ഓണ്‍ലൈന്‍ രജിസ്ട്രേഷന് നവംബര്‍ 30 വരെ
പ്രതിമാസ സ്കോളര്‍ഷിപ്പ് 12400 രൂപ
അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗണ്‍സലിന്റെ (എഐസിടിഇ) അംഗീകാരമുള്ള കോളേജ്/സ്ഥാപനത്തില്‍ ‘ഗേറ്റ്/സീഡ്’ സ്കോര്‍ അടിസ്ഥാനത്തില്‍ 2023-24 അധ്യയനവര്‍ഷം എംഇ/എംടെക്/എംആര്‍ക്/എം.ഡെസ് കോഴ്സുകളില്‍ ഒന്നാംവര്‍ഷം പ്രവേശനം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് എഐസിറ്റിഇ-പിജി (ഗേറ്റ്/സീഡ്) സ്കോളര്‍ഷിപ്പിന് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.
നവംബര്‍ 30 വരെ https://pgscholarship.aicte-india.orgല്‍ രജിസ്ട്രേഷനുള്ള സൗകര്യം ലഭിക്കും. സ്കാന്‍ ചെയ്ത സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും ഗേറ്റ്/സീഡ് സ്കോര്‍കാര്‍ഡ്, ആധാറുമായി ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ട്, ആധാര്‍ പകര്‍പ്പ് ഉള്‍പ്പെടെ ആവശ്യമായ രേഖകള്‍ അപ്ലോഡ് ചെയ്തിരിക്കണം. അഡ്മിഷന് തീയതി, കോഴ്സ് തുടങ്ങിയതും അവസാനിക്കുന്നതുമായ തിയതി/വര്‍ഷം എന്നിവ കൃത്യമായും രേഖപ്പെടുത്തേണ്ടതാണ്. എസ്സി/എസ്ടി, ഇഡബ്ല്യുഎസ്, ഒബിസി നോണ്‍ ക്രീമിലെയര്‍ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ പ്രസ്തുത സര്‍ട്ടിഫിക്കറ്റുകളുടെ സ്കാന്‍ ചെയ്ത വകുപ്പുകള്‍ അപ്ലോഡ് ചെയ്യാന്‍ മറക്കരുത്. രജിസ്ട്രേഷനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ www.aicte-india.org/pg-scholarshipscheme ല്‍ ലഭിക്കും.
സ്കോളര്‍ഷിപ്പ് പോര്‍ട്ടലില്‍ വിദ്യാര്‍ത്ഥികള്‍ രജിസ്റ്റര്‍ ചെയ്ത ഡാറ്റ/വിവരങ്ങള്‍ പരിശോധിച്ച് അര്‍ഹരായവരുടെ ലിസ്റ്റ് സ്ഥാപനത്തിന്റെ അനുമതിയോടുകൂടി 2023 ഡിസംബര്‍ 15 നകം എഐസിടിഇക്ക് റിപ്പോര്‍ട്ട് ചെയ്യണം. ഫുള്‍ടൈം/റഗുലര്‍ പിജി കോഴ്സുകളില്‍ പഠിക്കുന്നവര്‍ക്കാണ് സ്കോളര്‍ഷിപ്പിന് അര്‍ഹത. നിലവില്‍ 12400 രൂപയാണ് പ്രതിമാസ സ്കോളര്‍ഷിപ്പായി ലഭിക്കുക. 24 മാസം വിദ്യാര്‍ത്ഥിയുടെ ബാങ്ക് അക്കൗണ്ടില്‍ തുക ക്രഡിറ്റ് ചെയ്യും. കൂടുതല്‍ വിവരങ്ങളും അപ്ഡേറ്റുകളും വെബ്പോര്‍ട്ടലില്‍ ലഭിക്കുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: