ന്യൂദല്‍ഹി: ആന്‍ഡ്രോയിഡ് സ്മാര്‍ട്ട് ഫോണുകളില്‍ സെന്‍സറുകള്‍ ഉപയോഗിച്ച് ഇന്റര്‍നെറ്റിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഭൂകമ്പ മുന്നറിയിപ്പ് സേവനങ്ങള്‍ ഭാരതത്തിലും ഉടന്‍ നടപ്പാക്കുമെന്ന് ഗൂഗിള്‍. ദേശീയ ദുരന്ത നിയന്ത്രണ അതോറിറ്റി (എന്‍ഡിഎംഎ), ദേശീയ ഭൂകമ്പ ശാസ്ത്ര കേന്ദ്രം (എന്‍എസ്‌സി) എന്നിവയുമായി കൂടിയാലോചിച്ചാണ് ഗൂഗിള്‍ ‘ആന്‍ഡ്രോയിഡ് എര്‍ത്‌ക്വേക്ക് അലര്‍ട്ട്‌സ് സിസ്റ്റം’ ഭാരതത്തില്‍ അവതരിപ്പിക്കുന്നത്.
ഈ സംവിധാനം നിലവില്‍ വരുന്നതോടെ ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് അവരവരുടെ മേഖലകളിലെ ഭൂകമ്പ സാധ്യതയെക്കുറിച്ച് നേരത്തെ തന്നെ മുന്നറിയിപ്പ് ലഭിക്കുമെന്ന് ഗൂഗിള്‍ ബ്ലോഗില്‍ കുറിച്ചു. ആന്‍ഡ്രോയിഡ് അഞ്ച് മുതലുള്ള ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് ഈ സംവിധാനം ലഭിക്കുക. വരുന്ന ആഴ്ച തന്നെ സേവനം ലഭ്യമാകുമെന്നും ഗൂഗിള്‍ അറിയിച്ചു.
ആന്‍ഡ്രോയിഡ് സ്മാര്‍ട്ട് ഫോണുകളിലുള്ള ആക്‌സിലറോമീറ്ററുകളുടെ സഹായത്തോടെയാണ് ഈ സംവിധാനം പ്രവര്‍ത്തിക്കുക. ഭൂകമ്പനിര്‍ണയത്തിനുള്ള ചെറിയ സീസ്‌മോമീറ്ററുകളായി ഇവ പ്രവര്‍ത്തിക്കും. ചാര്‍ജ് ചെയ്യാനിടുന്ന ഒരു ഫോണിന് ആ പ്രദേശത്തുണ്ടാകുന്ന പ്രകമ്പനങ്ങള്‍ തുടക്കത്തില്‍ തന്നെ കണ്ടെത്താന്‍ കഴിയും. ഇത്തരത്തില്‍ കൂടുതല്‍ ഫോണുകള്‍ ഒരേ സമയം ഈ പ്രകമ്പനം തിരിച്ചറിഞ്ഞാല്‍, ഈ സംവിധാനത്തിലൂടെ പ്രദേശത്ത് ഭൂകമ്പ സാധ്യതയുള്ളതായി മറ്റ് ഫോണുകളിലേക്കും സന്ദേശം ലഭിക്കും.
ഭൂമിയില്‍ പ്രകമ്പനങ്ങളുണ്ടാകുന്നതിനേക്കാള്‍ വേഗത്തില്‍, പ്രകാശത്തിന്റെ വേഗതയിലാണ് ഇന്റര്‍നെറ്റ് സിഗ്നലുകള്‍ സഞ്ചരിക്കുക. അതുകൊണ്ടു തന്നെ സെക്കന്റുകള്‍ കൊണ്ട് നിരവധി ഫോണുകളിലേക്ക് സന്ദേശം ലഭ്യമാകും. ഇതിനുമുമ്പ് തന്നെ പല രാജ്യങ്ങളിലും ഈ സംവിധാനം അവതരിപ്പിച്ചിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: