Categories: KeralaNews

മന്ത്രി ആന്റണി രാജു പ്രതിയായ തൊണ്ടിമുതല്‍ കേസ് അതീവ ഗൗരവമുള്ളത്: സുപ്രീംകോടതി

Published by

ന്യൂദല്‍ഹി: മന്ത്രി ആന്റണി രാജു പ്രതിയായ തൊണ്ടിമുതല്‍ കേസ് അതീവ ഗൗരവമുള്ളതെന്ന് സുപ്രീംകോടതി. തൊണ്ടിയായിരുന്ന അടിവസ്ത്രം വിട്ടുകൊടുക്കാന്‍ മജിസ്ട്രേറ്റ് കോടതി ഉത്തരവ് ഉണ്ടായിരുന്നോയെന്നും സുപ്രീംകോടതി ചോദിച്ചു. സംസ്ഥാന സര്‍ക്കാരിന് സത്യവാങ്മൂലം ഫയല്‍ ചെയ്യാന്‍ കൂടുതല്‍ സമയം അനുവദിച്ച കോടതി കേസ് നവംബര്‍ ഏഴിന് പരിഗണിക്കാന്‍ മാറ്റി. കേസില്‍ പുനരന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി വിധിക്കെതിരെ ആന്റണി രാജു നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം.

ലഹരിമരുന്നു കേസില്‍ പിടിയിലായ ഓസ്‌ട്രേലിയന്‍ പൗരന്റെ സാധനങ്ങള്‍ വിട്ടുനല്‍കാനുള്ള മജിസ്ട്രേറ്റ് കോടതി ഉത്തരവില്‍ തൊണ്ടിമുതലായ അടിവസ്ത്രവും ഉള്‍പ്പെട്ടിരുന്നോ എന്ന് കോടതി ചോദിച്ചു. വിട്ടുനല്‍കിയ തൊണ്ടിമുതല്‍ മാറ്റിനല്‍കിയതിനെ തുടര്‍ന്ന് പ്രതി ശിക്ഷയില്‍ നിന്ന് രക്ഷപ്പെട്ടുവെന്നാണ് ആന്റണി രാജുവിന് എതിരായ കേസില്‍ വിശദീകരിച്ചിരിക്കുന്നത്. മന്ത്രിക്കു പുറമെ കോടതി ജീവനക്കാരനായ ജോസും കേസിലെ പ്രതിയാണ്.

ആന്റണി രാജുവിന്റെ ഹര്‍ജി കഴിഞ്ഞ തവണ പരിഗണിച്ചപ്പോള്‍ പുനരന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി ഉത്തരവില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുന്നത് സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു. മന്ത്രി നല്‍കിയ ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിനും എതിര്‍കക്ഷികള്‍ക്കും കോടതി നോട്ടീസ് അയച്ചെങ്കിലും ഇന്നലെ സത്യവാങ്മൂലം ഫയല്‍ ചെയ്യാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടു. തുടര്‍ന്നാണ് ഹര്‍ജി ഏഴിലേക്ക് മാറ്റിയത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക