ലൈസന്‍സിന് പിന്നാലെ വാഹനങ്ങളുടെ ആര്‍സി ബുക്കും പെറ്റ് ജിയിലേക്ക് മാറ്റാനൊരുങ്ങുകയാണ് എംവിഡി. ഇന്ന് മുതല്‍ അപേക്ഷ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. ഒക്ടോബര്‍ നാല് മുതല്‍ വിതരണം ആരംഭിക്കുമെന്നാണ് വിവരം. ലാമിനേറ്റഡ് കാര്‍ഡുകള്‍ക്ക് പകരം എടിഎം കാര്‍ഡിന് സമാനമായ രീതിയിലാണ് പുതിയ ആര്‍സി ബുക്ക് തയ്യാറാക്കുന്നത്. സീരിയല്‍ നമ്പര്‍, യു.വി. ചിഹ്നങ്ങള്‍, ഹോളോഗ്രാം, ഒപ്റ്റിക്കല്‍ വേരിയബിള്‍ ഇങ്ക്, ക്യു.ആര്. കോഡ് എന്നിങ്ങനെ എല്ലാ വിധ അത്യാധുനിക സുരക്ഷാ സംവിധാനങ്ങളെല്ലാം പുതിയ ആര്സിയിലുണ്ടാകുമെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചിരിക്കുന്നത്.
ഡ്രൈവിംഗ് ലൈസന്‍സ് പുതിയ പിവിസി പെറ്റ് ജി കാര്‍ഡിലേക്ക് മാറ്റാന്‍ ഇപ്പോള്‍ അപേക്ഷിച്ച് തുടങ്ങാവുന്നതാണ്. 245 രൂപയാണ് അപേക്ഷ ഫീസ്. ഓണ്‍ലൈന്‍ ഫീസ് 200 രൂപയും തപാല്‍ ഫീസായി 45 രൂപയും ഉള്‍പ്പെടെ 245 രൂപ അടച്ച് അപേക്ഷിച്ചാല്‍ പെറ്റ്ജി കാര്‍ഡ് ലൈസന്‍സുകള്‍ സ്വന്തം വീട്ടിലെത്തും. ലൈസന്‍സ് പുതുക്കല്‍, വിലാസം മാറ്റല്‍, ഫോട്ടോ സിഗ്നേച്ചര്‍ തുടങ്ങിയവ മാറ്റല്‍, ജനന തീയതി മാറ്റല്‍, ഡൂപ്ലിക്കേറ്റ് ലൈസന്‍സ് എടുക്കല്‍ എന്നിവ ചെയ്യാനായുള്ളവര് പെറ്റ്ജി കാര്‍ഡിലേക്ക് മാറ്റാന്‍ തിരക്കിട്ട് അപേക്ഷ സമര്‍പ്പിക്കേണ്ട ആവശ്യമില്ലെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ നിര്‍ദ്ദേശിക്കുന്നത്.
പുസ്തക രൂപത്തിലും പേപ്പര്‍ രൂപത്തിലും ഉള്ള ലൈസന്‍സുകള്‍ ഇനിയും അപ്ഡേറ്റ് ചെയ്യാന്‍ ബാക്കിയുള്ളവര്‍ അതത് ആര്‍ടിഒ / സബ് ആര്‍ടി ഓഫീസുകളുമായി ബന്ധപ്പെട്ട് പുതിയ കാര്‍ഡിനായി അപേക്ഷിക്കണമെന്നും നിര്‍ദേശമുണ്ട്. അടുത്ത വര്‍ഷം മാര്‍ച്ച് 31 വരെ മാത്രമേ 245 രൂപ നിരക്കില്‍ സ്മാര്‍ട്ട് ലൈസന്‍സ് ലഭിക്കുകയുള്ളൂ. അതിനു ശേഷം കാര്‍ഡ് രൂപത്തിലേക്ക് മാറാന്‍ ഡ്യൂപ്ലിക്കേറ്റ് ലൈസന്‍സിനുള്ള ഫീസ് അടയ്ക്കേണ്ടി വരുമെന്നാണ് ബന്ധപെട്ടവര്‍ വ്യക്തമാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: