ന്യൂദല്‍ഹി: ഭാരതത്തിന്റെ ഗതിനിയന്ത്രണ സംവിധാനമായ റീജണല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റ്റത്തിന്റെ(നാവിക്) പരിധിയുയര്ത്താനുള്ള ശ്രമത്തിലാണ് ഐഎസ്ആര്‍ഒയെന്ന് ചെയര്മാന് എസ്. സോമനാഥ്. ഭാരതത്തിന്റെ അതിര്‍ത്തിക്കപ്പുറം 1,500 കിലോമീറ്ററില്‍ നിന്ന് 3000 കിലോമീറ്ററിലേക്കാണ് നാവികിന്റെ പരിധിയുയര്ത്തുക. ന്യൂദല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ സംഘടിപ്പിച്ച സിഎസ്ഐആര്‍ സ്ഥാപക ദിന പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
ഒരുതവണ നാവികിന്റെ പരിധി ഉയര്‍ത്തിയാല്‍, സിഗ്നലുകള്‍ അയല്‍ രാജ്യങ്ങള്‍ക്കും സൗത്ത് ഏഷ്യന്‍ അസോസിയേഷന് ഫോര്‍ റീജണല്‍ കോ-ഓപ്പറേഷന് (സാര്‍ക്) രാജ്യങ്ങള്‍ക്കും ലഭ്യമാകും, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഏഴ് ഉപഗ്രഹങ്ങളുടെയും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഗ്രൗണ്ട് സ്റ്റേഷനുകളുടെ ശൃംഖലയുടെയും സഹായത്തോടെയാണ് നാവിക് പ്രവര്‍ത്തിക്കുന്നത്. ഈ ഉപഗ്രഹങ്ങളില്‍ മൂന്നെണ്ണം ഭൂസ്ഥിര ഉപഗ്രഹങ്ങളാണ്. നാലെണ്ണം ചരിഞ്ഞ ജിയോസിക്രോണസ് ഭ്രമണപഥത്തിലൂടെയാണ് സഞ്ചരിക്കുന്നത്.
നിലവില്‍ രണ്ടു രീതിയിലാണ് നാവികിന്റെ പ്രവര്‍ത്തനം. പൊതുജനങ്ങള്‍ക്കായുള്ള സ്റ്റാന്‍ഡേര്‍ഡ് പൊസിഷന്‍ സര്‍വീസ്(എസ്പിഎസ്), സുരക്ഷാ ഏജന്‍സികള്‍, സൈന്യം തുടങ്ങി തന്ത്ര പ്രധാന ഉപയോക്താക്കള്‍ക്കായുള്ള നിയന്ത്രിത സേവനം (ആര്‍എസ്). പവര്‍ ഗ്രിഡ് സിക്രൊണൈസേഷന്, പൊതുവാഹന സുരക്ഷ, തത്സമയ ട്രെയിന്‍ വിവരങ്ങള്‍, മത്സ്യത്തൊഴിലാളി സുരക്ഷ, ജിയോഫെന്‍സിങ്, മിസൈലുകളുടെ ഗതിനിയന്ത്രണം എന്നിവയിലെല്ലാം നാവിക് പ്രധാന പങ്ക് വഹിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: