ഒന്‍പത് പുതിയ വന്ദേഭാരത് ട്രെയിനുകളാണ് തിങ്കളാഴ്ച ഓടിത്തുടങ്ങിയത്. ഇതുമൂലം രാജസ്ഥാന്‍, തമിഴ്‌നാട്, തെലങ്കാന, ആന്ധ്രപ്രദേശ്, കര്‍ണാടക, ബിഹാര്‍, പശ്ചിമ ബംഗാള്‍, കേരളം, ഒഡിഷ, ഝാര്‍ഖണ്ഡ്, ഗുജറാത്ത് തുടങ്ങിയ പതിനൊന്ന് സംസ്ഥാനങ്ങളിലെ കണക്റ്റിവിറ്റി വര്‍ധിക്കും.
”രാജ്യത്തെ അടിസ്ഥാനസൗകര്യ വികസനത്തിന്റെ നിലവിലെ വേഗതയും തോതും 140 കോടി ഭാരതീയരുടെ വികസനസ്വപ്‌നങ്ങളുമായി പൊരുത്തപ്പെടുന്നു. വന്ദേ ഭാരത് രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളെയും ബന്ധിപ്പിക്കുന്ന ദിവസം വിദൂരമല്ല. ജി20ന്റെവിജയം ഭാരതത്തിന്റെ ജനാധിപത്യം, ജനസംഖ്യാശാസ്ത്രം, വൈവിധ്യം എന്നിവയുടെ ശക്തി പ്രകടമാക്കി. ഭാരതം അതിന്റെ വര്‍ത്തമാനകാലത്തിന്റെയും ഭാവിയുടെയും ആവശ്യങ്ങള്‍ക്കായി ഒരേസമയം പ്രവര്‍ത്തിക്കുന്നു. അമൃതഭാരത് സ്‌റ്റേഷനുകള്‍ വരും ദിവസങ്ങളില്‍ പുതിയ ഭാരതത്തിന്റെ സ്വത്വമായി മാറും. ഇപ്പോള്‍ റെയില്‍വേ സ്‌റ്റേഷനുകളുടെ ജന്മദിനം ആഘോഷിക്കുന്ന പാരമ്പര്യം കൂടുതല്‍ വിപുലീകരിക്കുകയും കൂടുതല്‍ കൂടുതല്‍ പേര്‍ അതില്‍ പങ്കാളികളാകുകയും ചെയ്യും. റെയില്‍വേയിലെ ഓരോ ജീവനക്കാരനും യാത്ര സുഗമമാക്കുന്നതിനും യാത്രക്കാര്‍ക്ക് മികച്ച അനുഭവം നല്‍കുന്നതിനെക്കുറിച്ചും നിരന്തരം സംവേദനക്ഷമത പുലര്‍ത്തേണ്ടതുണ്ട്. ഇന്ത്യന്‍ റെയില്‍വേയിലും സമൂഹത്തിലും എല്ലാ തലത്തിലും സംഭവിക്കുന്ന മാറ്റങ്ങള്‍ വികസിത ഇന്ത്യയിലേക്കുള്ള സുപ്രധാന ചുവടുവയ്‌പ്പാണെന്നു തെളിയിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്”-പ്രധാനമന്ത്രി നരേന്ദ്രമോദി ഇങ്ങനെ പറയുമ്പോള്‍ പാഴ്‌വാക്കാണെന്ന് പറയാനൊക്കുമോ?
ട്രെയിനുകള്‍ ഓടുന്ന പാതകളില്‍ നിലവില്‍ ഓടുന്ന ട്രെയിനുകളേക്കാള്‍ വേഗതയുള്ളതായിരിക്കും വന്ദേഭാരത്. അതിനാല്‍ യാത്രക്കാരുടെ സമയം ഗണ്യമായി ലാഭിക്കാനാകും. റൂര്‍ക്കേല- ഭുവനേശ്വര്‍പുരി വന്ദേ ഭാരത് എക്‌സ്പ്രസ്, കാസര്‍കോട്-തിരുവനന്തപുരം വന്ദേ ഭാരത് എക്‌സ്പ്രസ് എന്നിവ നിലവില്‍ ഇതേ റൂട്ടുകളില്‍ ഓടുന്ന ട്രെയിനുകളെ അപേക്ഷിച്ച് മൂന്ന് മണിക്കൂര്‍ വേഗത കൂടുതലുള്ളതാണ്. ഇതിന്റെ സന്തോഷം യാത്രക്കാര്‍ക്കെല്ലാം ഉണ്ടാകുന്നതാണ്. അതാണ് തിങ്കളാഴ്ച ആലപ്പുഴ വഴി വന്ന വണ്ടിക്ക് ലഭിച്ച സ്വീകരണം.
വന്ദേഭാരത് ട്രെയിനുകള്‍ രാജ്യത്തെ റെയില്‍വേയുടെ പുതിയ നിലവാരത്തിന് തുടക്കമിടും. ലോകോത്തര സൗകര്യങ്ങളും ‘കവച്’ സാങ്കേതികവിദ്യ ഉള്‍പ്പെടെയുള്ള നൂതന സുരക്ഷാ സംവിധാനങ്ങളുമുള്ള ഈ ട്രെയിനുകള്‍ സാധാരണക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും വ്യവസായികള്‍ക്കും വിദ്യാര്‍ഥികള്‍ക്കും വിനോദസഞ്ചാരികള്‍ക്കും ആധുനികവും വേഗമേറിയതും സുഖപ്രദവുമായ യാത്രാമാര്‍ഗങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള പ്രധാന ചുവടുവയ്‌പ്പാണ്. അത് സഹിക്കാന്‍ പറ്റാത്തവരുടെ വെപ്രാളമാണ് കെ.മുരളീധരനിലൂടെ പ്രകടമായത്. ഒരുപാട് എം.പിമാര്‍ തീവണ്ടിക്ക് അഭിവാദ്യമര്‍പ്പിക്കാനെത്തി. പക്ഷേ, മുരളീധരന്റെ വേവലാതിയാണ് കെങ്കേമം. കേരളത്തിലെ രണ്ടാം വന്ദേഭാരത് ട്രെയിനിന്റെ ആദ്യ യാത്രയെ രാഷ്‌ട്രീയ യാത്രയായി ബിജെപി മാറ്റിയെന്ന രൂക്ഷ വിമര്‍ശനവുമായാണ് കെ.മുരളീധരന്‍ എംപി പ്രത്യക്ഷപ്പെട്ടത്. വന്ദേഭാരതിന്റെ സ്വീകരണയാത്രയെ ബിജെപി തരംതാണ രാഷ്‌ട്രീയത്തിന് ഉപയോഗിച്ചെന്നു പറഞ്ഞ മുരളി, കേന്ദ്രമന്ത്രി വി.മുരളീധരന്റെ നിലപാടുകളെയും കുറ്റപ്പെടുത്തി.
”വന്ദേഭാരതിന്റെ സ്വീകരണയാത്ര വെറും തരംതാണ രാഷ്‌ട്രീയത്തിനാണു ബിജെപി ഉപയോഗിച്ചത്. കാസര്‍കോട്ടെ തുടക്കം മുതല്‍ തിരുവനന്തപുരത്തെ സമാപനം വരെ ഇതുണ്ടായി. പ്രാദേശിക എംഎല്‍എമാരെ പ്രസംഗിക്കാന്‍ വിട്ടില്ല. വി.മുരളീധരന് അഭിവാദ്യം അര്‍പ്പിക്കാന്‍ 10 മിനിട്ടുവീതം വണ്ടി പിടിച്ചിട്ടു.” മുമ്പൊരു തീവണ്ടിക്കും ഇല്ലാത്ത സ്വീകരണമാണിതൊക്കെ എന്ന് മുരളീധരന്‍ ആക്ഷേപിച്ചു.
താന്‍ നാലുതവണ ലോക്‌സഭയിലേക്കും രണ്ടുതവണ നിയമസഭയിലേക്കും ജയിച്ചുകയറി എന്ന അഹന്തയും മുരളീധരന്‍ പ്രകടിപ്പിക്കുന്നു. വി.മുരളീധരന്‍ ഒരു പഞ്ചായത്തിലെങ്കിലും ജയിച്ചിട്ടുണ്ടോ എന്ന ചോദ്യവും. വി. മുരളീധരനെ വിമര്‍ശിക്കും മുമ്പ് സ്വന്തം നിലപാട് ഒന്നു പരിശോധിക്കുന്നതല്ലെ നല്ലത്. ‘എനിക്കിങ്ങിനെ ഒരു തന്തയില്ലെന്ന്’ പറയേണ്ട ഗതികേട് വി.മുരളീധരനുണ്ടായോ? അഹമ്മദ് പട്ടേലിനെ അലൂമിനിയം പട്ടേലെന്ന് ആക്ഷേപിച്ചതും കണ്ടു. ഉമ്മന്‍ചാണ്ടിയെ മുക്കാലിയില്‍ കെട്ടിയിട്ട് അടിക്കണമെന്ന് പറഞ്ഞതും മറന്നുപോയോ? തരംപോലെ നിറംമാറുകയും നിലപാട് മാറ്റുകയും ചെയ്യുന്ന മുരളീധരന് മുന്നണിയുടെ താങ്ങില്ലാതെ പതിനായിരം വോട്ടെങ്കിലും നേടാനാകുമോ? ഇത്രയൊക്കെ വീമ്പടിക്കുന്ന കെ.മുരളീധരന്‍, അടുത്ത തെരഞ്ഞെടുപ്പില്‍ താന്‍ ജയിക്കുമെന്നുറപ്പിച്ച് പ്രഖ്യാപിക്കാമോ?
മൂന്ന് പതിറ്റാണ്ടുമുമ്പല്ലെ ‘ശതാഭിഷേകം’ എന്ന റേഡിയോ നാടകമുണ്ടായത്. കവി എസ്.രമേശന്‍ നായര്‍ രചിച്ച നെടുമുടി വേണുവും ജഗന്നാഥനും മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ച നാടകം. അതിലെ കിങ്ങിണിക്കുട്ടന്‍ കഥാപാത്രം താനാണെന്ന് ധരിച്ചവശനായ മൂപ്പര് ചെയ്തുകൂട്ടിയ വയ്യാവേലികള്‍ എന്തൊക്കെയായിരുന്നു. ആകാശവാണി ജീവനക്കാരനായിരുന്ന രമേശന്‍ നായരെ ആന്തമാനിലേക്ക് സ്ഥലംമാറ്റി. 12 വര്‍ഷം സര്‍വീസ് ബാക്കിയുള്ള രമേശന്‍ നായര്‍ സ്ഥലംമാറ്റം പുല്ലുപോലെ കണക്കാക്കി. ജോലി രാജിവച്ച് സ്വതന്ത്രനായി. അച്ഛന്റെ സ്വാധീനവും ദുഷ്ടബുദ്ധിയുമാണതിലേക്കൊക്കെ എത്തിച്ചത്. രമേശന്‍ നായര്‍ക്ക് അതുകൊണ്ടൊരു നഷ്ടവുമുണ്ടായില്ല. കിങ്ങിണിക്കുട്ടന് പിന്നീട് നേട്ടങ്ങളൊരുപാടുണ്ടാവുകയും ചെയ്തു. അതാണല്ലോ നാലുതവണ ജയിച്ചതിന്റെ മേനി നടിക്കുന്നത്.
ഒന്നാം വന്ദേഭാരതിന്റെ ലാഭം നോക്കിയാണ് രണ്ടാം വന്ദേഭാരത് നല്‍കിയതെന്നും ഇതൊന്നും ആരുടെയും ഔദാര്യമല്ലെന്നും മുരളീധരന്‍ പറയുന്നു. ലാഭം നേടിത്തന്നത് കെ.മുരളീധരന്റെ പിന്തുണ കൊണ്ടാണെന്ന് പറയാത്തത് ഭാഗ്യം. നാലുതവണ ജയിച്ചിട്ട് നാലേമുക്കാലിന്റെ പദ്ധതിയോ പരിപാടിയോ കേരളത്തിനുണ്ടാക്കി എന്ന് പറയാനൊക്കുമോ? സഹമന്ത്രിമാര്‍ക്ക് ദല്‍ഹിയിലുള്ള സ്ഥാനത്തെ ചൂണ്ടിക്കാട്ടിയാണ് വി.മുരളീധരനെ വിമര്‍ശിക്കുന്നത്. നാലുതവണ ചെന്നിട്ടും നാലുവര്‍ത്തമാനം പറയുന്നത് കേട്ടിട്ടില്ല. സഫാരിസൂട്ടുമിട്ട് തേരാപാര നടക്കുന്നതല്ലാതെ ഒരുചുക്കും ചുണ്ണാമ്പും ചെയ്യാന്‍ കഴിഞ്ഞിട്ടില്ല.
കോണ്‍ഗ്രസില്‍ സഹമന്ത്രിയായാല്‍ മദാമ്മയ്‌ക്ക് തിരുത മീനെത്തിക്കാമെന്നല്ലാതെ ഒരു കാര്യവുമില്ല. ബിജെപിയില്‍ സഹമന്ത്രിക്ക് മുന്തിയ പരിഗണന തന്നെ കിട്ടി. കേരളത്തില്‍ റെയില്‍വെ ഉണ്ടെന്ന് തെളിഞ്ഞത് രാജഗോപാല്‍ മന്ത്രിയായപ്പോഴല്ലെ? ഇപ്പോഴത്തെ സഹമന്ത്രി വി.മുരളീധരന്റെ പ്രവര്‍ത്തനങ്ങളെ ഒന്നുവിലയിരുത്താമോ? ആളുവില കല്ലുവില. ആളുവില പുല്ലുവില’ എന്നചൊല്ലുപോലെയാണ്. ബിജെപി ഭരണത്തില്‍ സഹമന്ത്രിക്ക് കല്ലുവിലതന്നെയാണ്. ഒരുപുല്ലുവിലപോലും ഉള്ള സഹമന്ത്രിയാകാന്‍ പോലും കഴിയാത്ത കെ.മുരളീധരനോട് ഒരു ചോദ്യം. വി.മുരളീധരനെ മുക്കാലയില്‍ കെട്ടിയിട്ടടിച്ചാല്‍ തീരുമോ ദേഷ്യം. ഉമ്മന്‍ചാണ്ടിക്ക് ഓങ്ങിവച്ച അടി വി. മുരളീധരന് നല്‍കിയാലോ, മുരളിസാറെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: