Categories: NewsKerala

പാലക്കാട് രണ്ട് യുവാക്കളുടെ മൃതദേഹം കുഴിച്ചിട്ട നിലയില്‍; കണ്ടെത്തിയത് വൈകിട്ട് അഞ്ചുമണിയോടെ…

Published by

പാലക്കാട്: കരിങ്കരപ്പുള്ളിയില്‍ രണ്ട് മൃതദേഹങ്ങള്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. ഒഴിഞ്ഞ് കിടക്കുന്ന പാടത്താണ് മൃതദേഹം കണ്ടെത്തിയത്.
കരിങ്കരപ്പുള്ളി സെന്റ് സെബാസ്റ്റ്യന്‍ സ്‌കൂളിന് സമീപത്താണ് സംഭവം.

പ്രദേശത്ത് നിന്നും രണ്ടു യുവാക്കളെ കാണാതായിരുന്നു. ഇന്നലെ രാവിലെ മുതലാണ് ഇരുവരെയും കാണാതായത്. സതീഷ്, ഷിജിത്ത് എന്നിവരെയാണ് കാണാതായത്.

ഇന്ന് വൈകിട്ട് അഞ്ചുമണിയോടെയാണ് പോലീസ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പ്രദേശത്ത് സംഘര്‍ഷം നടന്നതായും ഇതുമായി ബന്ധപ്പെട്ട് പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് വയലില്‍ മൃതദേഹങ്ങള്‍ കുഴിച്ചിട്ടിരിക്കുന്നതായി മനസിലാക്കിയത്. കാലുകളാണ് ആദ്യം പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്. കാണാതായവരുടെ മൃതദേഹമാണിതെന്ന സംശയമാണിപ്പോഴുള്ളത്. നാളെ തഹസീൽദാരുടെ സാന്നിദ്ധ്യത്തിൽ പോലീസ് മൃതദേഹം പുറത്തെടുക്കും.

സംഭവം നടന്ന സ്ഥലത്ത് അവസാനമായി ഈ യുവാക്കളെ കണ്ടവരുണ്ടെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ഞായറാഴ്ച കൊട്ടേക്കാട് സംഘര്‍ഷമുണ്ടായിരുന്നു. ആ സംഘര്‍ഷത്തിന് യുവാക്കളുടെ മരണവുമായി ബന്ധമുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.

ഇന്‍ക്വസ്റ്റ് നടപടികള്‍ നാളെ രാവിലെ നടക്കും. നാളെ ഫോറന്‍സിക് സംഘവും ആര്‍ഡിഒയും എത്തിയതിനുശേഷമായിരിക്കും മറ്റ് പരിശോധനകള്‍.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by