കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നടന്ന കോടികളുടെ പണം തട്ടിപ്പുമായി ബന്ധപ്പെട്ട് മുന്‍മന്ത്രി എ.സി. മൊയ്തീന്റെ വിശ്വസ്തനായ അരവിന്ദാക്ഷനെയും, ഈ ബാങ്കിലെ മുന്‍ അക്കൗണ്ടന്റ് ജില്‍സിനെയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതോടെ സിപിഎമ്മിനകത്ത് ഭൂകമ്പങ്ങള്‍ ഉരുണ്ടുകൂടുകയാണ്. എന്തൊക്കെ പൊട്ടിത്തെറികളാണ് ഇനിയങ്ങോട്ട് പാര്‍ട്ടിയിലും സര്‍ക്കാരിലും ഉണ്ടാകാന്‍ പോകുന്നതെന്ന് കാത്തിരുന്ന് കാണേണ്ടിവരും. കരുവന്നൂര്‍ ബാങ്കിലെ കള്ളപ്പണ കേസില്‍ അരവിന്ദാക്ഷന്റെ പങ്ക് വ്യക്തമായതിനെത്തുടര്‍ന്ന് ഇഡി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു. കുടുങ്ങി എന്നു വ്യക്തമായ ഇയാള്‍ ഇഡി ഉദ്യോഗസ്ഥര്‍ തന്നെ മര്‍ദ്ദിച്ചുവെന്നു കാണിച്ച് പോലീസില്‍ പരാതി നല്കി. ഇതിനു പിന്നാലെയാണ് വടക്കാഞ്ചേരിയിലെ വീട്ടില്‍നിന്ന് അരവിന്ദാക്ഷന് അറസ്റ്റിലായത്. ബാങ്കിലെ നിക്ഷേപകരുടെ പേരില്‍ പണം കവരുകയും, കള്ളപ്പണം വെളുപ്പിക്കുകയും വിദേശത്തേക്ക് പണം കടത്തുകയും ചെയ്തതില്‍ അരവിന്ദാക്ഷന് പങ്കുണ്ടെന്ന് വ്യക്തമായതോടെയാണ് ഇഡിയുടെ നടപടി. ചോദ്യം ചെയ്യലില്‍ പലതും സമ്മതിക്കേണ്ടിവരികയും, കുടുങ്ങിയെന്നു വ്യക്തമാവുകയും ചെയ്ത അരവിന്ദാക്ഷന് സിപിഎമ്മിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഇഡിയുടെ മര്‍ദ്ദനകഥ അവതരിപ്പിച്ചത്. പ്രതിരോധിക്കാന്‍ മറ്റൊരു വഴിയും ഇല്ലാതെ വന്നപ്പോള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും മുഖം രക്ഷിക്കാനും ഇങ്ങനെയൊരു കള്ളക്കഥ മെനയുകയായിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് മുതല്‍ ഇങ്ങോട്ടുള്ള നേതാക്കള്‍ ഈ കഥ ആവര്‍ത്തിക്കുന്നതില്‍നിന്ന് ഇതൊരു പാര്‍ട്ടി ക്യാപ്സൂള്‍ ആണെന്ന് ആര്‍ക്കും മനസ്സിലാക്കാനാവും.
വ്യവസ്ഥാപിതമായി അഴിമതി നടത്തുന്ന പാര്‍ട്ടിയാണ് സിപിഎമ്മെന്ന കാര്യം ആരെയും പ്രത്യേകം പറഞ്ഞുമനസ്സിലാക്കേണ്ടതില്ല. ഇക്കാര്യത്തില്‍ പതിറ്റാണ്ടുകളുടെ പാരമ്പര്യവും പാര്‍ട്ടിക്കുണ്ട്. ഭരണത്തിലുള്ളപ്പോഴും പ്രതിപക്ഷത്തായിരിക്കുമ്പോഴും ഇതിന് മാറ്റം വരാറില്ല. സിപിഎം ഭരിക്കുന്ന കരുവന്നൂര്‍ സഹകരണ ബാങ്കിലെ അഴിമതി മനുഷ്യവിരുദ്ധം കൂടിയായിരുന്നു എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. നിക്ഷേപിച്ച പണം ലഭിക്കാത്തതിനാല്‍ ചികിത്സ മുടങ്ങി മരണത്തിന് കീഴടങ്ങേണ്ടിവന്ന ഹതഭാഗ്യര്‍ ഇവിടെയുണ്ട്. പണം ആവശ്യപ്പെട്ട നിക്ഷേപകര്‍ക്ക് അത് ലഭിക്കാതെ വന്നതോടെ പുറത്തായ ഈ അഴിമതിയെക്കുറിച്ച് ക്രൈംബ്രാഞ്ചിനെക്കൊണ്ട് അന്വേഷിപ്പിച്ച് ഒതുക്കിത്തീര്‍ക്കാനും, സിപിഎമ്മുകാരായ കുറ്റവാളികളെ രക്ഷിക്കാനുമാണ് ഇടതുമുന്ന ണി സര്‍ക്കാര്‍ ശ്രമിച്ചത്. ഇതിന്റെ ഭാഗമായി പിടികൂടപ്പെടാതിരുന്നവരാണ് ഇഡിയുടെ വലയിലായത്. വെറുമൊരു അഴിമതി മാത്രമല്ല നടന്നിട്ടുള്ളതെന്നും, കള്ളപ്പണം വെളുപ്പിക്കല്‍പോലെ ഇസ്ലാമിക തീവ്രവാദ സംഘടനകളുമായിപ്പോലും ബന്ധമുള്ള സാമ്പത്തിക കുറ്റകൃത്യങ്ങള്‍ നടന്നിട്ടുണ്ടെന്നും ഇഡി അന്വേഷിച്ചു കണ്ടെത്തിയാണ് സിപിഎം നേതാക്കളെ പിടികൂടിയിരിക്കുന്നത്. തെളിവുകള്‍ നശിപ്പിച്ചും ചോദ്യം ചെയ്യലിനോട് സഹകരിക്കാതെയും ഇഡിയുടെ അന്വേഷണത്തെ ചെറുക്കാന്‍ സിപിഎം നേതൃത്വം നടത്തിയ ശ്രമങ്ങള്‍ വിഫലമായി. ഇതിനെത്തുടര്‍ന്നാണ് പാര്‍ട്ടിക്കകത്തും പുറത്തുമുള്ള പണം തട്ടിപ്പുകാരുമായി മുന്‍മന്ത്രി എ.സി. മൊയ്തീന് ബന്ധമുള്ളതായി ഇഡി മനസ്സിലാക്കുന്നത്. തട്ടിപ്പിന്റെ പ്രധാന സൂത്രധാരനും ഗുണഭോക്താവുമാണ് മൊയ്തീന് എന്ന നിഗമനത്തിലാണ് ഇഡി എത്തിച്ചേര്‍ന്നിരിക്കുന്നത്.
സിപിഎമ്മിന്റെ പ്രമുഖ നേതാക്കളില്‍നിന്നാണ് അന്വേഷണം എ.സി. മൊയ്തീനില്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. അനേ്വ ഷണം മൊയ്തീനില്‍ അവസാനിക്കാനും പോകുന്നില്ല. രേഖകളും തെളിവുകളും വച്ച് ചോദ്യം ചെയ്യുമ്പോള്‍ മൊയ്തീനും സത്യം സമ്മതിക്കേണ്ടിവരും. മറ്റുള്ളവര്‍ മൊയ്തീന്റെ പേര് പറഞ്ഞതുപോലെ മൊയ്തീന് പാര്‍ട്ടിയിലെ ഉന്നതന്മാരുടെ പേരുകള്‍ പറഞ്ഞെന്നിരിക്കും. ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി. ജയരാജനെപ്പോലുളളവരുടെ പേരുകള്‍ ഇതിനോടകം ഉയര്‍ന്നുകഴിഞ്ഞു. പാര്‍ട്ടിയി ലെ വലിയൊരു നേതൃനിരതന്നെ അഴിക്കുള്ളിലാകുമെന്നുറപ്പാണ്. കേരളത്തിലെ സഹകരണ സംഘ പ്രസ്ഥാനത്തെ തകര്‍ക്കാനാണ് ഇഡിയെ ഉപയോഗിച്ച് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന വാദമൊന്നും വിലപ്പോവില്ല. ആരാണ് സഹകരണ സംഘത്തെ തകര്‍ക്കുന്നതെന്ന് കരുവന്നൂരിലെയും മറ്റു പല ബാങ്കുകളിലെയും സിപിഎം നേതാക്കള്‍ക്ക് പങ്കാളിത്തമുള്ള അഴിമതികള്‍ വ്യക്തമാക്കുന്നുണ്ട്. സിപിഎം ഇഡിക്ക് വഴങ്ങില്ല എന്നൊക്കെ പറഞ്ഞ് അണികളെ അക്രമാസക്തരാക്കാനുള്ള ശ്രമങ്ങള്‍ പാര്‍ട്ടി നേതൃത്വം നടത്തുന്നുണ്ട്. ആരെങ്കിലും വഴങ്ങാത്തപക്ഷം അത് ഇഡി നോക്കിക്കൊള്ളും. അതിന് സിപിഎമ്മിന്റെ അനുമതി ആവശ്യമില്ല. ആരോപണങ്ങള്‍ക്കൊന്നും വ്യക്തമായ മറുപടി പറയാതെ മുഖ്യമന്ത്രി പിണറായി വിജയന് ജനസമ്പര്‍ക്കവുമായി ഇറങ്ങിത്തിരിക്കുകയാണ്. അണികള്‍ അകന്നുപോയത് മനസ്സിലാക്കിയാണിത്. പാര്‍ട്ടിയുടെ സംഘടനാ ബലത്തിന്റെയും ഭരണാധികാരത്തിന്റെയും ബലത്തില്‍ അത്ര വലിയ കൊള്ളയാണ് നേതാക്കള്‍ നടത്തിയിരിക്കുന്നതെന്ന് ഒരു ഞെട്ടലോടെ അണികള്‍ തിരിച്ചറിഞ്ഞിരിക്കുന്നു. ഇതോടെ തുടര്‍ഭരണത്തിന്റെ അവസാനം ദുരന്തമായിരിക്കുമെന്ന് ഉറപ്പിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: