തിയ കണ്ടുപിടിത്തങ്ങള്‍ വിപ്ലവകരമായിരുന്നു. വികസനത്തിന്റെ പുതിയൊരു ലോകംതന്നെ സൃഷ്ടിക്കാന്‍ അവയ്ക്ക് കഴിഞ്ഞു. നൂറുകണക്കിന് പ്രബന്ധങ്ങളും ഗ്രന്ഥങ്ങളുമായി ചിതറിക്കിടക്കുന്ന ഈ വിജ്ഞാനശേഖരം അക്കാദമിക രംഗത്ത് വലിയൊരു മുതല്‍ക്കൂട്ടാണ്. ആലപ്പുഴ കുട്ടനാട്ടിലെ മങ്കൊമ്പില്‍ തറവാടുള്ള സ്വാമിനാഥന് ജനിച്ചത് തമിഴ്നാട്ടിലെ കുംഭകോണത്താണ്. വിദ്യാഭ്യാസം കേരളത്തിലും തമിഴ്നാട്ടിലുമായാണ് നടന്നത്. മദ്രാസ് സര്‍വകലാശാലയില്‍ കാര്‍ഷിക പഠനത്തിനുശേഷം കേംബ്രിഡ്ജ് സര്‍വകലാശാലയില്‍നിന്ന് ഡോക്ടറേറ്റ് നേടി ഭാരതത്തില്‍ തിരിച്ചെത്തുകയായിരുന്നു. ദല്‍ഹിയിലെ ഇന്ത്യന്‍ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടില്‍ ചേര്‍ന്ന സ്വാമിനാഥന് അവിടെനിന്നാണ് വന്‍തോതില്‍ വിളവു നല്കുന്ന വിത്തിനങ്ങളെക്കുറിച്ചുള്ള ഗവേഷണങ്ങള്‍ക്ക് തുടക്കം കുറിച്ചത്. കാര്‍ഷിക ഭാരതത്തിന്റെ മുഖച്ഛായ മാറ്റുന്ന യാത്രയുടെ തുടക്കമായിരുന്നു ഇത്.
സ്വാമിനാഥന്റെ നേതൃത്വത്തിലുള്ള സംഘം കീടങ്ങളെയും രോഗങ്ങളെയും പ്രതിരോധിക്കാന്‍ ശേഷിയുള്ള ഗോതമ്പിന്റെയും നെല്ലിന്റെയും പുതിയ വിത്തിനങ്ങള്‍ കൃഷി ചെയ്തത് പുതിയൊരു വഴിത്തിരിവ് സൃഷ്ടിച്ചു. വന്‍തോതില്‍ വിളവ് തരുന്ന ഈ കണ്ടുപിടിത്തം രാജ്യത്തെ കര്‍ഷകര്‍ വ്യാപകമായി സ്വീകരിച്ചു. ഇത് ഹരിതവിപ്ലവത്തിലേക്ക് നയിക്കുകയും, ഭക്ഷ്യോല്‍പ്പാദനം ഗണ്യമായി വര്‍ധിപ്പിക്കുകയും ദാരിദ്ര്യനിര്‍മാര്‍ജനം സാധ്യമാക്കുക യും ചെയ്തു. ഭാരതത്തിന്റെ വിശപ്പകറ്റിയ മനുഷ്യന് എന്ന വിശേഷണത്തിന് സ്വാമിനാഥന് അര്‍ഹനായത് ഇങ്ങനെയാണ്. ഒരു മുന്‍നിര ശാസ്ത്രജ്ഞന് മാത്രമായിരുന്നില്ല, ഗ്രാമവികസനത്തിന്റെ ശക്തനായ വക്താവുമായിരുന്നു സ്വാമിനാഥന്. നിലനില്‍ക്കുന്ന കൃഷിരീതികളെക്കുറിച്ച് കൂടുതല്‍ പഠിക്കുന്നതിനും, ഗ്രാമീണ ജനതയുടെ ഉപജീവനമാര്‍ഗം വിപുലമാക്കുന്നതിനുമായി സ്ഥാപിക്കപ്പെട്ട എം.എസ്. സ്വാമിനാഥന് റിസര്‍ച്ച് ഫൗണ്ടേഷന് വലിയ സംഭാവനകളാണ് പില്ക്കാലത്ത് നല്‍കിയത്. അന്ത്യംവരെ തിളക്കമാര്‍ന്ന തന്റെ ഔദേ്യാഗിക ജീവിതത്തിനിടെ നിരവധിയായ അംഗീകാരങ്ങളും ആദരവുകളും സ്വാമിനാഥനെ തേടിയെത്തിയത് സ്വാഭാവികം. രാഷ്ട്രം പത്മഭൂഷണും പത്മവിഭൂഷണുമൊക്കെ നല്കിയ സ്വാമിനാഥന് വേള്‍ഡ് ഫുഡ് പ്രൈസും ലഭിച്ചു. റോയല്‍ സൊസൈറ്റി ഫെലോ ആയി അംഗീകാരം ലഭിക്കുകയും, അമേരിക്കന്‍ അക്കാദമി ഓഫ് സയന്‍സസില്‍ അംഗമാവുകയും ചെയ്തു.
വിശപ്പില്ലാത്തവരുടെ ഭാരതവും ലോകവുമാണ് സ്വാമിനാഥന് സ്വപ്നം കണ്ടതെന്ന് തീര്‍ത്തുപറയാം. കുട്ടനാട്ടുകാരനായിരുന്ന ഈ ശാസ്ത്രജ്ഞന് ഈ മണ്ണിനോടുള്ള ആഭിമുഖ്യത്തിന് ഒരിക്കല്‍പ്പോലും കുറവുണ്ടായില്ല. പക്ഷേ ലോകത്തിന്റെ മുഴുവന്‍ പ്രശംസ പിടിച്ചുപറ്റിയ ശാസ്ത്രപ്രതിഭയെ കേരളം ശരിയായി മനസ്സിലാക്കുകയോ ആദരവു കാണിക്കുകയോ ചെയ്തില്ല. കുട്ടനാട്ടിലെ സ്വാമിനാഥന്റെ കുടുംബത്തെ ജന്മികളായി മുദ്രകുത്തിയതു മുതല്‍ തുടങ്ങുന്നതാണത്. കുട്ടനാടിന്റെ പ്രശ്നങ്ങള്‍ ശാശ്വതമായി പരിഹരിക്കുന്നതിന് സ്വാമിനാഥന് രൂപം നല്കിയ പാക്കേജ് ആത്മാര്‍ത്ഥതയോടെ നടപ്പാക്കാന്‍ കേരളം ഭരിച്ച ഇടതു-വലതു മുന്നണി സര്‍ക്കാരുകള്‍ തയ്യാറായില്ല. കാലാവധി നീട്ടിക്കൊടുത്തിട്ടും ഇതിനായി നീക്കിവച്ച പണത്തിന്റെ ചെറിയൊരു ഭാഗം മാത്രമാണ് ചെലവഴിച്ചത്. കെടുകാര്യസ്ഥതയും അഴിമതിയും രാഷ്ട്രീയമായ കുടിപ്പകയുംകൊണ്ട് ഈ പാക്കേജ് വ്യവസ്ഥാപിതമായി അട്ടിമറിക്കപ്പെടുകയായിരുന്നു. കേരള മോഡല്‍ എന്ന അശാസ്ത്രീയവും ജനവിരുദ്ധവും പരിസ്ഥിതിവിരുദ്ധവുമായ ആശയത്തിന്റെ തടവുകാരായി മാറിയ രാഷ്ട്രീയ നേതൃത്വത്തിനും ഭരണാധികാരികള്‍ക്കും നാടിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനല്ല, അവ നിലനിര്‍ത്തുന്നതിനായിരുന്നു താല്പര്യം. ഈ മനോഭാവത്തിന്റെ തിക്തഫലമാണ് സ്വാമിനാഥന്റെ കുട്ടനാട് പാക്കേജിനും അനുഭവിക്കേണ്ടിവന്നത്. മഹാനായ ആ ശാസ്ത്രജ്ഞനോട് മരണാനന്തരമെങ്കിലും മാപ്പുചോദിക്കാനുള്ള ബാധ്യത ഇക്കൂട്ടര്‍ക്കുണ്ട്. കാര്‍ഷിക ഭാരതത്തിന്റെ ആധുനിക ശില്‍പ്പിക്ക് ആദരാഞ്ജലികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: