തിരുവനന്തപുരം: കേരളത്തിന് വലിയ സംഭാവന നല്‍കിയവരെപ്പോലും സമൂഹം മറന്നുപോകുന്ന സ്ഥിതി ദു:ഖകരമാണെന്ന് ഗോവ ഗവര്‍ണര്‍ അഡ്വ പി എസ് ശ്രീധരന് പിള്ള പറഞ്ഞു.
കെ ആര് മോഹന്‍ (കേരള ഗവര്‍ണറുടെ ഓഫീസര്‍ ഓണ്‍ സ്പെഷല്‍ ഡ്യൂട്ടി) രചിച്ച പോക്കുവെയില്‍ എന്ന നോവലിന്റെ പ്രകാശനം ആദ്യ കോപ്പി കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നല്കി നിര്വക്കുകയായിരുന്നു അദ്ദേഹം.
എം കെ കെ നായര്‍, വര്‍ഗീസ് കുര്യന്, രാജന് പിള്ള പോലുള്ളവരുടെ ഉദാഹരണങ്ങള്‍ ഗോവ ഗവര്‍ണര്‍ എടുത്തുപറഞ്ഞു.
സ്തുത്യര്‍ഹമായ തൊഴില്‍ നിര്‍വഹണത്തിനും ജനസേവനത്തിനുമൊടുവില് നിര്‍ദയം വിസ്മരിക്കപ്പെടുന്ന ഒരുപോസ്റ്റ്മാനെക്കുറിച്ചുള്ള നോവലിന്റെ ഇതിവൃത്തവുമായി ബന്ധപ്പെട്ടായിരുന്നു പരാമര്‍ശം.
‘ഗവര്‍ണര്‍ എന്ന പദവി തന്നെ ആവശ്യമാണോ എന്ന ചോദ്യം പലരും ഉന്നയിക്കാറുണ്ട്. ഭരണഘടന അസംബ്ലിയിലെ ചര്‍ച്ചകള്‍ ഒന്ന് വായിച്ചു നോക്കുക എന്നതാണ് അവര്‍ക്ക് നല്കാവുന്ന ഏറ്റവും ലളിതമായ മറുപടി’ അഡ്വ. പി എസ് ശ്രീധരന് പിള്ള പറഞ്ഞു.
‘അക്ഷരത്തിന് നാശമില്ലാത്തത് എന്ന അര്‍ത്ഥം മാത്രമല്ല ദൈവികത്വവുമുണ്ട് . അക്ഷരങ്ങളുടെയും ആശയങ്ങളുടെയും മഹാസാഗരത്തെ നിശ്ചിതമായി പരിമിതപ്പെടുത്തുന്ന പുസ്തകങ്ങള്‍ അറിവിന്റെ സര്ത്ഥകമായ സംഗ്രഹമാണ്’ പുസ്തകം സ്വീകരിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പറഞ്ഞു.
മുന്‍ ചീഫ് സെക്രട്ടറി കെ ജയകുമാര്‍, ഡോ അച്യത് ശങ്കര്‍ എസ് നായര്‍, എസ് ഡി പ്രിന്‍സ് എന്നിവര്‍ ആശംസയര്‍പ്പിച്ചു. ഹരി എസ് കര്‍ത്ത സ്വാഗതവും കെ ആര് മോഹന്‍ മറുപടി പ്രസംഗവും നടത്തി.
കേരള രാജ് ഭവന് ഓഡിറ്റോറിയത്തിലെ ചടങ്ങില്‍ മുന്‍ അംബാസഡര്‍ ടി പി ശ്രീനിവാസന്, ഇസ്രോ മുന്‍ ചെയര്മാന് ജി മാധവന് നായര്‍, ശ്രീമതി അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിബായി, മുഖ്യ ഇന്‍ഫര്‍മേഷന്‍ കമ്മീഷണര്‍ വിശ്വാസ് മേത്ത, കേരളകൗമുദി ചീഫ് എഡിറ്റര്‍ ദീപു രവി, സാഹിത്യകാരി റോസ് മേരി തുടങ്ങി നാനാമേഖലകളുലുള്ളവര് പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: