Categories: NewsIndia

ആഘോഷങ്ങള്‍ നാടിന്റെ തനിമ നിലനിര്‍ത്തുന്നതാവണം: ലഫ്. ജനറല്‍ അജിത്ത് നീലകണ്ഠന്‍

Celebrations should preserve the uniqueness of the country: Lt. General Ajith Neelakandan

Published by

ന്യൂദല്‍ഹി: ആഘോഷങ്ങള്‍ എപ്പോഴും നാടിന്റെ സാംസ്‌കാരിക തനിമ നിലനിര്‍ത്തുന്നതാവണമെന്ന് ആര്‍മി റിസര്‍ച്ച് ആന്‍ഡ് റെഫറല്‍ ഹോസ്പിറ്റല്‍ ഡയറക്ടര്‍ ആന്‍ഡ് കമാന്‍ഡന്റ് ലെഫ്റ്റനന്റ് ജനറല്‍ അജിത്ത് നീലകണ്ഠന്‍. മലയാളി വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയായ ദല്‍ഹി യുവകൈരളി സൗഹൃദവേദി സംഘടിപ്പിച്ച ഓണാഘോഷം ‘ആര്‍പ്പോ’ ഉദ്ഘാടനം ചെയ്തശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയാളികള്‍ എവിടെ ആയാലും ഒത്തുകൂടി നടത്തുന്ന ആഘോഷം എപ്പോഴും നാടിന്റെ ഓര്‍മ്മകള്‍ നല്കുന്നതാണ്. ഭാഷയും സംസ്‌കാരവും എന്നും നമുക്ക് പ്രിയപ്പെട്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മനുഷ്യന്‍ ഒന്നാകുകയും മനസ് നന്നായിരിക്കുകയും ചെയ്ത കാലത്തിന്റെ ഓര്‍മ്മയാണ് ഓണമെന്ന് മുഖ്യപ്രഭാഷണം നടത്തിയ പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ അഭിപ്രായപ്പെട്ടു. ഓണം നന്മയെയും സന്തോഷത്തെയുമാണ് സൂചിപ്പിക്കുന്നത്. ഓണത്തെക്കുറിച്ച് എഴുതാത്ത കവിതകളോ പാടാത്ത പാട്ടുകാരോ ഇല്ല. എല്ലാവരും ഒന്നിച്ചുകൂടുമ്പോഴുള്ള സന്തോഷമാണ് ഓണാഘോഷമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദല്‍ഹി സര്‍വകലാശാല ഡീന്‍ ബല്‍റാം പാണി അധ്യക്ഷനായി. യുവകൈരളി പ്രസിഡന്റ് പി.എസ്. ഗംഗ, ജനറല്‍ സെക്രട്ടറി എസ്.ജി. വിശ്വേശ്വരന്‍ എന്നിവര്‍ സംസാരിച്ചു. വര്‍ക്കിങ് പ്രസിഡന്റ് അനഘ നന്ദാനത്ത്, ഭാരവാഹികളായ എ. സഞ്ജയ്, നിരഞ്ജന കിഷന്‍, അശ്വതി കൃഷ്ണ, എന്‍. അഖില, ജി. അദൈ്വത്, ജെ. മാധവ്, സായിശ്രീ, ഗായത്രി, അനിരുദ്ധ്, അഭിമന്യു, അനുപമ, സന്മയ എന്നിവര്‍ നേതൃത്വം നല്കി. കലാസാംസ്‌കാരിക പരിപാടികളും കായികമത്സരങ്ങളും നടന്നു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by