ഹാങ്‌ചൊ: ഫെന്‍സിങ്ങില്‍ ഭാരതത്തിന്റെ പ്രതീക്ഷാ താരം ഭവാനി ദേവി ക്വാര്‍ട്ടറില്‍ പുറത്തായി. നിലവിലെ ഏഷ്യന്‍ വെള്ളി ജേത്രി ഷാവോ യാകി 15-7ന് ഭവാനിയെ ക്വാര്‍ട്ടറില്‍ കീഴടക്കി. വേഗതയാര്‍ന്ന മത്സരത്തിനിടെ റഫറിക്ക് പരസ്പരമുള്ള ടച്ചുകള്‍ തെറ്റിപ്പോയതായി താരം പറയുന്നു. തനിക്ക് കിട്ടേണ്ട പോയിന്റുകള്‍ എതിരാളിയുടേതാക്കി മാറ്റി. മത്സരത്തിനിടെ താരം ഇക്കാര്യം അറിയിച്ചെങ്കിലും ഫലമുണ്ടായില്ല. മത്സരശേഷം താരം ഇക്കാര്യം തുറന്നുപറഞ്ഞു.
ഇന്നലെ ആദ്യം നടന്ന മത്സരങ്ങളില്‍ നിലവിലെ വനിതാ ഏഷ്യന്‍ ഫെന്‍സിങ് ചാമ്പ്യന്‍ ഉസ്ബക്കിസ്ഥാന്റെ സയ്‌നാബ് ദായിബെകോവയെ തോല്‍പ്പിച്ചാണ് ഭവാനി ക്വാര്‍ട്ടറിലെത്തിയത്. കസാഖ്സ്ഥാന്‍, സൗദി അറേബ്യ, ബംഗ്ലാദേശ്, സിംഗപ്പൂര്‍, തായ്‌ലാന്‍ഡ്
താരങ്ങളെ അടക്കം തോല്‍പ്പിച്ചാണ് ക്വാര്‍ട്ടര്‍ വരെ മുന്നേറിയത്.
വേഗതയാര്‍ന്ന മത്സരത്തിനിടയിലും തനിക്ക് വലിയ ആധിപത്യം പുലര്‍ത്താനായില്ലെന്നത് വാസ്തവമാണ്, എങ്കിലും പരമാവധി പൊരുതി, ഒട്ടും കുറ്റബോധമില്ല. ഇനി വരാനിരിക്കുന്ന മത്സരങ്ങളില്‍ മുന്നേറിക്കൊണ്ട് പാരിസ് ഒളിംപിക്‌സില്‍ യോഗ്യത നേടുകയാണ് തന്റെ ലക്ഷ്യമെന്നും ഭവാനി വ്യക്തമാക്കി.
ട്രാക്ക് സൈക്ലിങ് ഭാരത ടീം പുറത്തായി
ഹാങ്‌ചൊ: ഭാരത വനിതാ സൈക്ലിങ് ടീം സ്പ്രിന്റ് ഹീറ്റ്‌സില്‍ കൊറിയയോട് പരാജയപ്പെട്ടു. സെലെസ്റ്റീന, ത്രിയാഷാ പോള്‍, സുശികല അഗാഷെ, മയൂരി ലൂട്ട് എന്നിവര്‍ 52.333 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്തു. കൊറിയ ഭാരത വനിതകളെക്കാള്‍ 3.378 സെക്കന്‍ഡ് നേരത്തെ ഫിനിഷ് ചെയ്തുകൊണ്ടാണ് തോല്‍പ്പിച്ചത്.
പുരുഷ ടീം സൈക്ലിങ്ങില്‍ ജപ്പാനോടാണ് പരാജയപ്പെട്ടത്. ജപ്പാനെക്കാള്‍ 1.279 സെക്കന്‍ഡ് പിന്നിലായിപ്പോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: