അഹമ്മദാബാദ്: ഗുജറാത്തിലെ ഒരു ഗ്രാമത്തില്‍ ഒരു റേഷന്‍ കടക്കാരന് ജാതിവിവേചനം അനുഭവിയ്ക്കുന്നതായുള്ള കള്ള വാര്‍ത്ത ചമച്ച് ഇന്ത്യന്‍ എക്സ് പ്രസ്. ഇത് പിന്നീട് സമൂഹമാധ്യമങ്ങളിലും വൈറലായി പ്രചരിച്ചു. ജാതി മുന്നോട്ട് കൊണ്ട് വന്ന്, ദളിതരെയും മറ്റ് പിന്നാക്ക വിഭാഗക്കാരെയും മേല്‍ജാതിക്കെതിരെ തിരിച്ചുവിട്ട് ഹിന്ദു ഐക്യം തകര്‍ത്ത്, അതുവഴി 2024ലെ തെരഞ്ഞെടുപ്പില്‍ ബിജെപിയെ ദുര്‍ബലപ്പെടുത്തുക എന്ന രഹസ്യ അജണ്ടയുടെ ഭാഗം തന്നെയാണ് ഈ വാര്‍ത്തയും. മോദിയെ വീഴ്ത്താന്‍ ജാതിപ്പിശാചിനെ അഴിച്ചുവിടുക എന്ന ഇടത് ബുദ്ധിജീവികളും എന്‍ജിഒകളും രൂപകല്പന ചെയ്ത അജണ്ടയാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ നടപ്പാക്കാന്‍ ഊര്‍ജിതമായി ശ്രമിക്കുന്നത്. അതിന് കുഴലൂതാന്‍ ചില മാധ്യമങ്ങളും ഉണ്ട്. അതിന്റെ ഭാഗമാണ് ഇന്ത്യന്‍ എക്സ് പ്രസില്‍ വന്ന ഈ വാര്‍ത്ത.
ഗുജറാത്തിലെ പത്താന് ജില്ലയില്‍ സരസ്വതി താലൂക്കിലെ കനോസര്‍ ഗ്രാമത്തിലെ ഒരു റേഷന്‍ കടയില്‍ നിന്നും ആരും സാധനങ്ങള്‍ വാങ്ങാന്‍ എത്തുന്നില്ല. കാരണം റേഷന്‍ കടയുടമ ഒരു ദളിതന് ആണ് എന്നതാണ് ഇന്ത്യന്‍ എക്സ്പ്രസ് വാര്‍ത്ത. ഇതേ തുടര്‍ന്ന് ജില്ലാ കളക്ടര്‍ ഇവിടുത്തെ ആളുകളുടെ റേഷന്‍ കാര്‍ഡുകള്‍ ദളിതനല്ലാത്ത മറ്റൊരാള്‍ നടത്തുന്ന റേഷന്‍ കടയിലേക്ക് മാറ്റിക്കൊടുത്തു എന്നാണ് വാര്‍ത്ത. എന്നാല്‍ ഈ ഇന്ത്യന്‍ എക്സ് പ്രസ് വാര്‍ത്ത വഴിതെറ്റിയ്ക്കുന്നതും വ്യാജവുമാണെന്ന് കണ്ടെത്തി.
സവര്‍ണ്ണനും ദളിതനും തമ്മിലുള്ള പോര്, തൊട്ടുകൂടായ്മ, തീണ്ടിക്കൂടായ്മ എന്നിവ ആളിക്കത്തിക്കുകയാണ് വാര്‍ത്തയുടെ ലക്ഷ്യം. സമൂഹമാധ്യമങ്ങളില്‍ ഈ വാര്‍ത്ത വൈറലാക്കിയ വിദഗ്ധന്‍ ഹിതേന്ദ്ര പിതാദിയ എന്ന കോണ്‍ഗ്രസിന്റെ പട്ടിക ജാതി സെല്ലിന്റെ നേതാവാണ്. ആരാണ് റേഷന്‍ കാര്‍ഡുകള്‍ മാറ്റാന്‍ കളക്ടര്‍ക്ക് അധികാരം നല്‍കിയത്? ജാതിവിവേചനത്തിന്റെ സംരക്ഷകനാണോ കളക്ടര്‍?- എന്നീ ചോദ്യങ്ങളും ഇയാള്‍ ബോധപൂര്‍വ്വം സമൂഹമാധ്യമങ്ങളില്‍ ഉയര്‍ത്തിയിരുന്നു. ഇതോടെ ധാരാളം സാധാരണക്കാര്‍ ഈ പ്രശ്നവലയില്‍ വീണു. മോദിയുടെ ഗുജറാത്തില്‍ ഉദ്യോഗസ്ഥര്‍ ദളിത് വിരുദ്ധനിലപാടെടുക്കുന്നു എന്ന വരെ ചിലര്‍ എഴുതിവിട്ടു.
സെപ്തംബര്‍ 21ന് ഇന്ത്യന്‍ എക്സ്പ്രസില്‍ വന്ന വാര്‍ത്തയുടെ തലക്കെട്ട് തന്നെ ഇങ്ങിനെയാണ്. ‘ഗുജറാത്തില്‍ ഗ്രാമീണര്‍ ദളിതന്റെ റേഷന്‍ കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങുന്നില്ല, കളക്ടര്‍ ഇവിടുത്തെ എല്ലാ കാര്‍ഡുകളും തൊട്ടടുത്ത ഗ്രാമത്തിലേക്ക് മാറ്റി’. ഇതേക്കുറിച്ച് കൂടുതല്‍ അന്വേഷിച്ച് ജേണലിസ്റ്റുകളുടെ ഒരു സംഘം കണ്ടെത്തിയത് ഈ റേഷന്‍ കടയില്‍ മതിയായ ധാന്യമോ മറ്റ് സാധനങ്ങളോ ഇല്ലാത്തതിനാലാണ് ആളുകള്‍ ഈ റേഷന്‍ കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങാതിരുന്നത് എന്നാണ്. ഈ റേഷന്‍ കടയില്‍ മതിയായ സാധനങ്ങള്‍ എത്തുന്നില്ലെന്നും കോവിഡ് കാലത്ത് പോലും കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച അളവില്‍ സാധനങ്ങള്‍ ഈ റേഷന്‍ കടയില്‍ ഇല്ലെന്നും കാണിച്ച് ഗ്രാമീണര്‍ കളക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. അപ്പോള്‍ കടയുടമയായ കാന്തി പാര്‍മര്‍ ഗ്രാമീണറെ നിങ്ങള്‍ക്കെതിരെ പട്ടികജാതി-പട്ടികവര്‍ഗ്ഗ നിയമപ്രകാരം കേസ് നല്‍കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയായിരുന്നു. ഇത് പ്രകാരം റേഷന്‍ കടയുടമയായ ദളിത് വിഭാഗക്കാരനായ കാന്തി പാര്‍മര്‍ കേസ് കൊടുക്കുകയും ചെയ്തു. ഇതോടെ ഗ്രാമീണര്‍ ഈ റേഷന്‍ കടയില്‍ പോകാതായി.
റേഷന്‍ കടയില്‍ നിന്നും സാധാനങ്ങള്‍ കിട്ടാതിരിക്കുകയും അതിനെപ്പറ്റി പരാതി പറഞ്ഞപ്പോള്‍ റേഷന്‍ കടയുടമ ഗ്രാമീണറെ കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നുവെന്ന് ഗ്രാമത്തിലെ സര്‍പാഞ്ച് പറയുന്നു.
ഈ പ്രശ്നം പരിഹരിക്കാന്‍ പിന്നീട് കളക്ടര്‍ ഇടപെടുകയായിരുന്നു. കളക്ടറുടെ ഉത്തരവില്‍ ഗ്രാമീണര്‍ നല്കിയ പരാതിയെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്നുണ്ട്. ഗ്രാമത്തിലെ 268 ഗ്രാമവാസികളെയും വിളിച്ച് ജില്ലാ ഭരണകൂടം പരാതി കേട്ടിരുന്നു. 260 പേരും മറ്റൊരു റേഷന്‍ കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങാന്‍ അനുവദിക്കണമെന്ന് ആവശ്യമുന്നയിക്കുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് തൊട്ടടുത്ത ഗ്രാമമായ എന്‍ഡ് ല ഗ്രാമത്തില്‍ നിന്നും റേഷന്‍ വാങ്ങാന്‍ കളക്ടര്‍ അനുമതി നല്‍കിയത്.
റേഷന്‍ കടയുടമയും ഗ്രാമവാസികളും തമ്മില്‍ രണ്ട് വര്‍ഷമായി തുടരുന്ന തര്‍ക്കമായിരുന്നു ഇത്. ഇരുകൂട്ടരും അന്യോന്യം പൊലീസ് കേസ് നല്‍കുകയും ചെയ്തിരുന്നു. എപ്പോഴൊക്കെ ആവശ്യത്തിന് റേഷന്‍ കിട്ടാതായപ്പോള്‍ ഗ്രാമവാസികള്‍ ശബ്ദമുയര്‍ത്തിയോ അപ്പോഴൊക്കെ അവര്‍ക്കെതിരെ റേഷന്‍ കടയുടമ പട്ടികജാതി പട്ടികവര്‍ഗ്ഗ നിയമപ്രകാരം പൊലീസില്‍ കേസുകള്‍ നല്‍കുകയും ചെയ്തിരുന്നു. കളക്ടര്‍ ഇടപെട്ട് ഉചിതമായ നടപടി കൈക്കൊണ്ടതോടെ പ്രശ്നം വഷളാകാതെ അവസാനിച്ചു. ഇതാണ് ഇപ്പോള്‍ വളച്ചൊടിച്ച് ദളിത് -ബ്രഹ്മണ തര്‍ക്കമായി ഇന്ത്യന്‍ എക്സ് പ്രസ് പ്രസിദ്ധീകരിച്ചത്. ജാതി വിവേചനം മൂലമല്ല റേഷന്‍ കാര്‍ഡുകള്‍ മാറ്റിയതെന്ന് ഗുജറാത്ത് സര്‍ക്കാരും പ്രഖ്യാപിച്ചിരുന്നു. ഗുജറാത്ത് സര്‍ക്കാരിലെ ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പാണ് വിശദീകരണം നല്‍കിയത്. ഗ്രാമീണരുടെ പരാതിയെ തുടര്‍ന്ന് ഇവിടെ പരിശോധിച്ച റവന്യൂ ഉദ്യോഗസ്ഥന് കടയുടമ ഒളിപ്പിച്ച് വെച്ചിരിക്കുന്ന അരലക്ഷം രൂപയുടെ കള്ള സ്റ്റോക്ക് കണ്ടെത്തിയിരുന്നു. ക്രമക്കേടും കണ്ടെത്തിയിരുന്നു. ഈ വാര്‍ത്തയാണ് ഇന്ത്യന്‍ എക്സ്പ്രസിലെ ലേഖകന്‍ ജാതിവിവേചനമായി അവതരിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: