പാറശ്ശാാല: കേരള തമിഴ്നാട് അതിര്‍ത്തി പ്രദേശത്ത് അരി കടത്ത് സംഘങ്ങള്‍ സജീവം. തമിഴ്നാട്ടിലെ റേഷനരി പൊടിയായും അരിയായുമാണ് അതിര്‍ത്തി കടന്നെത്തുന്നത്. കാര്‍ഡൊന്നിന് ഒരു രൂപയ്ക്ക് 40 കിലോവരെ ലഭിക്കുന്ന റേഷനരിയാണ് അതിര്‍ത്തി കടന്ന് മുപ്പതും മുപ്പത്തഞ്ചും രൂപയ്ക്ക് കേരളത്തിലെത്തുന്നത്. ഇതിനായി ഇരുസംസ്ഥാനത്തും പ്രത്യേകം ഗോഡൗണുകളും പ്രവര്‍ത്തിക്കുന്നുണ്ട്.
ഒരാഴ്ചയ്ക്കിടെ പാറശ്ശാല അയിരയ്ക്ക് സമീപം വാഹനത്തില്‍ കടത്തുകയായിരുന്ന 15000 കിലോ അരിയും വെള്ളറട കത്തിപ്പാറയിലെ ഗോഡൗണില്‍ നിന്ന് 3500 കിലോ അരിയുമാണ് പിടികൂടിയത്. വിപണിയില്‍ അരിവില വര്‍ധിച്ചതോടെയാണ് അരികടത്തു സംഘങ്ങള്‍ സജീവമായത്. അതിര്‍ത്തിയിലൂടെ കരിഞ്ചന്ത സംഘങ്ങള്‍ നിര്‍ബാധം അരിയും അരിപ്പൊടിയും കടത്തുന്നുണ്ടെങ്കിലും അപൂര്‍വ്വമായാണ് പിടിക്കപ്പെടുന്നതെന്ന് നാട്ടുകാരും സാക്ഷ്യപ്പെടുത്തുന്നു.
ദേശീയ പാതയ്ക്ക് സമീപത്തെ ചെറു റോഡുുകളിലൂടെയും, തെക്കന്‍ മലയോര പ്രദേശത്തും തമിഴ്നാട്ടില്‍ നിന്നും അതിര്‍ത്തിയിലൂടെ റേഷനരി കടത്തുന്നത് തടയാന്‍ കാര്യമായ പരിശോധനകളില്ലെന്നാണ് ആക്ഷേപം. തമിഴ്നാട്ടില്‍ ഒരു റേഷന്‍ കാര്‍ഡുടമയ്ക്ക് നാല്‍പ്പതു കിലോ വരെ അരിയാണ് ഒരു രൂപ നിരക്കില്‍ മാസം തോറും ലഭിക്കുന്നത്. പദ്ധതി കൊണ്ട് ലക്ഷങ്ങള്‍ കൊയ്യുന്നത് തമിഴ്നാട്ടിലെയും കേരളത്തിലെയും കരിച്ചന്തക്കാരാണ്. അതിര്‍ത്തിയിലെ അനധികൃത അരി ഗോഡൗണുകള്‍ കേന്ദ്രീകരിച്ചാണ് തമിഴ്നാട് റേഷനരി അരിയായും പൊടിയായും അതിര്‍ത്തി കടന്ന് കേരളത്തിലെത്തുന്നത്. അരി കടത്ത് സംഘത്തിന് കേരളത്തിലും സുരക്ഷിതമായ താവളങ്ങളുണ്ട്.
പച്ചക്കറി, പലവ്യഞ്ജനങ്ങള്‍ എന്നിവ കൊണ്ടുവരുന്നതിന്റെ മറവിലും പതിവായി റേഷനരി കടത്തുന്നുണ്ടെന്നാണ് വിവരം. പരാതി ഉയരുമ്പോള്‍മാത്രം സിവില്‍ സപ്ലൈസ് വകുപ്പ് പരിശോധന നടത്തുന്നതല്ലാതെ അനധികൃത കടത്ത് തടയാന്‍ ശാശ്വത നടപടികളില്ല. അതിര്‍ത്തിയില്‍ പനച്ചമൂട്, കളിയിക്കാവിള, ഊരമ്പ് എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചു തമിഴ്നാട് അരി സ്റ്റോക്ക് ചെയ്യാനും പോളിഷ് ചെയ്യാനും ഗോഡൗണുകളും പ്രവര്‍ത്തിക്കുന്നുണ്ട്.
അതിര്‍ത്തിവഴി എത്തിക്കുന്ന അരി ഇവിടെയെത്തിച്ചു പോളിഷ് ചെയ്തു ബ്രാന്‍ഡുകളിലാക്കി സംസ്ഥാനത്തെ വിവിധയിടങ്ങളിലെ വിപണിയിലെത്തിക്കുന്നതാണു മറ്റൊരു രീതി. തമിഴ്നാട്ടില്‍ നിന്നു വാങ്ങുന്ന അരി പോളിഷ് ചെയ്തു കേരള ബ്രാന്‍ഡിലേക്കു മാറുമ്പോള്‍ 30-35 രൂപ വരെ വിലയ്ക്കാണ് വിറ്റുപോവുന്നത്. ഇതിലൂടെ വന്‍ ലാഭം ഇടനിലക്കാരിലേക്കും അനധികൃത കടത്തുകാരിലേക്കും എത്തുന്നുണ്ട്. അതിര്‍ത്തി പ്രദേശത്തെ വെള്ളറട ആറാട്ടുകുഴിയില്‍ തമിഴ്നാട്ടില്‍നിന്ന് സംസ്ഥാനത്തേക്കെത്തിച്ച 7,000 കിലോ റേഷനരി സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥരും വെള്ളറട പോലീസും ചേര്‍ന്ന് മാസങ്ങള്‍ക്ക് മുന്‍പ് പിടികൂടിയിരുന്നു.
കഴിഞ്ഞ ദിവസമാണ് വെള്ളറടയ്ക്ക് സമീപം സ്വകാര്യ ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന 3500 കിലോ റേഷന്‍ അരി പിടികൂടിയത്. താലൂക്ക് സപ്ലൈ ഓഫീസര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു റെയ്ഡും അരി പിടിച്ചെടുക്കലും നടന്നത്. ഇന്നലെ കത്തിപ്പാറ ക്ഷീര സംഘത്തിന് സമീപത്തെ രഹസ്യ ഗോഡൗണില്‍ നിന്നാണ് അരി ശേഖരം പിടികൂടിയത്. വിജിലന്‍സ് ഓഫീസര്‍ അനിദത്ത്, ജില്ലാ സപ്ലൈ ഓഫീസര്‍ അജിത് കുമാര്‍, നെയ്യാറ്റിന്‍കര താലൂക്ക് സപ്ലൈ ഓഫീസര്‍ പ്രവീണ്‍കുമാര്‍, ഓഫീസര്‍മാരായ ബൈജു, ലീലാ ഭദ്രന്, ബിജു, റേഷനിങ് ഇന്‍സ്പെക്ടര്‍മാരായ ബിന്ദു,ഗിരീഷ് ചന്ദ്രന്, രാജേഷ്, രശ്മി, ഷിബു ജയചന്ദ്രന് എന്നിവരടങ്ങുന്ന സംഘമാണ് അരി ശേഖരം പിടികൂടിയത്.
പിടിച്ചെടുത്ത അരി അമരവിള ഗോഡൗണിലേക്ക് മാറ്റുമെന്ന് വിജിലന്‍സ് ഓഫീസര്‍ അനി ദത്തു പറഞ്ഞു. സമാനരീതിയില്‍ പനച്ചമൂട്, കന്നുമാമൂട് എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചും തമിഴ്നാട്ടില്‍നിന്ന് റേഷനരി കടത്തുന്ന സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് വിവരം. അരിക്കടത്ത് സംഘങ്ങള്‍ തമ്മില്‍ സംഘട്ടനത്തിലേര്‍പ്പെടുന്നതും പതിവാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: