ന്യൂദല്‍ഹി: കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനുള്ളില്‍ സ്വച്ഛ് ഭാരത് ഒരു വലിയ പ്രചാരണ പരിപാടിയായി മാറിയെന്നും അതിന് കുട്ടികളടക്കം എല്ലാവരും സംഭാവന നല്‍കിയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി . യൂട്യൂബ് ഫാന്‍ഫെസ്റ്റ് ഇന്ത്യ 2023 വീഡിയോയിലൂടെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. പ്രശസ്ത വ്യക്തികള്‍ പരിപാടിയെ ഉയരങ്ങളിലെത്തിച്ചെന്നും രാജ്യത്തിന്റെ എല്ലാ കോണുകളിലുമുള്ള ആളുകള്‍ ഇത് ഒരു ദൗത്യമാക്കി മാറ്റിയെന്നും യൂട്യൂബര്‍മാര്‍ ശുചിത്വത്തിന് കൂടുതല്‍ പ്രചാരം നല്‍കിയെന്നും പ്രധാനമന്ത്രി പറഞ്ഞു. എന്നാല്‍ നാം ഇവിടെ നിര്‍ത്തേണ്ടതില്ല. ശുചിത്വം ഭാരതത്തിന്റെ സവിശേഷത ആകുന്ന കാലം വരെ പരിപാടി മുന്നോട്ട് പോകണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ശുചിത്വത്തിന് നമ്മള് ഓരോരുത്തരും മുന്‍ഗണന നല്‍കണം.
യുപിഐയുടെ വിജയം മൂലം ലോകത്തെ ഡിജിറ്റല്‍ പണമിടപാടുകളില്‍ ഭാരതത്തിന് ഇന്ന് 46 ശതമാനം വിഹിതമുണ്ടെന്ന് മോദി പറഞ്ഞു. രാജ്യത്തെ കൂടുതല്‍ ആളുകളെ ഡിജിറ്റല്‍ പേയ്മെന്റുകള്‍ നടത്താന്‍ യൂട്യൂബര്‍മാര്‍ പ്രചോദിപ്പിക്കണമെന്നും അവരുടെ വീഡിയോകളിലൂടെ ലളിതമായ ഭാഷയില്‍ ഡിജിറ്റല്‍ പേയ്മെന്റുകള്‍ നടത്താന്‍ പഠിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വോക്കല്‍ ഫോര്‍ ലോക്കലിനെ കുറിച്ച് സംസാരിക്കവേ, ഭാരതത്തില്‍ പ്രാദേശിക തലത്തിലാണ് നിരവധി ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതെന്നും പ്രാദേശിക കരകൗശല വിദഗ്ധരുടെ കഴിവ് അതിശയിപ്പിക്കുന്നതാണെന്നും പ്രധാനമന്ത്രി പറഞ്ഞു. യൂട്യൂബര്‍മാര്‍ക്ക് അവരെ പ്രോത്സാഹിപ്പിക്കാനും ഭാരതത്തിന്റെ പ്രാദേശിക ഉത്പന്നങ്ങള്‍ ആഗോള ശ്രദ്ധയില്‍ കൊണ്ടുവരാന്‍ സഹായിക്കാനുമാകുമെന്ന് അദ്ദേഹം പറഞ്ഞു.
ഖാദിയോ കരകൗശല വസ്തുക്കളോ കൈത്തറിയോ മറ്റെന്തെങ്കിലുമോ ആയിക്കൊള്ളട്ടെ, രാജ്യത്തെ ഒരു തൊഴിലാളിയുടെയോ കരകൗശല വിദഗ്ധന്റെയോ വിയര്‍പ്പിന്റെ വിലയുളള, മണ്ണിന്റെ മണമുളള ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ യൂട്യൂബര്‍മാര്‍ ജനങ്ങളെ പ്രേരിപ്പിക്കണമെന്ന് നരേന്ദ്രമോദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: