കൊച്ചി: തീരദേശ ജനതയ്‌ക്ക് വീട് നിര്‍മാണത്തിന് സഹായകമായ ഭേദഗതികള്‍ കേന്ദ്രപരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയിട്ടും സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്നില്ല. ഭേദഗതി നടപ്പിലാക്കാതെ തടഞ്ഞു വെച്ചിരിക്കുന്ന കേരള തീരദേശ പരിപാലന അതോറിറ്റിയുടെ നിയമ വിരുദ്ധ നടപടിക്കതിരെ സി ആര്‍ ഇസെഡ് ആക്ഷന്‍ കൗണ്‍സില്‍ നേതൃത്വത്തില്‍ ഒക്ടോബര്‍ മൂന്നിന് എടവനക്കാട് വില്ലേജ് ഓഫീസിന് മുന്നില്‍ കുടില്‍ കെട്ടി സമരംസംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
2019 ജനുവരി 18ന് തീരദേശ പരിപാലന നിയമത്തിന്റെ പരിഷ്‌കരിക്കപ്പെട്ട ഭേദഗതി നിയമം പുറത്തിറക്കിയിട്ടു കേരളത്തില്‍ ഇന്നും പിന്തുടരുന്നത് 2011 ജനുവരി 6 ന് പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങളാണ്. എന്നാല്‍ 2019 ലെ തീരദേശ പരിപാലന നിയമത്തിന്റെ പരിഷ്‌കരിക്കപ്പെട്ട ഭേദഗതി നടപ്പിലാക്കാനായി പ്രാഥമികഘട്ടമായ കരട് മാപ്പ് പ്രസിദ്ധീകരണവും പബ്ലിക് ഹിയറിങ്ങും പൂര്‍ത്തിയായത് 2023 ജൂണിലാണ്. നാലു വര്‍ഷത്തെ കാത്തിരിപ്പിന്ശേഷം പ്രസിദ്ധീകരിക്കപ്പെട്ട കരടു മാപ്പില്‍ മുപ്പത്തയ്യായിരത്തോളം ആക്ഷേപങ്ങള്‍ ആണ് രജിസ്റ്റര്‍ ചെയ്തത്. ഈ ആക്ഷേപങ്ങള്‍ മനസ്സിലാക്കി വേണ്ട തിരുത്തലുകള്‍ നടത്തി ഫൈനല്‍ മാപ്പിന് കേന്ദ്രസര്‍ക്കാറിന്റെ അനുമതി വാങ്ങിയാല്‍ മാത്രമേ 2019ലെ നിയമം കേരളത്തില്‍ പ്രാബല്യത്തില്‍ വരികയുള്ളൂ.
കേരളത്തില്‍ നിലവിലിരിക്കുന്ന 2011ലെ നിയമപ്രകാരം വേലിയേറ്റ രേഖ കണക്കാക്കുന്നത് കൃഷിയിടങ്ങള്‍, ചെമ്മീന്‍ കെട്ടുകള്‍, തോടുകള്‍, പുഴ, കായല്‍ മുതലായവയുടെ വരമ്പുകളില്‍ ആണ്. ഈ വരമ്പുകളില്‍ നിന്ന് 50 മീറ്റര്‍ ദൂരം കേരളത്തിലെ കായല്‍ ദ്വീപുകള്‍ക്ക് കിട്ടുന്ന പ്രത്യേക പരിഗണന വെച്ച് നിര്‍മാണ നിരോധിത മേഖലയായാണ് കണക്കാക്കുന്നത്.
ഈ 50 മീറ്റര്‍ പരിധിയില്‍ നിലവിലുള്ള പഴയ വീടുകള്‍ക്ക് അത്രയും തന്നെ പുതുക്കിപ്പണിയാന്‍ മാത്രമാണ് അനുമതി നല്‍കിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ പുതിയ വീടുകള്‍ക്ക് ഈ 50 മീറ്റര്‍ പരിധിയില്‍ നിര്‍മാണത്തിന് അനുമതി നല്‍കുന്നില്ല. കെട്ടിട നിര്‍മാണത്തിനായി സമര്‍പ്പിക്കപ്പെട്ട പതിനായിരക്കണക്കിന് അപേക്ഷകളാണ് കേരളത്തിലെ പത്തോളം ജില്ലകളിലായി ഇതുവരെ നിരസിക്കപ്പെട്ടിട്ടുള്ളത്.
2011 ലെ നിയമത്തിലെ രണ്ടാം ഖണ്ഡികയില്‍ വേലിയേറ്റ രേഖയെക്കുറിച്ചുള്ള നിര്‍വചിക്കുന്ന ഭാഗത്താണ് 2020 മെയ് ഒന്നിന് പ്രസിദ്ധീകരിച്ച സുപ്രധാന ഭേദഗതി ഉത്തരവ് കൂട്ടിച്ചേര്‍ത്തിട്ടുള്ളത്. ഇത് പ്രകാരം 1991 ന് മുന്‍പ് സ്ഥാപിക്കപ്പെട്ടിട്ടുള്ള ബണ്ടുകളോ , വരമ്പുകളോ, ഉപയോഗിച്ച് വേലിയേറ്റത്തെ തടയുന്ന സംവിധാനങ്ങള്‍ ഉള്ള സ്ഥലങ്ങളില്‍ വേലിയേറ്റ രേഖ കണക്കാക്കേണ്ടത് ബണ്ടുകളുടെയും തുമ്പുകളുടെയും ലൈനില്‍ ആകണമെന്നാണ്.
ഈ ഭേദഗതിയിലൂടെ തീരദേശത്ത് പൊക്കാളി പാടങ്ങളുടെയും ചെമ്മീന്‍ കെട്ടുകളുടെയും സമീപത്ത് താമസിക്കുന്ന ആയിരകണക്കിന് കുടുംബങ്ങള്‍ക്ക് വീട് വെക്കുന്നതിന് സാധിക്കുമെന്നും അവര്‍ പറഞ്ഞു. അതിനാല്‍ തൂമ്പില്‍ നിന്നും ദൂരം അളന്ന് പുതിയ വീടുകള്‍ക്ക് പെര്‍മിറ്റ് അനുവദിക്കാന്‍ അധികൃതര്‍ തയ്യാറാകണമെന്നും അവര്‍ ആവശ്യപ്പെട്ടു. കുടില്‍കെട്ടി സമരം കെ.എന്‍ ഉണ്ണികൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ ഭാരവാഹികളായ സലിഹരന്‍ ഇ.കെ, ബേസില്‍ മൂക്കത്ത്, സലി കെ. എസ്, വിനോദ്, തിലകന്‍, ഷാനവാസ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: