ഒട്ടാവ: തെളിവില്ലാത്ത ആരോപണമുന്നയിച്ച് ഭാരതവുമായുള്ള ബന്ധം തകര്‍ത്ത പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോയെ കനേഡിയന്‍ പാര്‍ലമെന്റില്‍ പ്രതിപക്ഷം നിര്‍ത്തിപ്പൊരിച്ചു. ഏഷ്യയിലെ ഉയര്‍ന്നുവരുന്ന വന്‍ശക്തിയും ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യവുമായ ഭാരതവുമായുള്ള ബന്ധം ട്രൂഡോയുടെ വാക്കുകള്‍, ഗുരുതരമായി തകര്‍ത്തതായി മുന്‍ പ്രതിപക്ഷ നേതാവ് ആന്‍ഡ്രൂ ചില് പറഞ്ഞു. പ്രധാനമന്ത്രി ഭാരതത്തിനെതിരേ ഉന്നയിച്ച ഗൂഢാലോചനാ സിദ്ധാന്തത്തിന് എന്തെങ്കിലും തെളിവു കൊടുക്കണം, പ്രതിപക്ഷാംഗങ്ങളുടെ കൈയടികള്‍ക്കിടെ ചില് തുറന്നടിച്ചു.
ഇതിനു മറുപടിയായി പ്രതിരോധ മന്ത്രി ബില്‍ ബ്ലെയര്‍, ഭാരതവുമായി നല്ല ബന്ധമാണ് കാനഡ ആഗ്രഹിക്കുന്നതെന്നും ഭാരതവുമായുള്ള ബന്ധം സുപ്രധാനം ആണെന്നും പറഞ്ഞു. കനേഡിയന്‍ പൗരനായ നിജ്ജറിന്റെ കൊലപാതകത്തില്‍ അന്വേഷണം പുരോഗമിക്കുന്നെന്നും ചൂണ്ടിക്കാട്ടി.
അതിനിടെ, അമേരിക്ക ഇക്കാര്യത്തിലെടുത്ത നിലപാടില്‍ ഭാരതം അതൃപ്തി അറിയിച്ചിട്ടുണ്ട്. നിലപാട് കൃത്യമായി ബോധ്യപ്പെടുത്താന്‍ അവരുമായി വിപുലമായ ചര്‍ച്ചയ്ക്കൊരുങ്ങുകയാണ് വിദേശകാര്യ മന്ത്രാലയം. ആരോപണമുന്നയിക്കുന്നതല്ലാതെ ട്രൂഡോ ഭാരതത്തിനു തെളിവ് കൈമാറിയിട്ടില്ല.
വിഷയം തങ്ങളെ ഗുരുതരമായി ബാധിക്കുമെന്ന് കാനഡയ്ക്കും ബോധ്യപ്പെട്ടു കഴിഞ്ഞു. ഈ സാഹചര്യത്തില്‍ കാര്യങ്ങള്‍ തണുപ്പിക്കാനുള്ള ശ്രമങ്ങളും കാനഡ തുടങ്ങി. ഇന്നലെ പാര്‍ലമെന്റിലെ പ്രതിരോധ മന്ത്രിയുടെ പ്രസംഗം ഇതിന്റെ സൂചനയാണ്. ഭാരതത്തില്‍ നിന്ന് ലക്ഷക്കണക്കിനു വിദ്യാര്‍ഥികളാണ് കാനഡയിലേക്കു വര്‍ഷംതോറുമെത്തുന്നത്. ഇതുവഴി പ്രതിവര്‍ഷം കോടാനു കോടികളാണ് അവിടേക്ക് ഒഴുകുന്നതും. പഞ്ചാബില്‍ നിന്ന് കാനഡയിലെത്തുന്ന വിദ്യാര്‍ഥികള്‍ പ്രതിവര്‍ഷം 68,000 കോടി രൂപ അവിടേക്ക് അയയ്ക്കുന്നുണ്ട്. സിഖ് വോക്സ് എന്ന ഗവേഷണ സ്ഥാപനം ഈയിടെ പുറത്തുവിട്ടതാണിത്. ഇത് പഞ്ചാബില്‍ നിന്നു മാത്രമുള്ള തുകയാണ്. അവിടെ നിന്ന് ഒന്നര ലക്ഷത്തോളം വിദ്യാര്‍ഥികള്‍ വര്‍ഷവും കാനഡയിലെത്തുന്നു.
അതേ സമയം, ഖാലിസ്ഥാന്‍ ഭീകരര്‍ക്കെതിരായ കടുത്ത നടപടികളുടെ ഭാഗമായി അവരുടെ ഓവര്‍സീസ് സിറ്റിസണ്‍ഷിപ്പ് ഓഫ് ഇന്ത്യ (ഒസിഐ) കാര്‍ഡുകള്‍ റദ്ദാക്കാന്‍ കേന്ദ്രം ശ്രമങ്ങളാരംഭിച്ചു. കാനഡ, അമേരിക്ക, ഓസ്ട്രേലിയ, ബ്രിട്ടന് എന്നിവിടങ്ങളിലെ ഖാലിസ്ഥാന്‍ തീവ്രവാദികളെ തിരിച്ചറിയാനും അവരുടെ ഒസിഐ കാര്‍ഡുകള്‍ റദ്ദാക്കാനുമാണ് നീക്കം. കാര്‍ഡുകള്‍ റദ്ദാക്കിയാല്‍ ഈ ഭീകരര്‍ക്ക് ഭാരതത്തിലേക്കു വരാനാകില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: