തിരുവനന്തപുരം: ചെറുപ്പത്തിലേ രുപപ്പെട്ട സാമൂഹ്യാവബോധമാണ് തന്നെ എഴുത്തിലേക്ക് വഴിതെളിച്ചതെന്ന് ഗോവ ഗവര്‍ണ്ണര്‍ പി എസ് ശ്രീധരന്‍പിള്ള. പൊതു പ്രവര്‍ത്തകനായിരുന്ന പിതാവിന്റെ പ്രേരണയില്‍ രൂപപ്പെട്ട വായനാ ശീലമാണ് സാമൂഹ്യാവബോധത്തിനു വിത്തു പാകിയത്. സമൂഹത്തെ നയിക്കേണ്ടത് ദിശാബോധമില്ലാത്ത ആള്‍ക്കൂട്ടമാകരുതെന്നും പ്രബുദ്ധതയുള്ള സര്‍ഗ്ഗാത്മക ന്യൂനപക്ഷമായിരിക്കണമെന്നുമുള്ള അര്‍നോള്‍ഡ് ടോയന്‍മ്പിയുടെ നിരീക്ഷണത്തോട് ഐക്യപ്പെട്ട മാനസിക നിലയിലേക്കെത്താന്‍ ചെറുപ്പത്തില്‍ തുടക്കമിട്ട വായന സംസ്കാരം കൊണ്ട് സാധിച്ചു. രചനാജീവിതത്തിന്റെ അന്‍പതാം വാര്‍ഷികത്തോടനുബന്ധിച്ച് പ്രസ് ക്ളബ്ബ് നല്കിയ സ്വീകരണത്തിന് മറുപടിയായി ശ്രീധരന്‍പിള്ള പറഞ്ഞു.
ചുറ്റുപാടുകളോടുള്ള പ്രതികരണം, വേറിട്ടചിന്ത, താളംതെറ്റിയ ജീവിതാവസ്ഥകളെ താളാത്മകമാക്കാനുള്ള, പൂര്‍ണ്ണതയിലേക്കുള്ള പരിശ്രമം, സര്‍വ്വോപരി ജനങ്ങളുമായുള്ള ഗാഢ ബന്ധം – തന്നിലെ എഴുത്തുകാരന് രൂപപ്പെട്ട വഴിത്താരകള്‍ ഗോവ ഗവര്‍ണര്‍ ഓര്‍ത്തെടുത്തു. 2004 ല്‍ ആദ്യ കവിതാ സമാഹാരം പുറത്തിറങ്ങിയപ്പോള്‍ അതിന് അവതാരിക കുറിച്ച എം ടി വാസുദേവന്‍ നായരുടെ വരികള്‍ പ്രചോദനമായി ‘മുറിവേറ്റ പ്രകൃതിക്കൊരു താരാട്ടു പാട്ടാണ്’ ശ്രീധരന് പിള്ളയുടെ കവിതയെന്നായിരുന്നു അവതാരികകളോട് മുഖം തിരിക്കാറുള്ള എം ടിയുടെ അഭിനന്ദനം. ജീവിതത്തെ വ്യത്യസ്ത കാഴ്ചപ്പാടില്‍ വിലയിരുത്താന്‍ ജനങ്ങളോട് നേരിട്ടുള്ള ബന്ധം സഹായകമായി പുതിയ പുസ്തകമായ ‘വാമന്‍ വൃക്ഷകല’ എഴുതാന്‍ കാരണമായത് ഗോവയിലെ ഗ്രാമീണ യാത്രയില്‍ കുട്ടിമുട്ടിയ ഒരു സംസ്കൃത പണ്ഡിതന്റെ, ജപ്പാന്‍കാര്‍ ബോണ്‍സായ് വൃക്ഷ മാതൃക പരീക്ഷിക്കും മുന്‍പ് 5000 കൊല്ലത്തിനപ്പുറം ഇതേ വൃക്ഷ പരിപാലന മാതൃക ‘വാമന വൃക്ഷം’ എന്ന പേരില്‍ ഉണ്ടായിരുന്നുവെന്ന വെളിപ്പെടുത്തലില്‍ നിന്നുള്ള പ്രചോദനമായിരുന്നു. ആറാം വയസ്സില്‍ സാക്ഷിയാകേണ്ടിവന്ന സ്വന്തം ഗ്രാമത്തിലെ ഒരു പ്രാദേശിക സംഘര്‍ഷത്തിന്റെ ഓര്‍മ്മ മുതല്‍ വൈകാരികതയല്ല വൈവിധ്യമാണ് ജനാധിപത്യത്തിന്റെ അടിത്തറ എന്ന രാഷ്ട്രീയ ബോധ്യം വരെ തന്റെ സര്‍ഗ്ഗാത്മക രചനകളുടെ ചാലശക്തിയാണെന്നും പി എസ് ശ്രീധരന്‍പിള്ള പറഞ്ഞു.
രാഷ്ട്രീയാതിപ്രസരത്തിനും നിഷേധാത്മകതയ്ക്കുമെതിരെ പ്രചോദനാത്മകമായ സര്‍ഗ്ഗാത്മക ജീവിതത്തിന് വഴിയൊരുക്കാന്‍ എഴുത്തുകാര്‍ തയ്യാറാകണമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.
എഴുത്ത് ഹരമാക്കിയ എഴുത്തുകാരനും മികച്ച രാഷ്ട്രീയ മാതൃകയുമാണെന്ന് ശ്രീധരന് പിള്ളയെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത അടൂര്‍ ഗോപാലകൃഷ്ണന് പറഞ്ഞു. പല ഗവര്‍ണ്ണര്‍മാരും അനാവശ്യ വിവാദങ്ങള്‍കൊണ്ട് മാധ്യമങ്ങളില്‍ തലക്കെട്ട് സൃഷ്ടിക്കുമ്പോള്‍ തന്റെ സര്‍ഗ്ഗാത്മക ജീവിതം കൊണ്ടാണ് പി എസ് ശ്രീധരന്‍പിള്ള മാധ്യമവാര്‍ത്തകളില്‍ ഇടം പിടിക്കുന്നതെന്ന് മുഖ്യ പ്രഭാഷണം നടത്തിയ മുതിര്ന്നപത്ര പ്രവര്‍ത്തകനും മലയാള മനോരമയുടെ മുന്‍ എഡിറ്റോറിയല്‍ ഡയറക്ടറുമായിരുന്ന തോമസ് ജേക്കബ് അഭിപ്രായപ്പെട്ടു.
പ്രസ്സ്ക്ലബ് പ്രസിഡന്റ് എം രാധാകൃഷ്ണന്, സെക്രട്ടറി കെ എന്‍ സാനു, ഭരണസമിതി അംഗം അജി ബുധനൂര്‍,സിബി കാട്ടാമ്പള്ളി തുടങ്ങിയവര്‍ പ്രസംഗിച്ചു. ചടങ്ങില്‍ പ്രസ്സ് ക്ലബിന്റെ പുതിയ വര്‍ഷത്തെ ജേര്‍ണലിസം കോഴ്സിന്റെ ഉദ്ഘാടനവും പി എസ് ശ്രീധരന് പിള്ള നിര്‍വ്വഹിച്ചു. പ്രസ്സ് ക്ലബ്ബിന്റെഉപഹാരം അടൂര്‍ ഗോപാലകൃഷ്ണന് ഗോവ ഗവര്‍ണ്ണര്‍ക്ക് സമ്മാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: