മികച്ച ഏഷ്യന്‍ നടനുള്ള പുരസ്കാരം നേടിയതിന് പിന്നാലെ ടൊവിനോ ഒരു പോസ്റ്റ് പങ്കുവച്ചിരുന്നു. “നമ്മുടെ ഏറ്റവും വലിയ മഹത്വം എന്നത് ഒരിക്കലും വീഴാതിരിക്കുന്നതിലല്ല, ഓരോ തവണ വീഴുമ്പോഴും അവിടുന്ന് എഴുന്നേൽക്കുന്നതിലാണ്. 2018ൽ അപ്രതീക്ഷിതമായ പ്രളയം നമ്മുടെ വാതിലുകളിൽ മുട്ടിയപ്പോൾ കേരളം വീണുതുടങ്ങി. എന്നാൽ കേരളീയർ എന്താണെന്നാണ് പിന്നീട് ലോകം കണ്ടത്.എന്നെ മികച്ച ഏഷ്യൻ നടനായി തിരഞ്ഞെടുത്തതിന് സെപ്റ്റിമിയസ് അവാർഡിന് നന്ദി. ഈ അംഗീകാരം എന്നും എന്റെ ഹൃദയത്തോട് ചേർന്ന് നിൽക്കും.എന്നായിരുന്നു ടൊവിനോയുടെ കുറിപ്പ്.
അടുത്തകാലത്ത് ‘പെൺ പ്രതിമ’യാണ് സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയങ്ങളിൽ ഒന്ന്. അതിന് തുടക്കമിട്ടതാകട്ടെ അലൻസിയറും. കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണ ചടങ്ങിൽ പെണ്‍ പ്രതിമ നൽകി പ്രലോഭിപ്പിക്കരുതെന്ന അലൻസിയറുടെ പ്രസ്താവന വിവാദങ്ങൾക്കും വിമർശനങ്ങൾക്കും വഴിവച്ചിരുന്നു. വിഷയം ട്രോളുകളിലും നിറഞ്ഞു. ഈ അവസരത്തിൽ ടൊവിനോ തോമസിന്റെ പോസ്റ്റിന് രമേഷ് പിഷാരടി നൽകിയ കമന്റാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.
പോസ്റ്റിന് താഴെ ടൊവിനോയെ പ്രശംസിച്ച് കൊണ്ട് നിരവധി പേരാണ് രംഗത്ത് എത്തിയത്. ഇവയ്‌ക്കൊപ്പം ‘നല്ല ആണത്തമുള്ള ശില്പം’ എന്നാണ് രമേഷ് പിഷാരടി കുറിച്ചത്. പിഷാരടിയുടെ കമന്റിന് മറുപടിയുമായി നിരവധി പേരാണ് രംഗത്ത് എത്തിയത്. ‘അത് കിടുക്കി, കൊള്ളേണ്ടവർക്ക് കൊള്ളും, ഒന്നു എഴുന്നേറ്റ് ബഹുമാനിക്കാൻ തോന്നുന്നുണ്ടോ’, എന്നിങ്ങനെ പോകുന്നു കമന്റുകൾ. വിവിധ ട്രോൾ പേജുകളിലും പിഷാരടിയുടെ കമന്റ് നിറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: