ന്യൂദല്‍ഹി: സുപ്രീംകോടതിയില്‍ ആംഗ്യഭാഷയില്‍ കേസ് വാദിച്ച് ബധിരയും മൂകയുമായ അഭിഭാഷക. അതുവഴി കോടതിമുറിയില്‍ രചിക്കപ്പെട്ടത് പുതിയ ചരിത്രം. ഭിന്നശേഷിക്കാര്‍ക്കും അഭിഭാഷകരാകാമെന്നും കേസ് വാദിക്കാമെന്നുമുള്ള സ്ഥിതി വിശേഷമാണ് ഇതിലൂടെ യാഥാര്‍ത്ഥ്യമായത്. ബെംഗളൂരില്‍ നിന്നുള്ള ബധിരയും മൂകയുമായ സാറാ സണ്ണി എന്ന അഭിഭാഷകയാണ് സുപ്രീംകോടതിയില്‍ കേസ് വാദിച്ച് ചരിത്രം സൃഷ്ടിച്ചത്. കോട്ടയമാണ് സാറാ സണ്ണിയുടെ ജന്മദേശം.
ദ്വിഭാഷി മുഖേനയാണ് സാറാ സണ്ണി കേസ് വാദിച്ചത്. ആദ്യം കൺട്രോൾ റൂം സ്‌ക്രീൻ സ്പേസ് നൽകാൻ വിസമ്മതിച്ചെങ്കിലും അവര്‍ക്ക് സ്ക്രീന്‍ സ്പേസ് നല്‍കാന്‍ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് നിര്‍ദേശിക്കുകയായിരുന്നു. ആംഗ്യഭാഷയില്‍ അഭിഭാഷക സാറാ സണ്ണി അവതരിപ്പിച്ച വാദമുഖങ്ങള്‍ ദ്വിഭാഷിയായ സൗരഭ് റോയ് ചൗധരിയാണ് വാക്കുകളിലൂടെ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന് മുമ്പാകെ അവതരിപ്പിച്ചത്.
ഭിന്നശേഷിക്കാർ കോടതിയിൽ വരുമ്പോൾ അവർ നേരിടുന്ന വെല്ലുവിളികൾ മനസ്സിലാക്കുന്നതിനായി സുപ്രീം കോടതി സമുച്ചയം വിശദമായ ഓഡിറ്റിന് വിധേയമാക്കണമെന്ന് ചീഫ് ജസ്റ്റിസ് കഴിഞ്ഞ വർഷം ഉത്തരവിട്ടിരുന്നു. ഭിന്നശേഷിക്കാർ നേരിടുന്ന ബുദ്ധിമുട്ടുകൾ മനസിലാക്കുക എന്ന ലക്ഷ്യത്തോടെ ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് കഴിഞ്ഞ വർഷമാണ് ഭിന്നശേഷിക്കാരുടെ സുപ്രീംകോടതിയിലേക്കുള്ള പ്രവേശനക്ഷമത സംബന്ധിച്ച് പഠിക്കാന്‍ സുപ്രീം കോടതി കമ്മിറ്റിക്ക് രൂപം നൽകിയത്.
ഭിന്നശേഷിക്കാരായ രണ്ട് പെൺകുട്ടികളുടെ വളർത്തു പിതാവ് കൂടിയാണ് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ്. ഈ വർഷമാദ്യം, ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് തന്റെ ജോലിസ്ഥലത്ത് ഭിന്നശേഷിക്കാരായ തന്റെ രണ്ട് പെൺമക്കളെയും കൊണ്ടുവന്നിരുന്നു. കോടതി എങ്ങനെ പ്രവർത്തിക്കുന്നുവെന്നും അവിടെ എന്താണ് നടക്കുന്നതെന്നും അദ്ദേഹം തന്റെ പെൺമക്കൾക്ക് വിശദീകരിച്ചിരുന്നു. .
പ്രതികരിക്കാൻ ഇവിടെ എഴുതുക: